Connect with us

Gulf

കാണാതായ കുട്ടിയെ കണ്ടെത്തി

Published

|

Last Updated

ഷാര്‍ജ: താമസസ്ഥലത്ത് നിന്ന് കാണാതായ മലയാളി ബാലികയെ മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി. എറണാകുളം സ്വദേശി ശ്യാംലാല്‍-വിനീത ദമ്പതികളുടെ മകള്‍ മാളവിക(എട്ട്)യെയാണ് റോളയിലെ ജോയ് ആലുക്കാസ് സെന്ററിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയത്. റോള അല്‍ മുസല്ലയിലെ അല്‍ അമല്‍ യൂസുഫ് കെട്ടിടത്തിലായിരുന്നു താമസം. വഴിതെറ്റിയെത്തിയ കുട്ടിയെ രാത്രി പത്തോടെ സുരക്ഷിതമായി പോലീസ് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചര മുതല്‍ മകളെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തി. റാസല്‍ ഖൈമയില്‍ ജോലി ചെയ്യുന്ന പിതാവ് ശ്യാംലാല്‍ ഇന്നലെ ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി ഇളയകുട്ടിയോടൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു മാളവിക ഫ്‌ളാറ്റില്‍ നിന്നിറങ്ങിപ്പോയത്. ഷാര്‍ജയിലെ ഒരു സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യയായ ഭാര്യ വിനീത അഞ്ചരയോടെ രണ്ടാമത്തെ ഷിഫ്റ്റിനായി പോയ ശേഷം മാളവികയും വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. അല്‍പനേരത്തിന് ശേഷം കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ സ്ഥലത്തെത്തി വിളിച്ചുണര്‍ത്തിയപ്പോഴാണ് ശ്യാംലാലിന് മകളെ കാണാനില്ലെന്ന കാര്യം മനസിലായത്. പരിസരങ്ങളിലൊക്കെ സുഹൃത്തുക്കളും കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടി അഞ്ചരയ്ക്ക് കെട്ടിടത്തില്‍ നിന്നിറങ്ങുന്നതും തൊട്ടടുത്തെ മാര്‍ക്കറ്റിലേയ്ക്ക് പ്രവേശിക്കുന്നതും കെട്ടിടടത്തിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. അവിടെ നിന്ന് റോഡിന് കുറുകെ കടക്കുന്നതും അല്‍ മജ്‌ലിസ് റസ്റ്റന്റിനടുത്തു കൂടി നടന്നുപോകുന്നതും ആറോടെ റോള മാര്‍ക്കറ്റിലേയ്ക്ക് പ്രവേശിക്കുന്നതും മറ്റു കെട്ടിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും മനസിലായി. ഷാര്‍ജ ഔവര്‍ ഓണ്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മാളവിക.

 

Latest