Connect with us

Sports

ഹാട്രിക്കില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ക്രിസ്റ്റ്യാനോ....

Published

|

Last Updated

മാഡ്രിഡ്: അഞ്ച് മത്സരങ്ങളില്‍ മൂന്ന് ഹാട്രിക്ക് ! സ്പാനിഷ് ലാ ലിഗ സീസണിലെ ആറ് മത്സരങ്ങളില്‍ പതിമൂന്ന് ഗോളുകള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍മാഡ്രിഡിന് വേണ്ടി തന്റെ അപാരമായ ഫോം തുടരുമ്പോള്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി നിസംശയം പറയുന്നു: ഈ പോക്ക് പോയാല്‍ ജനുവരിയില്‍ ലോക ഫുട്‌ബോളര്‍ പട്ടം തുടരെ രണ്ടാമതും ക്രിസ്റ്റ്യാനോ സ്വന്തമാക്കും.
അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തപ്പോഴായിരുന്നു ക്രിസ്റ്റ്യാനോ സീസണിലെ മൂന്നാം ഹാട്രിക്ക് തികച്ചത്. റയലിന് വേണ്ടി ക്രിസ്റ്റ്യാനോ നേടുന്ന ഇരുപത്തിരണ്ടാമത്തെ ഹാട്രിക്കിന് വേറെയും പ്രത്യേകതയുണ്ട്. ലാ ലിഗയില്‍ ഏറ്റവുമധികം ഹാട്രിക്ക് നേടിയ റയലിന്റെ ഇതിഹാസം ആല്‍ഫ്രഡോ ഡി സ്റ്റെഫാനോയുടെയും അത്‌ലറ്റിക്കോയുടെ മുന്‍ താരം ടെല്‍മോ സാറയുടെയും റെക്കോര്‍ഡിനൊപ്പമെത്തി പോര്‍ച്ചുഗല്‍ താരം. പത്തൊമ്പത് ഹാട്രിക്കുമായി ബാഴ്‌സലോണയുടെ ലയണല്‍ മെസി തൊട്ട് പിറകില്‍.
കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ പതിനേഴ് ഗോളുകള്‍ നേടി റെക്കോര്‍ഡിട്ട (ഒരൊറ്റ സീസണില്‍ ഏറ്റവുമധികം ഗോളുകള്‍) ക്രിസ്റ്റ്യാനോ ഇത്തവണ മെസിയുടെ അമ്പത് ഗോളുകളുടെ ലാ ലിഗ റെക്കോര്‍ഡിന് ഭീഷണി ഉയര്‍ത്തുന്നു. ആറ് മത്സരങ്ങളില്‍ പതിമൂന്ന് ഗോളുകള്‍ ക്രിസ്റ്റ്യാനോ നേടിക്കഴിഞ്ഞു. വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നായി 11 മത്സരങ്ങളില്‍ സീസണിലെ പതിനേഴാം ഗോളും.
ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും തോറ്റ റയല്‍ ഏഴ് മത്സരങ്ങളില്‍ 15 പോയിന്റോടെ നാലാം സ്ഥാനത്തേക്കുയര്‍ന്നത് ക്രിസ്റ്റ്യാനോയുടെ തിരിച്ചുവരവിലാണ്. പരുക്ക് ഭേദമാകാത്തതിനാല്‍ ക്രിസ്റ്റ്യാനോ ആദ്യ മത്സരത്തില്‍ വിട്ടുനിന്നിരുന്നു. എന്നാല്‍, ക്രിസ്റ്റ്യാനോയില്ലാതെ രക്ഷയില്ലെന്ന് കണ്ടതോടെ കോച്ച് ആഞ്ചലോട്ടിക്ക് പകരക്കാരന്റെ റോളില്‍ ക്രിസ്റ്റ്യാനോയെ കളത്തിലിറക്കേണ്ടി വന്നു. കളത്തിലിറങ്ങുന്ന നിമിഷം മുതല്‍ ക്രിസ്റ്റ്യാനോ റയലിന്റെ രക്ഷകനായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ബില്‍ബാവോക്കെതിരെ രണ്ടാം മിനുട്ടിലായിരുന്നു പോര്‍ച്ചുഗല്‍ താരത്തിന്റെ ആദ്യ ഗോള്‍. പെപെയുടോ ഗോള്‍ശ്രമം ക്രിസ്റ്റ്യാനോക്ക് ഗോളൊരുക്കി. 55,88 മിനുട്ടുകളിലായിരുന്നു ഹാട്രിക്ക് പൂര്‍ത്തീകരണം. ഗാരെത് ബെയ്‌ലായിരുന്നു രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോക്ക് ഗോളൊരുക്കിയത്. ഇരട്ട ഗോളുകള്‍ നേടിയ കരീം ബെന്‍സിമക്ക് അസിസ്റ്റ് ചെയ്തും ക്രിസ്റ്റ്യാനോ തന്റെ തിളക്കം വര്‍ധിപ്പിച്ചു.
മറ്റ് മത്സരങ്ങളില്‍ എസ്പാനിയോള്‍ 2-0ന് സോസിഡാഡിനെയും സെവിയ്യ 4-1ന് ഡിപോര്‍ട്ടീവോയെയും വിയ്യാറയല്‍ 3-1ന് സെല്‍റ്റ വിഗോയെയും തോല്‍പ്പിച്ചു.
കഴിഞ്ഞ ദിവസം നെയ്മറും മെസിയും ഗോളടിച്ച മത്സരത്തില്‍ ബാഴ്‌സലോണ 2-0ന് റയോ വാള്‍കാനോയെ തോല്‍പ്പിച്ചിരുന്നു. ഏഴ് മത്സരങ്ങളില്‍ 19 പോയിന്റോടെ ബാഴ്‌സലോണയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. വലന്‍ഷ്യ (17), സെവിയ്യ (16) രണ്ടും മൂന്നും സ്ഥാനത്ത്.
ഫാല്‍കോ ഗോളടിച്ചു,
യുനൈറ്റഡിന് ജയം
ലണ്ടന്‍: കൊളംബിയന്‍ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കോ കരിയറിലെ ആദ്യ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗോള്‍ നേടിയ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. 2-1ന് എവര്‍ട്ടനെയാണ് യുനൈറ്റഡ് തോല്‍പ്പിച്ചത്. അറുപത്തിരണ്ടാം മിനുട്ടിലായിരുന്നു ഫാല്‍കോയുടെ വിജയ ഗോള്‍. ആദ്യപകുതിയില്‍ ഏഞ്ചല്‍ ഡി മാരിയ യുനൈറ്റഡിനെ മുന്നിലെത്തിച്ചെങ്കിലും രണ്ടാം പകുതിയില്‍ നെയ്‌സ്മിതിലൂടെ എവര്‍ട്ടന്‍ സമനില പിടിച്ചു.
വാന്‍ ഗാലിന് കീഴില്‍ യുനൈറ്റഡ് ആദ്യമായിട്ടാണ് തുടരെ രണ്ട് ലീഗ് മത്സരം ജയിക്കുന്നത്. ഏഴ് മത്സരങ്ങളില്‍ 11 പോയിന്റോടെ യുനൈറ്റഡ് ആദ്യ നാലില്‍ ഇടം പിടിച്ചു. ചെല്‍സി 2-0ന് ആഴ്‌സണലിനെ തോല്‍പ്പിച്ച് ടേബിളില്‍ ഏഴ് കളികളില്‍ 19 പോയിന്റോടെ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. ടോട്ടനം 1-0ന് സതംപ്ടണെയും വെസ്റ്റ്ഹാം 2-0ന് ക്യു പി ആറിനെയും തോല്‍പ്പിച്ചു.
റോമയെ വീഴ്ത്തി
ജുവെന്റസ് ഒന്നാമത്
മിലാന്‍: ഇറ്റാലിയന്‍ ലീഗിലെ കരുത്തരുടെ പോരില്‍ ജുവെന്റസ് 3-2ന് എ എസ് റോമയെ വീഴ്ത്തി. അഞ്ച് ഗോളുകള്‍ പിറന്ന ത്രില്ലറില്‍ ജയിച്ച ജുവെന്റസ് മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ റോമയെ പിന്തള്ളി ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ആറ് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റാണ് ജുവെന്റസിന്. റോമക്കാകട്ടെ പതിനഞ്ചും. ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ 2-2ന് തുല്യതപാലിച്ചു. എന്നാല്‍, ആദ്യ ഗോളടിച്ചത് ജുവെന്റസായിരുന്നു. ഇരുപത്തേഴാം മിനുട്ടില്‍ ടെവസിന്റെ പെനാല്‍റ്റി ഗോളിലായിരുന്നു ജുവെ ലീഡെടുത്തത്. റോമയുടെ മറുപടി ടോട്ടിയുടെ പെനാല്‍റ്റി ഗോളിലൂടെ.
ആദ്യ പകുതിക്ക് തൊട്ട് മുമ്പ് ഇതുര്‍ബെയുടെ ഗോളില്‍ റോമ ലീഡെടുത്തു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജുവെന്റസിന് വീണ്ടും പെനാല്‍റ്റി. ഇത്തവണയും ടെവസിന് പിഴച്ചില്ല. എണ്‍പത്താറാം മിനുട്ടില്‍ ബൊനൂചിയുടെ ഗോളില്‍ ജുവെന്റസ് ജയം പിടിച്ചെടുത്തു. അതിന് ശേഷമുള്ള മിനുട്ടുകള്‍ സംഘര്‍ഷഭരിതമായിരുന്നു.
ജുവെയുടെ മൊറാട്ടയും റോമയുടെ മൊനാലിസും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. മറ്റൊരു മത്സരത്തില്‍ ഫിയോറന്റീന മുന്‍ ലീഗ് ചാമ്പ്യന്‍മാരായ ഇന്റര്‍മിലാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. അറ്റ്‌ലാന്റയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ സാംഡോറിയ പതിനാല് പോയിന്റോടെ ലീഗില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.
ബയേണിന് ജയം
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്ക് 4-0ന് ഹാനോവര്‍ 96നെ തകര്‍ത്തു. അതേ സമയം ബൊറൂസിയ ഡോട്മുണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് ഹാംബര്‍ഗിനോട് തോറ്റു. ലെവന്‍ഡോസ്‌കിയും റോബനും ബയേണിനായി ഇരട്ട ഗോളുകള്‍ നേടി. ലീഗില്‍ ഏഴ് മത്സരങ്ങളില്‍ പതിനേഴ് പോയിന്റോടെ ബയേണ്‍ ഒന്നാം സ്ഥാനത്താണ്.