ഗംഗാ ശുചീകരണം: 18 വര്‍ഷമെടുക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Posted on: September 24, 2014 5:40 am | Last updated: September 23, 2014 at 11:40 pm
SHARE

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിശിത വിമര്‍ശത്തെ തുടര്‍ന്ന്, ഗംഗാ നദി ശുചീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക രൂപരേഖ സമര്‍പ്പിച്ചു. 18 വര്‍ഷം കൊണ്ട് ഗംഗ ശുദ്ധീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിച്ചത്. ഇതിന് ആയിരക്കണക്കിന് കോടി രൂപ ചെലവ് വരും.
ഗംഗാ നദിക്കരയിലെ 118 നഗരങ്ങള്‍ കേന്ദ്രീകരിച്ച് മലിനജലവും മാലിന്യവും കൈകാര്യം ചെയ്യലാണ് പ്രാഥമിക ഘട്ടം. മൂന്ന് വര്‍ഷം വരെയുള്ള ഹ്രസ്വ, അടുത്ത അഞ്ച് വര്‍ഷത്തെ ഇടത്തരം പത്ത് വര്‍ഷത്തെ ദീര്‍ഘകാലങ്ങളിലേക്കുള്ള ഘട്ടം ഘട്ടമായ ശുചീകരണ പദ്ധതിയാണ് സര്‍ക്കാറിനുള്ളതെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നദിക്കരയിലെ അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധിയാണ് ഇത്. 2500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗംഗ ശുചിയാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം ഈ സംസ്ഥാനങ്ങള്‍ക്കാണ്. മാലിന്യപൂരിതമായ 118 നഗരങ്ങള്‍ അടിയന്തരമായി ശുചിയാക്കാനാണ് പദ്ധതി. കേദാര്‍നാഥ്, ഹരിദ്വാര്‍, വാരാണസി, കാണ്‍പൂര്‍, അലഹബാദ്, പാറ്റ്‌ന, ഡല്‍ഹി എന്നീ ഏഴ് നദീമുഖങ്ങള്‍ അടിയന്തര പദ്ധതികളില്‍ ഉള്‍െപ്പടുത്താന്‍ ഭൂജല മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നദിക്കരയിലെ 118 നഗരങ്ങളും 1649 ഗ്രാമങ്ങളും ശുചീകരിച്ച് മെച്ചപ്പെട്ട മാലിന്യനിവാരണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ 51,000 കോടി രൂപ ചെലവാകുമെന്നാണ് കരുതുന്നത്. ഇത് ഇടക്കാല പദ്ധതിയിലാണ് ഉള്‍പ്പെടുത്തിയത്.
ഏഴ് ഐ ഐ ടികളിലെ കണ്‍സോര്‍ഷ്യം തയ്യാറാക്കിയ ഗംഗാ റിവര്‍ ബേസിന്‍ മാനേജ്‌മെന്റ് പ്ലാന്‍ ദീര്‍ഘകാല പദ്ധതിയിലാണ് ഉള്‍പ്പെടുത്തിയത്. പദ്ധതിയുടെ വിജയത്തിന് പ്രവാസികളടക്കം സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
ഗംഗാ നദി ശുചിയാക്കുന്ന പദ്ധതിയെ സംബന്ധിച്ച് ഉദ്യോഗസ്ഥ ഭാഷ്യത്തില്‍ മറുപടി നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ഈ മാസമാദ്യം നിര്‍ദേശിച്ചിരുന്നു. പകരം ഫലപ്രദമായ മേല്‍നോട്ടത്തിന് ഘട്ടം ഘട്ടമായ പദ്ധതിയെ സംബന്ധിച്ച് കോടതിക്ക് വിവരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ‘കാഴ്ചപ്പാട് മാത്രമുള്ള രൂപരേഖ നല്‍കരുത്. അത് നടപ്പാക്കാന്‍ 200 വര്‍ഷമെടുക്കും.’ ജസ്റ്റിസുമാരായ ടി എസ് ഠാക്കൂര്‍, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണത്തെ തുടര്‍ന്നാണ് ഘട്ടം ഘട്ടമായ രൂപരേഖ കേന്ദ്രം സമര്‍പ്പിച്ചത്. ഈ തലമുറയില്‍ ഗംഗാ ശുചീകരണം സംഭവിക്കുമോയെന്ന് അറിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന പരമാവധി സമയമായ അഞ്ച് വര്‍ഷം കൊണ്ട് ഈ വലിയ നേട്ടമെങ്ങനെ നേടുമെന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്ന് കോടതി പ്രതികരിച്ചിരുന്നു.
കഴിഞ്ഞ മാസം 13ലെ വാദം കേള്‍ക്കലിനിടെ സര്‍ക്കാറിന്റെ നടപടിക്രമത്തിനുള്ള പദ്ധതിയെ സംബന്ധിച്ച് കോടതി തത്സ്ഥിതി വിവര റിപ്പോര്‍ട്ടും മാര്‍ഗനിര്‍ദേശങ്ങളും തേടിയിരുന്നു. ആദ്യ ഘട്ടത്തില്‍ ഗംഗോത്രി മുതല്‍ ഹരിദ്വാര്‍ വരെ ശുചിയാക്കാനുള്ള കാരണവും കോടതി ആരാഞ്ഞിരുന്നു. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഗംഗാ ശുചീകരണം.