Connect with us

Sports

ഫെല്‍പ്‌സിന് വിലക്ക്

Published

|

Last Updated

വാഷിംഗ്ടണ്‍: ഒളിമ്പിക് നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സിന് യു എസ് സ്വിമ്മിംഗ് അസോസിയേഷന്‍ ആറ് മാസത്തെ വിലക്കേര്‍പ്പെടുത്തി. ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫെല്‍പ്‌സിന് പങ്കെടുക്കാന്‍ സാധിക്കില്ല.
മദ്യപിച്ച് വാഹനമോടിച്ചതിന് കഴിഞ്ഞ ദിവസം ഫെല്‍പ്‌സ് അറസ്റ്റിലായിരുന്നു. വേഗ നിയന്ത്രണമുള്ള ടണലിനുള്ളിലൂടെ അതിവേഗത്തില്‍ വാഹനമോടിച്ച ഫെല്‍പ്‌സിന്റെ ലൈസന്‍സും പോലീസ് പിടിച്ചെടുത്തു. ഇതേ തുടര്‍ന്നാണ് ഫെല്‍പ്‌സിനെതിരെ യു എസ് നീന്തല്‍ അസോസിയേഷന്‍ നടപടി സ്വീകരിച്ചത്.
വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ച് കാലത്തേക്ക് വിട്ടു നില്‍ക്കുന്നുവെന്ന് ഫെല്‍പ്‌സ് ട്വിറ്ററില്‍ കുറിച്ചിട്ടു. വിലക്കുണ്ടെങ്കിലും യു എസ് ടീമിനൊപ്പം പരിശീലനം നടത്താന്‍ ഫെല്‍പ്‌സിന് സാധിക്കും. ഒളിമ്പിക്‌സില്‍ പതിനെട്ട് സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ച താരമാണ് ഫെല്‍പ്‌സ്. ലണ്ടന്‍ ഒളിമ്പിക്‌സോടെ വിരമിച്ച ഫെല്‍പ്‌സ് തിരിച്ചുവരവ് ലക്ഷ്യമിടുന്നു.
പാന്‍ പസഫിക്കില്‍ മത്സരിക്കുകയും മൂന്ന് സ്വര്‍ണം നേടുകയും ചെയ്തു. 2016 റിയോ ഒളിമ്പിക്‌സ് സ്വര്‍ണമാണ് തന്റെ ലക്ഷ്യമെന്ന് ഫെല്‍പ്‌സ് പ്രഖാപിച്ചിട്ടുണ്ട്.
ഇതിനിടെയാണ്, ലഹരി ഉപയോഗവും വിലക്കും. 2009 ല്‍ മരിജുവാന ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബ്രിട്ടീഷ് ടാബ്ലോയിഡ് പ്രസിദ്ധീകരിച്ചതോടെയാണ് ഫെല്‍പ്‌സിന്റെ ലഹരി ബന്ധം ആദ്യം പുറത്താകുന്നത്. ഇതേത്തുടര്‍ന്ന് മൂന്ന് മാസത്തെ വിലക്ക് നേരിട്ടിരുന്നു.