ഗാന്ധിജയന്തി ദിനത്തില്‍ സമ്പൂര്‍ണ ശുചിത്വ ക്യാമ്പയിന് തുടക്കമാകും

Posted on: September 25, 2014 12:52 am | Last updated: September 24, 2014 at 9:52 pm
SHARE

കാസര്‍കോട്: മഹാത്മാഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികമായ ഒക്‌ടോബര്‍ രണ്ടിന് ജില്ലാ ഭരണകൂടം, ത്രിതലപഞ്ചായത്ത്-നഗരസഭകള്‍, ജില്ലാ ശുചിത്വമിഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ ക്യാമ്പയിന് തുടക്കം കുറിക്കും. ഒരുമാസം നീണ്ടുനില്‍ക്കുന്ന ശുചിത്വ ക്യാമ്പയിനില്‍ ജില്ലയിലെ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി എല്ലാ ഇടങ്ങളും ശുചീകരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും.
ശുചിത്വമാസത്തിന്റെ ഭാഗമായി എല്ലാ കുടുംബങ്ങളിലും പൊതുസ്ഥാപനങ്ങളിലും സ്ഥായിയായ ശുചിത്വസൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തും. ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിച്ച് കമ്പോസ്റ്റ് ആക്കി മാറ്റുക, വീടുകളിലും സ്ഥാപനങ്ങളിലും കമ്പോസ്റ്റ് ഉപയോഗിച്ച് ജൈവപച്ചക്കറികള്‍ ഉത്പാദിപ്പിക്കുക, അജൈവ മാലിന്യങ്ങളായ പേപ്പര്‍, പ്ലാസ്റ്റിക്, കുപ്പിച്ചില്ല്, ലോഹങ്ങള്‍, ഹാര്‍ഡ് ബോര്‍ഡ്, ഇ-മാലിന്യങ്ങള്‍ തുടങ്ങിയവ തരംതിരിച്ചുവെച്ച് സ്‌ക്രാപ്പ് ഡീലറിന് കൈമാറും.
പൊതുസ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ഓഫീസുകള്‍, ആതുരാലയങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഒക്‌ടോബര്‍ രണ്ടിന് ശുചിത്വമാസാചരണ ജില്ലാതല, നിയോജകമണ്ഡല-തദ്ദേശസ്വയംഭരണ സ്ഥാപനതല ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് ബോധവത്ക്കരണപരിപാടിയുടെ ഭാഗമായി നോട്ടീസ് വിതരണം, കൂട്ടയോട്ടം സ്‌ക്രാപ്പ് ഡീലര്‍മാരുടെ പഞ്ചായത്ത്-നഗരസഭായോഗങ്ങള്‍, ഗൃഹസദസ്സുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
ഒക്‌ടോബര്‍ 6 മുതല്‍ 11വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളുടെ കൂട്ടായ്മയോടെ ശുചിത്വ ബോധവത്ക്കരണ പരിപാടികള്‍, സ്‌കൂള്‍ കോളജുകളില്‍ കമ്പോസ്റ്റ് സൗകര്യം ഒരുക്കല്‍, സ്‌കൂള്‍ കോളജ് മൂത്രപ്പുര-കക്കൂസ് വൃത്തിയാക്കല്‍, ക്യാമ്പസ് പൂന്തോട്ടം, പച്ചക്കറിതോട്ട നിര്‍മാണം, ക്ലാസ്സ് മുറികള്‍ വൃത്തിയായി സൂക്ഷിക്കല്‍, വൃത്തിയുളള പാചകപ്പുര, പോസ്റ്റര്‍-കാര്‍ട്ടൂണ്‍ രചനാ മത്സരങ്ങള്‍, ഡിബേറ്റുകള്‍ തുടങ്ങിയ പരിപാടികള്‍ നടത്തും.
ഒക്‌ടോബര്‍ 12 മുതല്‍ 19വരെ ഗൃഹസന്ദര്‍ശനപരിപാടി നടത്തി ശുചിത്വ ബോധവത്ക്കരണം, ശുചിത്വ പ്രതിജ്ഞ, കുട്ടികള്‍ക്ക് പാട്ട്, കളി, ക്വിസ് മത്സരങ്ങള്‍, ശുചിത്വ പാട്ടുകളുമായി കുട്ടികളുടെ സായാഹ്ന പദയാത്രകള്‍, റോഡുകള്‍, വഴികള്‍ പൊതുസ്ഥലങ്ങള്‍ ദത്തെടുത്ത് വൃത്തിയാക്കല്‍, എന്റെ വീട് വൃത്തിയുളള വീട്-ചലഞ്ച്, പ്ലാസ്റ്റിക് സഞ്ചിക്ക് പകരം തുണി സഞ്ചി വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം, ഗ്രാമനഗരങ്ങള്‍ വൃത്തിയായി സൂക്ഷിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഗാന്ധിജയന്തി-ശുചിത്വ മാസാചരണ പരിപാടി സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ജില്ലാകലക്‌റുടെ ചേമ്പറില്‍ ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥന്‍മാരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എ ഡി എം. എച്ച് ദിനേശന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി വി രാധാകൃഷ്ണന്‍, ഡി ഡി ഇ. സി രാഘവന്‍, സാമൂഹിക ക്ഷേമ ഓഫീസര്‍ ആര്‍ പി പത്മകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here