Connect with us

Gulf

സമൂഹ മാധ്യമങ്ങളിലെ വ്യാജന്മാര്‍ക്കെതിരെ നടപടി വരും

Published

|

Last Updated

ദുബൈ: വ്യാജ വിലാസമുണ്ടാക്കി സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ദുബൈ പോലീസിന്റെ താക്കീത്.
പ്രശസ്തരായ വ്യക്തികളുടെയോ സാധാരണക്കാരുടെയോ പേരില്‍ വ്യാജ വ്യക്തിവിവരണമുണ്ടാക്കി ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് പരാതി ലഭിച്ചാല്‍ പോലീസ് കേസെടുക്കുമെന്ന് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മുസീന പറഞ്ഞു. വ്യാജ പ്രൊഫൈലിലുള്ളവര്‍ അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും പോലീസിനു പരാതികിട്ടിയാല്‍ നിയമനടപടിയുണ്ടാകും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ 24 മണിക്കൂറും പോലീസ് ജാഗ്രതയിലാണെന്ന് അല്‍ മുസയ്‌ന ഓര്‍മിപ്പിച്ചു.
വ്യാജന്റെ വിലാസം, പ്രസിന്ധപ്പെടുത്തിയ ചിത്രം, വിശദാംശങ്ങള്‍ എന്നിവ സൈബര്‍ സെല്‍ പരിശോധിക്കും. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ സ്വയം സ്വീകരിച്ച പേരിലെ സമാനത മാത്രമല്ല നടപടികള്‍ക്കു വിധേയമാക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജനങ്ങള്‍ക്കു പ്രയാസമുണ്ടാക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെയും ഫോട്ടോകളെയും സംബന്ധിച്ച ഗുരതരമായ പരാതികളൊന്നും ഇതുവരെ പോലീസിനു ലഭിച്ചിട്ടില്ല. ഇത്തരം പരാതികള്‍ അന്വേഷിക്കാന്‍ വിദഗ്ധരടങ്ങിയ സാങ്കേതിക, സൈബര്‍ സംവിധാനം പോലീസിനുണ്ട്. ആരാണു പ്രസിദ്ധപ്പെടുത്തിയതെന്നും ഏതു കംപ്യൂട്ടറില്‍ നിന്നാണു ഇതു സാമൂഹിക മാധ്യമങ്ങളിലെത്തിയതെന്നും കണ്ടെത്താന്‍ പോലീസിന്റെ ഇ-സംവിധാനത്തിലൂടെ സാധിക്കും.
സ്‌കൈപ് ആപ്പ് വഴി ബ്ലാക്‌മെയില്‍ കുറ്റകൃതൃങ്ങളില്‍ വ്യാപൃതരാകുന്നവര്‍ കൂടുതലും രാജ്യത്തിനു പുറത്തുള്ളവരാണ്. രാജ്യാന്തര സൈബര്‍ സംവിധാനങ്ങളുമായി സഹകരിച്ചാണു ഇത്തരം കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതെന്ന് ദുബൈ പോലീസ് മേധാവി വ്യക്തമാക്കി.

 

Latest