Connect with us

Kollam

അധികൃതരുടെ കാരുണ്യം കാത്ത് കാരുണ്യ ഫാര്‍മസി

Published

|

Last Updated

കരുനാഗപ്പള്ളി: നിര്‍മാണം പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കാരുണ്യഫാര്‍മസി അധികൃതരുടെ കാരുണ്യം കാത്ത് കഴിയുന്നു.
വിതരണത്തിനുള്ള മരുന്നുകള്‍ എത്തിയിട്ടും നേരത്തെ മാറ്റിവെച്ച കാരുണ്യ ഫാര്‍മസിയുടെ ഉദ്ഘാടനം ഉടന്‍ നടത്തുമെന്ന് പ്രഖ്യാപനം നടത്തുന്നതല്ലാതെ ഇക്കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
താലൂക്ക് ആശുപത്രിയില്‍ എത്തുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ സഹായകമാകുന്നതാണ് കാരുണ്യ ഫാര്‍മസി. ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ 23 മുതല്‍ 93 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ നിന്നും നല്‍കുക. ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് കാരുണ്യ ഫാര്‍മസിയുടെ ചുമതല വഹിക്കുന്നത്. സംസ്ഥാനത്ത് അനുവദിച്ച 21-ാമത്തെ കാരുണ്യ ഫാര്‍മസിയാണ് കരുനാഗപ്പള്ളിയിലേത്.
ബാക്കി 20 ഫാര്‍മസികളുടേയും പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.
കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളില്‍ നിന്നുള്ള ആയിരത്തിലധികം രോഗികളാണ് ദിവസവും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. നിരവധി രോഗികളാണ് കിടത്തി ചികിത്സാ വിഭാഗത്തിലുള്ളത്. ആശുപത്രിയില്‍ എത്തുന്ന നല്ലൊരു ശതമാനവും സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരാണ്. അതുകൊണ്ടുതന്നെ കാരുണ്യ ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങുന്നത് ഇവര്‍ക്ക് ഏറെ ആശ്വാസമാകും.
ആശുപത്രി വളപ്പില്‍ സുനാമി വാര്‍ഡിനോട് ചേര്‍ന്ന് കാരുണ്യ ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇനി ഉദ്ഘാടനം മാത്രം നടത്തിയാല്‍ മതിയാകും. കഴിഞ്ഞ ആഗസ്റ്റ് 16 ന് ഫാര്‍മസിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ അവസാന നിമിഷം ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു.
അതേസമയം ഫാര്‍മസിയുടെ ഉദ്ഘാടനം അടുത്താഴ്ച നടക്കുമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി രമേശ് ബാബു അറിയിച്ചു.

 

Latest