Connect with us

Ongoing News

മറഞ്ഞു, കളി മുറ്റത്തെ ആചാര്യന്‍

Published

|

Last Updated

n.t,  karunakaran& kunhiramettan food ball coaching centerinu munnil-knr

എന്‍ ടി കരുണനും കെ കുഞ്ഞിരാമനും ഫുട്‌ബോള്‍ ഫ്രണ്ട് സെന്ററിന് മുന്നില്‍ (ഫയല്‍)

കണ്ണൂര്‍: കിളിയൊഴിഞ്ഞ കൂടുപോലെയാണ് കണ്ണൂരിലെ കാല്‍പന്തുകളിയുടെ വളര്‍ത്തുകേന്ദ്രം. നഗരത്തില്‍ നിന്നൊഴിഞ്ഞ ആ ഒറ്റമുറിക്കുമുന്നില്‍ നിന്ന് ഇന്നലെ ആളും ആരവവുമകന്നിരുന്നു. അനാഥത്വത്തിന്റെ മരവിപ്പുമായി ആദ്യമായിട്ടായിരിക്കണം ഒരുപക്ഷെ “ഫുട്‌ബോള്‍ ഫ്രണ്ട്” മൗനിയായി തലകുനിച്ച് നിന്നത്. മലബാറിലെ കാല്‍പന്തുകളിയുടെ ചരിത്രത്തോടൊപ്പം നടന്ന കരുണേട്ടനെന്ന ഒരു വലിയ മനുഷ്യന്റെ വിയോഗം അത്രത്തോളം “ഫുട്‌ബോള്‍ ഫ്രണ്ടി”നെ വേദനിപ്പിച്ചിട്ടുണ്ടാവണം….

നീലയും മഞ്ഞയും ജഴ്‌സിയണിഞ്ഞ് കാല്‍പന്തുകളി അറിഞ്ഞും അനുഭവിച്ചും പഠിക്കാനെത്തുന്ന കുട്ടിക്കൂട്ടത്തിന് കരുണേട്ടനെന്ന മനുഷ്യന്‍ അക്ഷരാര്‍ഥത്തില്‍ ഫുട്‌ബോളിന്റെ കുലഗുരു തന്നെയായിരുന്നു. താവക്കര നാരോത്ത് കരുണാകരനെന്ന കരുണേട്ടനും കെ കുഞ്ഞിരാമനും ചേര്‍ന്ന് മൂന്നര പതിറ്റാണ്ടു മുമ്പ് നിര്‍മിച്ച ഫുട്‌ബോള്‍ ഫ്രണ്ട് ഫ്രീ കോച്ചിംഗ് സെന്റര്‍ ഇന്ത്യയുടെ കായിക മേഖലക്ക് നല്‍കിയ സംഭാവനകള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര വലുതാണ്. അഞ്ച് വര്‍ഷം മുമ്പ് മരിച്ച കെ കുഞ്ഞിരാമന് പിറകെ ഇന്നലെ എന്‍ ടി കരുണനെന്ന ഫുട്‌ബോളിന്റെ പടക്കുതിര കൂടി മണ്‍മറഞ്ഞപ്പോള്‍ കണ്ണൂരിന്റെ ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഒരേട് കൂടിയാണ് മായുന്നത്.
കേരളത്തില്‍ ആദ്യമായി ഫുട്‌ബോള്‍ ഫ്രണ്ട് എന്ന പേരില്‍ ഒരു സ്‌പോര്‍ട്‌സ് മാസിക പുറത്തിറക്കിയാണ് കൊല്‍ക്കത്ത മുഹമ്മന്‍സ് ടീം അംഗമായിരുന്ന കരുണനും കുഞ്ഞിരാമനും ഫുട്‌ബോള്‍ കോച്ചിംഗ് സെന്റര്‍ എന്ന ആശയത്തിന് തുടക്കമിടുന്നത്. 1978ല്‍ പിറന്ന ഫുട്‌ബോള്‍ ഫ്രണ്ട് ഫ്രീ കോച്ചിംഗ് സെന്റര്‍ പിന്നീട് ഇരുവരുടെയും പ്രതീക്ഷക്കപ്പുറത്തേക്ക് വളരുകയായിരുന്നു. കരുണേട്ടന്‍ കളിക്കളത്തില്‍ ശ്രദ്ധകൊടുത്തപ്പോള്‍ സെന്ററിന്റെ മറ്റുകാര്യങ്ങള്‍ക്കായി കുഞ്ഞിരാമന്‍ ഓടിനടന്നു. ലോകമറിയുന്ന ഫുട്‌ബോള്‍ പരിശീലന കളരിയായി സെന്റര്‍ മാറാന്‍ പിന്നെയേറെ സമയം വേണ്ടിവന്നില്ല. കരുണേട്ടന്‍ പരിശീലിപ്പിച്ച കുട്ടികള്‍ ഇന്ത്യയുടെ കളിക്കളത്തില്‍ തിളങ്ങി നിന്നപ്പോള്‍ കണ്ണൂരിലെ പരിശീലനക്കളരിയുടെ കൊച്ചുമുറിയിലിരുന്ന് ഇരുവരും സന്തോഷംകൊണ്ട് കരഞ്ഞു.
കോച്ചിംഗ് സെന്റര്‍ വളര്‍ന്നപ്പോഴും കായിക പ്രതിഭകള്‍ ലോകത്തോളം ഉയര്‍ന്നപ്പോഴും കരുണനും കുഞ്ഞിരാമനും പുതിയ കുരുന്നുകളെത്തേടിയെടുത്ത് പന്തുകളിയുടെ ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്‍കി. ഇന്ത്യന്‍ റെയില്‍വേ, കെല്‍ട്രോണ്‍, എസ് ബി ടി, പോലീസ്, ഐ ടി ഐ, കെ എസ് ഇ ബി തുടങ്ങി ഒട്ടേറെ പേരും പെരുമയും നേടിയ ഫുട്‌ബോള്‍ ടീമുകളില്‍ ഇന്നും കരുണേട്ടന്‍ പകര്‍ന്ന പാഠങ്ങളുമായാണ് കളിക്കാരില്‍ പലരും കളത്തിലിറങ്ങുന്നത്.
അഞ്ച് വര്‍ഷം മുമ്പ് കുഞ്ഞിരാമന്റെ മരണത്തോടെ കരുണേട്ടന്‍ കളിക്കളത്തില്‍ ഒറ്റപ്പെട്ടു. വാര്‍ധക്യം ശരീരത്തെ തളര്‍ത്തിയെങ്കിലും മനസിന്റെ കരുത്തുമായി ജവഹര്‍ സ്റ്റേഡിയത്തിലെ മൈതാനത്ത് കരുണേട്ടന്‍ എത്താറുണ്ടായിരുന്നു. തീരെ അവശനായതോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്റ്റേഡിയത്തിലേക്കുള്ള യാത്ര അദ്ദേഹം അവസാനിപ്പിക്കുകയായിരുന്നു. അവസാന നിമിഷം വരെ കാല്‍പന്തുകളിക്കായി ജീവിതം മാറ്റിവെച്ച കരുണേട്ടന്‍ തിരശ്ശീലക്ക് പിന്നിലേക്ക് മറയുമ്പോള്‍ കേരള ഫുട്‌ബോള്‍ ചരിത്രത്തിലെ മാതൃകാപരമായ ഒരധ്യായമാണ് അടയുന്നത്.

Latest