Connect with us

Kerala

പൂട്ടിക്കിടന്ന പള്ളിയില്‍ ജുമുഅ നിര്‍വഹിക്കാനെത്തിയ മുജാഹിദുകളെ പോലീസ് തടഞ്ഞു

Published

|

Last Updated

തിരൂരങ്ങാടി: മൗലവി വിഭാഗം മുജാഹിദിലെ ഇരുഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിക്കിടന്ന തിരൂരങ്ങാടിയിലെ സലഫി മസ്ജിദില്‍ ജുമുഅ നിസ്‌കരിക്കാനെത്തിയ ജിന്ന് വിഭാഗത്തെ പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് ഇവര്‍ പള്ളിക്ക് സമീപം പറമ്പില്‍വെച്ച് ജുമുഅ നിസ്‌കരിച്ചു.
മൗലവി വിഭാഗം മുജാഹിദിലെ ഔദ്യോഗിക വിഭാഗവും ജിന്ന് വിഭാഗവും തമ്മിലുള്ള തര്‍ക്കം കാരണമാണ് പള്ളി പൂട്ടിയിരുന്നത്. എന്നാല്‍ പള്ളി തുറക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്ന് കാണിച്ചാണ് ഇവര്‍ എത്തിയത്. എന്നാല്‍ ആര്‍ ഡി ഒയോ തഹസില്‍ദാറോ സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്ന് പോലീസ് ഇവരെ തടയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ സമീപത്തെ പറമ്പില്‍വെച്ച് ജുമുഅ നിസ്‌കരിച്ചത്. ശക്തമായ പോലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇരുവിഭാഗവും തമ്മിലുള്ള അവകാശ തര്‍ക്കത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് പള്ളി പൂട്ടിയത്. അന്ന് ഇരുവിഭാഗവും റോഡിന്റെ ഇരുവശങ്ങളിലായി പ്രത്യേകമായി ജുമുഅ നിസ്‌കരിച്ചിരുന്നു.
ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. ഇരു വിഭാഗം തമ്മിലുള്ള അടിപിടിയുടെ പേരിലും കേസ് നിലവിലുണ്ട്. എന്നാല്‍ പള്ളി തുറക്കാന്‍ ആര്‍ഡി ഒ, തഹസില്‍ദാര്‍ എന്നിവരെ കോടതി ചുമതലപ്പെടുത്തിയിട്ടും ഉത്തരവാദപ്പെട്ടവര്‍ യഥാസമയം പള്ളിതുറന്ന് കൊടുക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് ജിന്ന് വിഭാഗം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Latest