Connect with us

Gulf

അഭയാര്‍ഥികളായ കുട്ടികളുടെ പ്രശ്‌നങ്ങള്‍;ഷാര്‍ജയില്‍ അന്താരാഷ്ട്ര സമ്മേളനം തുടങ്ങി

Published

|

Last Updated

ഷാര്‍ജ: അഭയാര്‍ഥികളായ കുട്ടികളുടെ സംരക്ഷണവും ഭാവിയും സംബന്ധിച്ച് “ഭാവിക്കായി നിക്ഷേപിക്കുക” എന്ന തലക്കെട്ടില്‍ അന്താരാഷ്ട്ര സമ്മേളനത്തിന് ഷാര്‍ജയില്‍ തുടക്കമായി. യുനൈറ്റഡ് നാഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ്, ബിഗ് ഹാര്‍ട്ടുമായി ചേര്‍ന്നാണ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സമ്മേളനം ഒരുക്കിയിരിക്കുന്നത്.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഭയാര്‍ഥികളായ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായുള്ള ആലോചനകള്‍ പ്രായോഗികവും പ്രചോദനകരവുമാവണം. അവര്‍ക്ക് പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ഉപയുക്തമാവുന്നതിന് ഉതകുകയും വേണമെന്നു അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉന്നതരടക്കം മുന്നൂറിലധികം പ്രമുഖര്‍ സംബന്ധിക്കുന്നുണ്ട്.
അഭയാര്‍ഥികളായ കുട്ടികളുടെ സര്‍വതലത്തിലുമുള്ള ഉന്നമനം ലക്ഷ്യമിട്ട് ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേര്‍സ് ചെയര്‍പേഴ്‌സണുമായ ശൈഖ ജൗഹര്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലും നിര്‍ദേശങ്ങള്‍ക്കു മനുസരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ആഗോള വ്യാപകമായി അവര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് സമ്മേളനം.
ഉദ്ഘാടന സെഷനില്‍ ജോര്‍ദാന്‍ രാജകുമാരി മുഖ്യപ്രഭാഷണം നടത്തി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പലായനങ്ങള്‍ക്ക് ലോകം സാക്ഷിയായിരിക്കുകയാണ്. അഞ്ച് കോടി ജനങ്ങളാണ് അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളില്‍ കഴിയുന്നത്. സിറിയയാണ് ഇതില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത്. അവിടത്തെ ജനങ്ങളില്‍ പകുതിപേരും പലായനം ചെയ്യപ്പെട്ടു. ജോര്‍ദാനില്‍ മാത്രം പത്തു ലക്ഷം സിറിയന്‍ അഭയാര്‍ഥികളുണ്ട്. സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം ആരംഭിച്ചിട്ട് മൂന്നു വര്‍ഷം പിന്നിടുന്നു. ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം മൂന്നു വര്‍ഷമെന്നത് വലിയ കാലഘട്ടമാണ്. ഓരോ പ്രഭാതവും അവര്‍ പ്രതീക്ഷയോടെയാണ് ഏറ്റുവാങ്ങുന്നത്. അവരുടെ വിദ്യാഭ്യാസം പുനരധിവാസം ചികിത്സ തുടങ്ങിയവക്കായി ഒന്നിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.
ഓരോ ദിവസവും 32,000 പേരാണ് അഭയാര്‍ഥികളായി സ്വന്തം രാജ്യം വിട്ടുപോകുന്നതെന്ന് യു എന്‍ എച്ച് സി ആര്‍ ഹൈക്കമ്മീഷണര്‍ ആന്റോര്‍ണിയോ ഗുതറസ് പറഞ്ഞു. അതില്‍ കുഞ്ഞുങ്ങളാണ് അധികവും. രാഷ്ട്രീയ നീക്കങ്ങളിലൂടെ മാത്രമേ ഇതിന് പരിഹാരമുണ്ടാക്കാനാവൂ, അദ്ദേഹം പറഞ്ഞു.
അഭയാര്‍ഥികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിമ്പോസിയങ്ങള്‍, ചര്‍ച്ചാ വേദികള്‍, പ്രദര്‍ശനങ്ങള്‍, ഭാഗഭാക്കാകല്‍ തുടങ്ങിയവയും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.