Connect with us

Malappuram

പുല്ലങ്കോട് സ്‌കൂള്‍ പരിസരങ്ങളില്‍ പൂവാല ശല്ല്യം വര്‍ധിക്കുന്നു

Published

|

Last Updated

കാളികാവ്: പുല്ലങ്കോട് സ്‌കൂള്‍ പരിസരങ്ങളില്‍ പൂവാല ശല്ല്യം വര്‍ധിക്കുന്നു. നൂറ് കണക്കിന് കുട്ടികളാണ് പുല്ലങ്കോട് സ്‌കൂളിലേക്ക് കാല്‍നടയായി പോകുന്നത്. ഇത്തരം കുട്ടികളെ ശല്ല്യം ചെയ്യുന്ന നിരവധി പൂവാല കൂട്ടങ്ങളാണ് വഴിനീളെ വിദ്യാര്‍ഥികള്‍ക്ക് വിനയായി മാറിയിട്ടുള്ളത്.
പുല്ലങ്കോട് അങ്ങാടിക്കും സ്‌കൂളിനും ഇടിയിലുള്ള ചില സ്ഥലങ്ങളിലും കല്ലാമൂല മുതല്‍ പുല്ലങ്കോട് സ്‌കൂള്‍ വരെയുള്ള ചില പ്രത്യേക സ്ഥലങ്ങളിലും റോഡിലെ കലുങ്കുകളിലുമാണ് പ്രധാനമായും പൂവാലക്കൂട്ടങ്ങളുടെ കേന്ദ്രങ്ങള്‍. സ്‌കൂളിലേക്ക് നടന്ന് പോകുന്ന കുട്ടികളെ ചില കമന്റുകള്‍ പറഞ്ഞ് ശല്ല്യം ചെയ്യുന്നതിന് പുറമെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ദുരിതമായിരിക്കുകയാണ്. ചെറുത്ത് നില്‍ക്കാന്‍ ശ്രമിക്കുന്ന കുട്ടികളെ അസഭ്യം പറയുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളിലേക്ക് പോകുന്ന സമയങ്ങളിലും സ്‌കൂള്‍ വിട്ട് വരുന്ന സമയങ്ങളിലുമാണ് ഇത്തരം സംഘങ്ങള്‍ റോഡരികിലെ ചില കേന്ദ്രങ്ങളില്‍ കൂട്ടം കൂടുന്നത്.
സമീപ കാലത്തായി പ്രദേശത്ത് ചില വിദ്യാര്‍ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതായി രക്ഷിതാക്കള്‍ തന്നെ കണ്ടെത്തിയിരുന്നു. അഞ്ചോളം കുട്ടികളാണ് കഞ്ചാവ് ഉപയോഗിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ പത്തോളം കുട്ടികള്‍ അടുത്തിടെ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.
സ്‌കൂളിലെ തന്നെ പൂര്‍വ വിദ്യാര്‍ഥികളായ ചില കുട്ടികളുടെ സഹായത്തോടെയാണ് ഇത്തരം സംഘങ്ങള്‍ വ്യാപിക്കുന്നത്. കല്ലാമൂല മുതല്‍ ഉദരംപൊയില്‍ വരെയുള്ള സ്ഥലങ്ങളില്‍ പോലീസിന്റെ സാന്നിധ്യം അനിവാര്യമായി വന്നിരിക്കുകയാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നു.

Latest