പ്രവാസി പുനരധിവാസ പാക്കേജ് നവംബര്‍ ഒന്ന് മുതല്‍

Posted on: September 24, 2014 12:35 am | Last updated: September 25, 2014 at 12:17 am
SHARE

തിരുവനന്തപുരം: വിദേശത്തുനിന്ന് മടങ്ങിവന്ന പ്രവാസികള്‍ക്കായുള്ള സമഗ്ര പുനരധിവാസ പാക്കേജ് നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സംസ്ഥാനതല ബേങ്ക് പ്രതിനിധികളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. പദ്ധതിയുമായി സഹകരിക്കാന്‍ മുഴുവന്‍ ബേങ്കുകളും സന്നദ്ധത അറിയിച്ചതായും മന്ത്രി പറഞ്ഞു.
നിതാഖാത്തിനെ തുടര്‍ന്നും അല്ലാതെയും മടങ്ങിവന്ന മുഴുവന്‍ പ്രവാസികള്‍ക്കും പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. രണ്ട് വര്‍ഷമെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കായിരിക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കാര്‍ഷിക, ക്ഷീരമേഖല, ചെറുകിട വ്യവസായങ്ങള്‍, കച്ചവടം, ടാക്‌സി വാങ്ങല്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കായി 20 ലക്ഷം രൂപ വരെ ബേങ്കുകള്‍ വായ്പ നല്‍കുന്നതാണ് പദ്ധതി. 10.75 ശതമാനം പലിശക്കായിരിക്കും ബേങ്കുകള്‍ വായ്പ നല്‍കുക. എല്ലാ ബേങ്കുകളും ഏകീകൃത പലിശ ഈടാക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ബേങ്കുകളുടെ പ്രതിനിധികള്‍ അംഗീകരിക്കുകയായിരുന്നു.
ചെറുകിട വ്യവസായങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ വരെ ഈടില്ലാതെ നല്‍കും. അതിന് മുകളിലുള്ള വായ്പകള്‍ക്ക് ബേങ്കുകള്‍ ആവശ്യപ്പെടുന്ന ഈട് നല്‍കേണ്ടിവരും. അതേസമയം, ചെറുകിട വ്യവസായങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ നല്‍കാമെന്ന് കാനറാ ബേങ്ക് സമ്മതിച്ചിട്ടുണ്ട്. വായ്പയുടെ പത്ത് ശതമാനം സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ഈ തുക മുന്‍കൂറായി ബേങ്കുകള്‍ക്കായിരിക്കും നല്‍കുക. ഗുണഭോക്താവ് തുക തിരിച്ചടക്കുമ്പോള്‍ പത്ത് ശതമാനത്തിന്റെ ഇളവുണ്ടാകും. കൂടാതെ വായ്പയെടുക്കുന്ന ഗുണഭോക്താവും ആകെ തുകയുടെ പത്ത് ശതമാനം മുന്‍കൂറായി ബേങ്കുകളില്‍ അടക്കണമെന്നാണ് വ്യവസ്ഥ.
ഓരോ ബേങ്കുകളും വ്യത്യസ്ത തിരിച്ചടവ് കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. പദ്ധതിക്കായി സഹകരണം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി ബേങ്കുകളുടെ ചെയര്‍മാന്‍മാര്‍ക്ക് കത്തയക്കും. ഒരു മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്തിമ രൂപരേഖ തയ്യാറാക്കും. ഇതിനുശേഷം ബേങ്കുകളുമായി ധാരണാപത്രം ഒപ്പിടും. പാക്കേജ് സംബന്ധിച്ച് മറ്റ് ബേങ്കുകളുമായി ഏകോപനമുണ്ടാക്കുന്നതിന് സംസ്ഥാനതല ബേങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനര്‍ അധ്യക്ഷനായി ഉപസമിതിയും രൂപവത്കരിക്കും.
വായ്പ നല്‍കിയാല്‍ കൃത്യമായി തിരിച്ചടക്കുന്നില്ലെന്ന പരാതി ബേങ്കുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി തുക തിരിച്ചടക്കുന്നവര്‍ക്ക് പലിശയിളവ് നല്‍കണമെന്ന നിര്‍ദേശവും ഉണ്ടായി. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കാനറ ബേങ്ക്, യൂനിയന്‍ ബേങ്ക് എന്നിവരുമായി പാക്കേജ് സംബന്ധിച്ച് നേരത്തെ ധാരണാപത്രം ഒപ്പുെവച്ചിട്ടുണ്ട്. ടാക്‌സി വാഹനം വാങ്ങുന്നതിന് 450 പേര്‍ക്ക് വായ്പ നല്‍കുന്നതിനായി ഇതിനകം 30 കോടി രൂപയാണ് കാനറാ ബേങ്ക് നല്‍കിയത്. 2013 ജൂണില്‍ അപേക്ഷ ക്ഷണിച്ചതിനെ തുടര്‍ന്ന് 19,800 പ്രവാസികളാണ് നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ഇതിനുശേഷം നിതാഖാത്തിനെത്തുടര്‍ന്ന് മടങ്ങിയെത്തിയ 22,000 പ്രവാസികളും ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്തു. ഏറ്റവുമധികം അപേക്ഷ ലഭിച്ച മലപ്പുറം ജില്ലയില്‍ നിന്നുള്ള അപേക്ഷകളുടെ പരിശോധനാ ക്യാമ്പ് 13 മുതല്‍ 15 വരെ മലപ്പുറം ഡി ടി പി സിയില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, എസ് ബി ടി, എസ് ബി ഐ, കാനറാ ബേങ്ക്, യൂനിയന്‍ ബേങ്ക്, ഫെഡറല്‍ ബേങ്ക്, ഇന്ത്യന്‍ ബേങ്ക് പ്രതിനിധികളും പങ്കെടുത്തു.