Connect with us

Kasargod

വസ്ത്ര വിവാദം: ആഗോള ഇസ്‌ലാമിക വിരുദ്ധ നീക്കത്തിന്റെ ഭാഗം: തന്‍ളീം-14

Published

|

Last Updated

പുത്തിഗെ: ഫുള്‍കൈ വസ്്ത്രം ധരിച്ചെത്തിയ മുസ്‌ലിം വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ച കൊല്ലം വിമലഹൃദയ പബ്ലിക് സ്‌കൂള്‍ അധികൃതരുടെ നിലപാട് ആഗോള ഇസ്‌ലാമിക വിരുദ്ധ നീക്കത്തിന്റെ ഭാഗമാണെന്നും രാഷ്ട്രത്തില്‍ സൗഹാര്‍ദം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് സ്‌കൂള്‍ അധികൃതര്‍ കൈകൊള്ളേണ്ടതെന്നും മുഹിമ്മാത്ത് ശരീഅത്ത് കോളജില്‍ നടന്ന എസ് എസ് എഫ് തന്‍ളീം-14 പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
പൗരന്മാരുടെ വിശ്വാസങ്ങള്‍ക്കിണങ്ങിയ രീതിയില്‍ വസ്ത്രം ധരിക്കാനും ജീവിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട് എന്നിരിക്കെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വസ്ത്ര സങ്കല്‍പങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. ശിരോവസ്ത്രം ഉപയോഗിച്ചതിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ പ്രവേശനം വിലക്കപ്പെട്ട സമാനമായ സംഭവങ്ങള്‍ ഇതിന് മുമ്പ് ഉണ്ടായിട്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് രാഷ്ട്രത്തിന്റെ സൗഹാര്‍ദാന്തരീക്ഷത്തെ തകര്‍ക്കാനെ ഉപകരിക്കുകയുള്ളുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
അബ്ദുറഹ്മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി, സയ്യിദ് അഹമ്മദ് മുനീറുല്‍ അഹ്ദല്‍ ക്ലാസിന് നേതൃത്വം നല്‍കി. അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി, അബ്ദുല്‍ അസീസ് മിസ്ബാഹി, ഇല്യാസ് സഖാഫി, ഹസ്സന്‍ ഹിമമി സഖാഫി, താജുദ്ദീന്‍ മാസ്റ്റര്‍, സുബൈക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
ഭാരവാഹികളായി അഷ്‌റഫ് കൊക്കച്ചാല്‍ (ചെയര്‍.), ജലീല്‍ മഞ്ച്വേശരം, ജഹ്‌നാസ് മേല്‍പറമ്പ്(വൈസ്.ചെയര്‍.), അബ്ദുല്‍ ഖാദര്‍ ചേരൂര്‍ (ജനറല്‍ കണ്‍.), അന്‍സാഫ് മജ്ബയില്‍, നാഫിഹ് ഗോളിയട്ക്ക (ജോ.കണ്‍.), മൂലക്കുഞ്ഞി ഈശ്വരമംഗലം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഹഫിള് റഫീഖ് മുക്കൂര്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ ചേരൂര്‍ നന്ദിയും പറഞ്ഞു.