കുരുക്കഴിയാതെ കോട്ടക്കല്‍

Posted on: September 26, 2014 9:43 am | Last updated: September 26, 2014 at 9:43 am
SHARE

കോട്ടക്കല്‍: ടൗണിലെ ഗതാഗത പരിഷ്‌കാരങ്ങള്‍ കടലാസിലൊതുങ്ങുന്നു. ട്രാഫിക്ക് ഉപദേശക സമിതികള്‍ കൂടി പിരിയല്‍ മാത്രമായിരിക്കുകയാണ് ടൗണിലെ ഗതാഗത നിയമങ്ങള്‍. കഴിഞ്ഞ ദിവസവും യോഗം ചേര്‍ന്നിരുന്നു. പുതിയ തീരുമാനങ്ങളുമുണ്ടായി. എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ആര്‍ജവം കാണിക്കാത്തതിനാല്‍ ടൗണ്‍ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ നിയമം കര്‍ശനമാക്കുമെന്ന് തീരുമാനിച്ച് പിരിയുകയല്ലാതെ അത് നിലനിര്‍ത്താന്‍ പോലീസിനാകുന്നില്ല. ആഘോഷ അവസരങ്ങളില്‍ മാത്രമാണ് ഇവിടെത്തെ നിയമങ്ങള്‍.
വണ്‍വെ സംവിധാനം ഇല്ലാതായിട്ട് രണ്ട് മാസമായി. അനധികൃത പാര്‍ക്കിംഗുകളുടെയും അവസ്ഥ വ്യത്യസ്ഥമല്ല. നിയമം തെറ്റിക്കുന്നവരില്‍ നിന്നും കൂടുതല്‍ തുക ഈടാക്കാനും അലക്ഷ്യമായി വാഹനം പാര്‍ക്ക് ചെയ്തു മുങ്ങുന്നവരുടെ വാഹനത്തില്‍ സ്റ്റിക്കര്‍ പതിക്കുന്ന പദ്ധതിയും കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ചിരുന്നു. എതാനും നാളുകള്‍ മാത്രമാണ് ഇത് നിലനിന്നത്. തോന്നുമ്പോള്‍ നടപ്പിലാക്കുന്നതാണ് ഇപ്പോള്‍ ഇവിടെത്തെ നിയമം. സ്ഥിരം സംവിധാനമില്ലാത്തതിനാല്‍ പുറത്ത് നിന്നെത്തുന്നവരാണ് പലപ്പോഴും പോലീസിന്റെ പിഴിയലിനിരയാകുന്നത്. വണ്‍വെ നിയമമെന്നതിന് നിയന്ത്രണമില്ലാത്തതും വാഹനങ്ങളെ ദുരിതത്തിലാക്കുന്നു.
പ്രഖ്യാപിച്ച നിയമങ്ങള്‍ പാലിച്ച് വണ്‍വെ റോഡിലൂടെ വാഹനമോടിച്ചാല്‍ കുടുങ്ങിപ്പോകും. ഇത്തരം റോഡിലൂടെ എതിരെ വരുന്ന വാഹനങ്ങള്‍ കാരണം ഏറെ നേരം റോഡില്‍ കുടുങ്ങിപ്പോകുന്ന അവസ്ഥയാണിപ്പോള്‍. ഇത്തരം സ്ഥലത്ത് എത്തിനോക്കാന്‍ പോലും പോലീസില്ലെന്നതും ദുരിതം വര്‍ധിപ്പിക്കുന്നു. നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നില്ല. ടൗണിലെ താത്കാലിക ഡിവൈഡറുകള്‍ പലയിടത്തും നശിപ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ആഘോഷ വേളകളില്‍ മാത്രം നിയമം നടപ്പിലാക്കുന്ന ട്രാഫിക്ക് നിലപാട് പ്രതിഷേധത്തിനു കൂടി കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ യാത്രക്കാര്‍ സീബ്രാലൈനിലൂടെ മാത്രം റോഡ് മുറിച്ച് കടക്കണമെന്നാണ് തീരുമാനം. യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുമ്പോഴും ചീറിപ്പായുന്ന വാഹനങ്ങളാണിവിടെ. ചിലയിടങ്ങളില്‍ ബസുകള്‍ നിര്‍ത്തുന്നത് തന്നെ ഇതിന്‍മേലാണ്. ടൗണ്‍ നിറയെ നോ പാര്‍ക്കിംഗ് ബോര്‍ഡുകളുണ്ടെങ്കിലും ഇവ നോക്കുകുത്തികള്‍ മാത്രമാണ്.