Connect with us

Wayanad

ദേശീയപാത തകര്‍ന്നു;ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവായി

Published

|

Last Updated

ചുണ്ടേല്‍: കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത തകര്‍ന്ന് യാത്ര ദുഷ്‌ക്കരം. ലക്കിടി മുതല്‍ വൈത്തിരി വരെയുള്ള 10 കീലോമീറ്ററാണ് പൂര്‍ണമായും തകര്‍ന്നത്. വന്‍കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ക്ക് പോകാനാവുന്നില്ല.
ജില്ലാ കവാടത്തില്‍തന്നെ വന്‍ ഗര്‍ത്തങ്ങളാണ്. അടിഭാഗം റോഡില്‍തട്ടി വാഹനങ്ങള്‍ കുടുങ്ങുകയാണ്. ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവായി. ജില്ലയിലെ പ്രധാന റോഡുകളെല്ലാം തകര്‍ന്നിട്ട് മാസങ്ങളായി. രണ്ടുവര്‍ഷം മുമ്പ് റോഡ് അടച്ച് ടാറിങ് നടത്തിയ ചുരം റോഡും തകര്‍ന്നു. കുഴികളില്‍ വാഹനം കുടുങ്ങി മണിക്കൂറുകള്‍ ഗതാഗത തടസ്സം നേരിടുകയാണ്. ദേശീയ പാതയിലെ വലിയ കുഴികളില്‍ ക്വാറി വേസ്റ്റ് നിറച്ച് അധികൃതര്‍ തടിതപ്പുകയാണ്. ദേശീയപാതയുടെ നിര്‍മാണച്ചുമതല കേന്ദ്രസര്‍ക്കാരിനാണെങ്കിലും മേല്‍നോട്ടം സംസ്ഥാന പൊതുമരാമത്ത് വകുപ്പിനുകീഴിലെ ദേശീയപാത വിഭാഗത്തിനാണ്.ലക്കിടി മുതല്‍ മുത്തങ്ങ വരെയാണ് ജില്ലയിലൂടെ ദേശീയപാത പ്രധാനമായും കടന്നുപോകുന്നത്. ഇടവിട്ടുപെയ്യുന്ന മഴ റോഡുകളുടെ പരിപാലനത്തെ ബാധിക്കുന്നുണ്ടെങ്കിലും അതനുസരിച്ച് നിര്‍മാണ കലണ്ടര്‍ തയ്യാറാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മഴയേയും നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവിനേയും കുറ്റപ്പെടുത്തി അധികൃതര്‍ കൈകഴുകുമ്പോള്‍ ജനത്തിന് യാത്ര ദുരിതമാകുകയാണ്. ജില്ലയിലെ ഗ്രാമീണ റോഡുകളുടെയും സ്ഥിതിയും ശോചനീയമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് ചെലവഴിക്കാത്തതും പൊതുമരാമത്ത് പ്രവൃത്തികളുടെ നിരക്ക് സര്‍ക്കാര്‍ ഇടക്കിടെ മാറ്റുന്നതും അറ്റകകുറ്റപണികളെ ബാധിക്കുന്നുണ്ട്. സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളും റോഡ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്നു.

Latest