Connect with us

National

വിനോദ സഞ്ചാര കേന്ദ്രങ്ങളെ അല്‍ ഖാഇദ ലക്ഷ്യം വെക്കുന്നു: എന്‍ എസ് ജി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്നുവെന്ന് എന്‍ എസ് ജി ഡയറക്ടര്‍ ജനറല്‍ ജയന്ത് ചൗധരി. അല്‍ ഖാഇദയോ ഇസിലോ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കാന്‍ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവയും ബംഗളൂരും അടക്കമുള്ള നഗരങ്ങളില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബുധനാഴ്ച കരസേനയും ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗോവയിലും ബംഗളൂരുവിലും ചുവടുറപ്പിക്കുന്നതിന് അല്‍ ഖാഇദ ശ്രമിക്കുന്നുണ്ട്. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ രൂപവത്കരണത്തിനായി ഇറാഖിലും സിറിയയിലും ആയിരങ്ങളെ കൊന്നൊടുക്കിയിരുന്നു. ഇതിനായി കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാഖില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നൂറിലധികം വരുന്ന ഇന്ത്യക്കാര്‍ ഐ എസില്‍ ചേര്‍ന്നതായാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.
എന്നാല്‍ അല്‍ ഖാഇദയോ ഐ എസ് തീവ്രവാദികളോ ആക്രമണം നടത്തിയാല്‍ നേരിടാന്‍ ഇന്ത്യ തയാറാണ്. ഇന്ത്യയിലെ ഒന്നിലധികം നഗരങ്ങളില്‍ ഇരു വിഭാഗങ്ങളും ആക്രമണം നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നതിന് അല്‍ ഖാഇദ ശ്രമിക്കുന്നത് ആദ്യമായല്ല. അതിനുള്ള ശ്രമങ്ങള്‍ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്യിബ എന്നീ സംഘടനകളുമായി ചേര്‍ന്ന് നടത്താന്‍ തുടങ്ങിയിട്ട് കാലങ്ങളായി എന്നും എന്‍ എസ് ജി ഡയറക്ടര്‍ ജനറല്‍ ജയന്ത് ചൗധരി പറഞ്ഞു.
ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളുടെ അറസ്റ്റിലൂടെ അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഒരുപരിധി വരെ തടയുന്നതിന് സാധിച്ചിട്ടുണ്ടെങ്കിലും ഐ എസില്‍ ചേര്‍ന്ന ഇന്ത്യക്കാര്‍ തിരികെയെത്തി പുതിയ വിദ്യകളും ആയുധങ്ങളും ഉപയോഗിക്കുമോ എന്നും സുരക്ഷാ ഏജന്‍സികള്‍ ആശങ്കപ്പെടുന്നു.

Latest