Connect with us

Gulf

ചൊവ്വ പര്യവേക്ഷണം;രാജ്യത്തിന്റെ അഭിമാന കര്‍മം-ശൈഖ് മുഹമ്മദ്

Published

|

Last Updated

ദുബൈ: അറബ് രാജ്യത്തു നിന്നു ആദ്യ ചൊവ്വാ പര്യവേക്ഷണ രാജ്യമാവാന്‍ യു എ ഇ ഒരുങ്ങുന്നത് അഭിമാനകരമായ കാര്യമാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. തനിക്കിത്്് അഭിമാനകരമായ ദിവസമാണെന്ന ആമുഖത്തോടെയാണ് ട്വിറ്ററില്‍ ഇതേക്കുറിച്ചുള്ള വാര്‍ത്ത ശൈഖ് മുഹമ്മദ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതൊരു ദേശീയ ദൗത്യമാണ്. അറബികളുടെ അഭിമാന സ്തംഭമാവാന്‍ ഇതിന് സാധിക്കും.
അറബ് രാജ്യങ്ങളുടെ യശസ് ഉയര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മേഖലയിലെ മറ്റ് അറബ് രാജ്യങ്ങളും പങ്കാളിയാവേണ്ടതാണ്. ഇത്തരം ഒരു പേടകം ഉണ്ടാക്കുന്നതിന്റെയും വിക്ഷേപിക്കുന്നതിന്റെയുമെല്ലാം പൂര്‍ണ ഉത്തരവാദിത്വം യു എ ഇ സ്‌പെയ്‌സ് ഏജന്‍സിക്കാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. മേഖലയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും യു എ ഇ ക്രിയാത്മകമായി ചിന്തിക്കുന്നുവെന്ന സന്ദേശമാണ് സ്‌പെയ്‌സ്ഷിപ് അയക്കുന്നതിലൂടെ ലോകത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു. നമ്മുടെ മേഖലയെ സംസ്‌കാരത്തിന്റെ ഈറ്റില്ലമാക്കി തീര്‍ക്കാനാണ് യു എ ഇ പരിശ്രമിക്കുന്നത്. പുതിയ മേഖലകള്‍ കണ്ടെത്താനും അവിടെ സംസ്‌കാരം കെട്ടിപ്പടുക്കാനുമാണ് യു എ ഇ പ്രയത്‌നിക്കുന്നതന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ചൊവ്വയിലേക്ക് ആളില്ലാ പേടകം അയക്കുമെന്ന് 2014 ജനുവരിയില്‍ യു എ ഇ പ്രഖ്യാപിച്ചിരുന്നു. രാജ്യം 50-ാം വാര്‍ഷികം ആഘോഷിക്കുന്ന 2021 ല്‍ പേടകം അയക്കാനാണ് യു എ ഇയിലെ ശാസ്ത്രജ്ഞര്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇതിനുവേണ്ട ഗവേഷണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാജ്യത്തെ ബഹിരാകാശ ഗവേഷണ വിഭാഗം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ചൊവ്വ പര്യവേക്ഷണത്തില്‍ പങ്കാളിയാവുന്നതിന്റെ ഭാഗമായി 2021ല്‍ സ്‌പെയ്‌സ്ഷിപ് അയക്കുമെന്നും അളില്ലാ സ്‌പെയ്‌സ്ഷിപാണ് അയക്കുകയെന്നും കഴിഞ്ഞ ജൂലൈയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ പുതിയ യു എ ഇ സ്‌പെയ്‌സ് ഏജന്‍സിക്ക് രൂപം നല്‍കുമെന്നും അന്ന് വിശദീകരിച്ചിരുന്നു. ലോക രാജ്യങ്ങള്‍ക്കിടയില്‍ നിന്ന് ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് ചൊവ്വ പര്യവേക്ഷണത്തിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്.
ആറു കോടി കിലോമീറ്ററാണ് ഭൂമിയില്‍ നിന്നു ചൊവ്വയിലേക്കുള്ള ദൂരം. യു എ ഇ പര്യവേക്ഷണത്തില്‍ പങ്കാളികളാവുന്നതോടെ ഇസ്‌ലാമിക ലോകത്തു നിന്നുള്ള പ്രഥമ ചൊവ്വ പര്യവേക്ഷണ രാജ്യമായും യു എ ഇ മാറും. ശാസ്ത്ര-സാങ്കേതിക രംഗത്ത് പുതിയ സംഭവാനകള്‍ നല്‍കാന്‍ രാജ്യം പര്യാപ്തമാണെന്നു ലോകത്തെ ബോധ്യപ്പെടുത്താനാണ് ഇത്തരം ഒരു ഉദ്യമമെന്നു യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യോമയാന രംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും തദ്ദേശീയമായ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കാനാണ് യു എ ഇ പരിശ്രമിക്കുന്നത്.

---- facebook comment plugin here -----