Connect with us

Malappuram

ഉമൈബ വധക്കേസ് വിചാരണ നാളെ

Published

|

Last Updated

മഞ്ചേരി: ഉമൈബ വധക്കേസ് വിചാരണ നാളെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. കൊളത്തൂര്‍ സ്റ്റേഷന്‍ പരിധിയിലെ മൂര്‍ക്കനാട് വെള്ളാട്ടുപറമ്പ് പൊട്ടംചോല അങ്കണ്‍വാടിക്കു സമീപം 2009 മെയ് 16ന് രാത്രി 8.30നായിരുന്നു കൊലപാതകം.
മൂര്‍ക്കനാട് വെള്ളാട്ടുപറമ്പ് പൊന്നച്ചെത്തിയാര്‍ പോക്കറുടെ മകള്‍ ഉമൈബ (22)യാണ് കൊല്ലപ്പെട്ടത്. വളാഞ്ചേരി എടയൂര്‍ സിറാജുദ്ദീന്‍ എന്ന കുഞ്ഞുമോനാ(35)ണ് പ്രതി. പ്രതിക്കു ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
വിവാഹമോചിതയായി ഉമൈബയുമായി സിറാജുദ്ദീന്‍ സ്‌നേഹം നടിക്കുകയും മൊബൈല്‍ ഫോണില്‍ ഇടക്കിടെ ബന്ധപ്പെടുകയുമുണ്ടായി. കല്ല്‌കൊണ്ടുപോകുന്ന വണ്ടിയില്‍ ജീവനക്കാരനായിരുന്നു സിറാജുദ്ദീന്‍. ഉമൈബയുടെ ആഭരണങ്ങളിലായിരുന്നു താത്പര്യം.
നമുക്ക് ദൂരെയെവിടെയെങ്കിലും പോയി വിവാഹം ചെയ്തു ജീവിക്കാമെന്നു വിശ്വസിപ്പിച്ച് കാട്ടുകുന്ന് റോഡില്‍ പൊട്ടചോല അങ്കാണ്‍വാടിക്കു സമീപത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
സ്ഥലത്തെത്തിയ ഉമൈബയെ കറുത്ത ഷാള്‍ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നാടുവിടാനായി കരുതിവെച്ച വസ്ത്രങ്ങള്‍, 126 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍, പ്ലാസ്റ്റിക് ബാഗില്‍ കരുതിയിരുന്ന പൗഡര്‍, കണ്‍മഷി, ചീര്‍പ്പ് തുടങ്ങിയ 38 ഇനം തൊണ്ടി മുതലുകള്‍ പ്രതിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു.
പെരിന്തല്‍മണ്ണ സി ഐ ഷാജു കെ എബ്‌റഹാമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ 50 സാക്ഷികളുണ്ട്. ജഡ്ജി കെ സുഭദ്രാമ്മ മുമ്പാകെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ കെ യൂനുസ് സലീം നാളെ കേസിന്റെ വിസ്താരം ആരംഭിക്കും. പ്രതിക്കു വേണ്ടി ഡ്വ. സി ശ്രീധരന്‍ നായര്‍ ഹാജരാകും.

 

Latest