Connect with us

Kerala

കോട്ടയം ജില്ലാ പഞ്ചായത്തിനും വയലാര്‍ പഞ്ചായത്തിനും ആരോഗ്യകേരളം പുരസ്‌കാരം

Published

|

Last Updated

kottayam mapതിരുവനന്തപുരം: മികച്ച ആരോഗ്യ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള ഒന്നും രണ്ടും മൂന്നും പുരസ്‌കാരങ്ങള്‍ യഥാക്രമം കോട്ടയം, വയനാട്, മലപ്പുറം ജില്ലകള്‍ക്കാണ്. മുനിസിപ്പാലിറ്റികളില്‍ യഥാക്രമം തൊടുപുഴയും തളിപ്പറമ്പും തൃപ്പൂണിത്തുറയും ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്തുകളില്‍ കട്ടപ്പനക്കാണ് ഒന്നാം സ്ഥാനം. തൃശൂര്‍ ജില്ലയിലെ തളിക്കുളവും വെള്ളാങ്ങല്ലൂരും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ആലപ്പുഴയിലെ വയലാറും കോട്ടയത്തെ പൂഞ്ഞാറും ഇടുക്കിയിലെ ചക്കുപള്ളവുമാണ് ഗ്രാമപഞ്ചായത്തുകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. 

ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം: തിരുവനന്തപുരം- കിളിമാനൂര്‍, നഗരൂര്‍, എടവ. കൊല്ലം- കരവാളൂര്‍, ക്ലാപ്പന, പട്ടാഴി. പത്തനംതിട്ട- ഇരവിപേരൂര്‍, കൊറ്റനാട്, മല്ലപള്ളി. ആലപ്പുഴ- അമ്പലപ്പുഴ വടക്ക്, മണ്ണംചേരി, ചമ്പക്കുളം. കോട്ടയം- തലപ്പാലം, മരങ്ങാട്ടുപള്ളി, തിടനാട്. ഇടുക്കി- രാജകുമാരി, കട്ടപ്പന, മണക്കാട്. എറണാകുളം- മണീട്, മാറാടി, രാമമംഗലം. തൃശൂര്‍- വല്ലച്ചിറ, പൂമംഗലം, കോലഴി. പാലക്കാട്- കാരക്കുറിശ്ശി, കടമ്പഴിപ്പുറം, മങ്കര. മലപ്പുറം- തിരുവാലി, ഒതുക്കുങ്കല്‍, വളാഞ്ചേരി, കോഴിക്കോട്- തിരുവമ്പാടി, തിക്കോടി, ചെറുവണ്ണൂര്‍. വയനാട്- മീനങ്ങാടി, മുപ്പൈനാട്, വൈത്തിരി. കണ്ണൂര്‍- മാങ്ങാട്ടിടം, കടന്നപ്പള്ളി പാണപ്പുഴ, കതിരൂര്‍. കാസര്‍കോട്- ഈസ്റ്റ് എളേരി, ചെറുവത്തൂര്‍, വലിയപറമ്പ്.
സംസ്ഥാനതലത്തില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവക്ക് യഥാക്രമം പത്ത് ലക്ഷം, അഞ്ച് ലക്ഷം, മൂന്ന് ലക്ഷം എന്നിങ്ങനെയാണ് പുരസ്‌കാരത്തുക. ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളില്‍, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെയാണ്. പുരസ്‌കാര നിര്‍ണയ മാര്‍ഗരേഖപ്രകാരം പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്താത്തതിനാല്‍ കോര്‍പറേഷനുകളെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് പരിഗണിച്ചിട്ടില്ല. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം സജ്ജമാക്കിയ സോഫ്ട്‌വെയര്‍ സംവിധാനത്തിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന, സമഗ്ര ആരോഗ്യപദ്ധതിപ്രകാരം, 2012ലാണ് ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ത്രിതല പഞ്ചായത്ത് സംവിധാനത്തിനു കീഴിലുള്ള ആരോഗ്യപദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും 2012 മുതല്‍, വലിയ മാറ്റങ്ങള്‍ക്ക് ഇവ പ്രചോദനമായി. പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍, 2012-13 സാമ്പത്തികവര്‍ഷം ആരോഗ്യമേഖലക്ക് ലഭിച്ചത് 198 കോടി രൂപയായിരുന്നു. എന്നാലിത് 2013-14ല്‍ 302 കോടി രൂപയായും 2014-15ല്‍ 345 കോടി രൂപയായും ഉയര്‍ന്നു. ആരോഗ്യവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയ്ക്ക് കരുത്തുപകരാനുള്ള ചാലകശക്തിയായും ഈ പുരസ്‌കാരം മാറി.
ഒക്‌ടോബര്‍ ഒന്നിന് വൈകുന്നേരം 5.30ന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ അധ്യക്ഷതയില്‍ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പഞ്ചായത്ത് മന്ത്രി ഡോ. എം കെ മുനീര്‍, നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി, ഗ്രാമവികസന മന്ത്രി കെ സി ജോസഫ്, കെ മുരളീധരന്‍ എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും.