Connect with us

Editorial

ചാരക്കേസും കോടതി നിരീക്ഷണവും

Published

|

Last Updated

ഐ എസ് ആര്‍ ഒ ചാരക്കേസ് ചാരമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കോടതിയില്‍ തിരിച്ചടി നേരിട്ടിരിക്കയാണ്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് സി ബി ഐ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി കേസ് കെട്ടിച്ചമച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നത് നിയമവാഴ്ചക്ക് ചേര്‍ന്നതല്ലെന്ന് സര്‍ക്കാറിനെ ഓര്‍മപ്പെടുത്തുകയുമുണ്ടായി. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി മൂന്ന് മാസത്തികം സ്വീകരിക്കണമെന്നും അത് നിയമ വ്യവസ്ഥയെ പ്രഹസനമാക്കുന്ന തരത്തില്‍ നാമമാത്രമാകരുതെന്നും നിയമപീഠം ആവശ്യപ്പടുന്നു.
രാജ്യത്തെയാകമാനം ഞെട്ടിക്കുകയും തൊണ്ണൂറുകളില്‍ കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത സംഭവമാണ് ഐ എസ് ആര്‍ ഒ ചാരക്കഥ. മാലി സ്വദേശിനികളായ മര്‍യം റശീദയും ഫൗസിയ ഹസനും ഐ എസ് ആര്‍ ഒയിലെ ഉദ്യോഗസ്ഥരായ നമ്പി നാരായണന്റെയും ശശികുമാറിന്റെയും സഹായത്തോടെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ വിവരങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നായിരുന്നു ആരോപണം. തുടക്കത്തില്‍ കേസ് അന്വേഷിച്ച മുന്‍ എ ഡി ജി പി. സിബി മാത്യൂസ്, ഡി വൈ എസ് പി. കെ കെ ജോഷ്വ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. പിന്നീട് നടന്ന സി ബി ഐ അന്വേഷണത്തില്‍ ഇത് കെട്ടുകഥയാണെന്ന് കണ്ടെത്തി. ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകളും നിയമവിരുദ്ധ നടപടികളും ഉണ്ടായതായി വിലയിരുത്തിയ സി ബി ഐ അവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഡി ജി പിയെക്കൊണ്ട് പേരിനൊരു അന്വേഷണം നടത്തിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവരെ കുറ്റവിമുക്തരാക്കി നിയമ നടപടികള്‍ ഒഴിവാക്കി ഉത്തരവിറക്കുകയുമാണുണ്ടായത്. പോലീസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള വ്യഗ്രതയില്‍ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണനും സഹപ്രവര്‍ത്തകരും അനുഭവിച്ച അപമാനവും പീഡനങ്ങളും വിസ്മരിക്കപ്പെട്ടു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് മികച്ച സംഭാവനകള്‍ അര്‍പ്പിച്ചയാളാണ് നമ്പി നാരായണന്‍. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ വിജയിച്ചപ്പോള്‍ അദ്ദേഹം നീതിക്ക് വേണ്ടി അലയുകയായിരുന്നുവെന്നും ഇരകളോട് നീതി പുലര്‍ത്താത്ത സര്‍ക്കാര്‍ നടപടി ജുഡീഷ്യല്‍ സംവിധാനത്തെ തന്നെ പ്രഹസനമാക്കിയതായും കോടതി കുറ്റപ്പെടുത്തിയിട്ടുണ്ട്. പോലീസുകാര്‍ ഉള്‍പ്പെട്ട അതിക്രമങ്ങള്‍ സംസ്ഥാനത്ത് ഗണ്യമായി വര്‍ധിച്ചുവരവെ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഉപേക്ഷിച്ചത് നയപരമല്ലെന്നും കോടതി വിലയിരുത്തുന്നു.
മുന്‍ മുഖ്യമന്ത്രി കെ കരുണാകന്റെ രാജിക്ക് വഴിയൊരുക്കിയ ചാരക്കേസിന് കോണ്‍ഗ്രിലെ ഗ്രൂപ്പ് വഴക്കുമായി ബന്ധപ്പെട്ട രാഷ്ട്രീയ മാനം കൂടിയുണ്ട്. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് യുദ്ധം രൂക്ഷമായിരുന്ന ഘട്ടത്തിലാണ് ചാരക്കേസ് ഉയര്‍ന്നുവരുന്നത്. അന്ന് ഐ ഗ്രൂപ്പിനെതിരായുള്ള ആയുധമായി എ ഗ്രൂപ്പ് ഇതിനെ ഉപയോഗപ്പെടുത്തി. ആരോപണം ആളിക്കത്തിക്കുന്നതില്‍ ഗ്രൂപ്പ് പോരിന് ചെറുതല്ലാത്ത പങ്കുണ്ട്. അന്വേഷണോദ്യോഗസ്ഥര്‍ ആരോപണത്തില്‍ കഴമ്പ് കണ്ടെത്തിയതും ഗ്രൂപ്പ് വഴക്കും തമ്മില്‍ ബന്ധമുണ്ടെന്ന് സന്ദേഹിക്കുന്നവരുമുണ്ട്. സി ബി ഐ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുന്നതിന് സര്‍ക്കാര്‍ നിലപാട് സഹായകമാകുമ്പോള്‍ അവരുടെ സന്ദേഹത്തിന് ബലമേറുകയാണ്.
കുറ്റാരോപിതരായ പോലീസുദ്യോഗസ്ഥര്‍ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുപയോഗിച്ചു രക്ഷപ്പെടുന്നതാണ് പോലീസ് അതിക്രമങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. വേലി തന്നെ വിള തിന്നുന്ന ഈ സ്ഥിതി വിശേഷം ജനങ്ങളില്‍ നിയമവാഴ്ചയിലുള്ള വിശ്വാസം കുറയാനും അരാജകത്വ ചിന്ത വളരാനും വഴിയൊരുക്കും. ഈ സാഹചര്യത്തില്‍ പോാലീസ് ഉദ്യോഗസ്ഥരുടെ ക്രിമിനല്‍ ഗൂഢാലോചനയുടെ ഫലമായി ഉയര്‍ന്നുവന്നതാണ് ചാരക്കേസെന്ന നമ്പി നാരായണന്റെ ആരോപണത്തിന് അടിവരയിടുന്ന സി ബി ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ചു സത്യസന്ധമായ അന്വഷണം അനിവാര്യമാണ്. കോടതി ഉണര്‍ത്തിയ പോലെ അന്വേഷണം ഒരു വഴിപാടാകരുത്. ഉദ്യോഗസ്ഥര്‍ നിരപരാധികളെങ്കില്‍ കോടതിയുടെയും ജനങ്ങളുടെയും സന്ദേഹം നീങ്ങുന്ന മാര്‍ഗേണ അവര്‍ അത് ബോധ്യപ്പെടുത്തട്ടെ.