പഴമ്പാട്ടിന്റെ ഈണവും താളവും

Posted on: September 15, 2014 9:51 pm | Last updated: September 15, 2014 at 9:51 pm
SHARE

unnamedഒരേ താളം. വേഷവും ഭാവവും ഒന്നു തന്നെ. ഇവിടെയിപ്പോള്‍ അലയടിക്കുന്നത് നൂറ്റാണ്ടുകളുടെ പഴമയുടെ ഗന്ധം. അബൂ മൂസ പരിസരം മറന്ന് സംഘത്തിന്റെ മുന്നില്‍ നിന്ന് ആടുന്നു. മനസില്‍ സംഗീതം മാത്രം. അത് ഒരു ഉറവയായി, നദിയായി ചലിട്ടൊഴുകുന്നു. ഷാര്‍ജയിലെ ആധുനിക വിമാനത്താവളത്തിനരികിലെ വിശാലമായ പുറം ഭൂമിയിലാണ് അയാള്‍ നില്‍ക്കുന്നതെന്ന് ഓര്‍മിക്കുന്നുണ്ടാവുമോ ആവോ. ചുറ്റുഭാഗത്ത് പരന്നു കിടക്കുന്ന മണല്‍ കൂമ്പാരങ്ങളില്‍ തട്ടി ഗാന വീചികള്‍ പ്രതിധ്വനിക്കുന്നു. 

ഷാര്‍ജയിലെ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സ്റ്റഡീസിന്റെ മുറ്റത്ത്, ഷാര്‍ജയെ 2014ലെ ഇസ്‌ലാമിക സാംസ്‌കാരിക തലസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് ഞാന്‍ ഇത്ര തൊട്ടടുത്ത് ഈ കലയെ ശ്രദ്ധിക്കുന്നത്. കാലത്തിന്റെ നിരന്തര പ്രവാഹത്തിനിടയിലും അന്യം നിന്നു പോകാത്ത കലാ സൃഷ്ടിയില്‍ ലയിച്ചിരിക്കുകയാണ് അതിഥികളും മറ്റും. അതെ, അറബികളുടെ അയാല നൃത്തത്തില്‍.
അബൂ മൂസ മതിമറന്ന് പാടുന്നു. വലിയ ദഫിന്റെ മനോഹരമായ ശബ്ദത്തിനൊപ്പം നനുത്ത സ്പര്‍ശമുള്ള വരികള്‍. അവയുടെ അര്‍ഥം തേടിപ്പിടിക്കുക അസാധ്യമെന്ന് നേരത്തെ തന്നെ ബോധ്യമുള്ളതിനാല്‍ അവയുടെ ഉള്‍ക്കാഴ്ചയിലേക്ക് പോകാന്‍ ഞാന്‍ ശ്രമിച്ചിരുന്നേയില്ല. ഒന്നെനിക്കറിയാം, അത് നാടോടി ശീലുകളുടെ സംഗീത വിരുന്നാണ്. കഴിഞ്ഞ കാലത്തിന്റെ നനുത്ത സ്പര്‍ശമുണ്ടാവും ആ വരികള്‍ക്ക്. തീവ്രമാവും അവയിലെ ആശയങ്ങള്‍. മരുഭൂമിയുടെ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യം ചാലിച്ച കഥകളത്രെ അവര്‍ പാടുന്നത്.
അനുദിനം വൈവിധ്യ വത്കരിക്കപ്പെടുന്ന സമൂഹമാണ് ആധുനിക യു എ ഇയുടേത്. ജീവിത രീതിയിലും സംസ്‌കാരത്തിലും കാലത്തിനനുസരിച്ച മാറ്റങ്ങള്‍ക്ക് തയാറാവുമ്പോഴും പൈതൃകവും സംസ്‌കാരവും മുറുകെപിടിക്കാനും അവയെ പരിപോഷിപ്പിക്കാനും അതില്‍ മേനികൊള്ളാനും പുതിയ തലമുറക്ക് പോലും ആശേഷം മടിയില്ലെന്ന് തെളിയിച്ചവരാണ് ഇമാറാത്തികള്‍. മരുഭൂമിയും കടലും ആകാശവും വന്ന് മുട്ടുന്ന മണ്ണിലാണ് അവര്‍ വസിച്ചത്. മുത്തുവാരിയും മീന്‍ പിടിച്ചും ഒട്ടകങ്ങളെ മേച്ചും ജീവിച്ച മനുഷ്യര്‍ ഈന്തപ്പന പട്ട കൊണ്ട് വീടുണ്ടാക്കി അവന്റെ ജീവന്റെ ആത്മാംശത്തെ പൊലിപ്പിച്ചു നിര്‍ത്തി. അവര്‍ പാടിയ പാട്ടുകളാണ് ആധുനിക നഗരത്തിന്റെ മണിമാളികകളില്‍ തട്ടി ഇപ്പോള്‍ പ്രതിധ്വനിക്കുന്നത്.
ഫെഡറല്‍, പ്രാദേശിക സര്‍ക്കാറുകളും ഡിപാര്‍ട്‌മെന്റുകളും ഈ സംസ്‌കാരത്തിന്റെ വീണ്ടെടുപ്പിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. നാഷനല്‍ പൈതൃക മന്ത്രാലയത്തിനു കീഴില്‍ തന്നെ ഇത്തരം ട്രൂപ്പുണ്ട്. രാജ്യത്തെ പരിപാടികള്‍ മാത്രമല്ല അന്തര്‍ദേശീയ വേദികളില്‍ വരെ യു എ ഇ ഈ തനത് കലാ സൃഷ്ടിയെ അവതരിപ്പിക്കാറുണ്ട്.
25 അംഗ പുരുഷ അംങ്ങളാണ് അയാല ഡാന്‍സ് ട്രൂപ്പിലുണ്ടാവുക. ചിലപ്പോള്‍ പ്രായം കുറഞ്ഞവര്‍ മുതല്‍ കാരണവന്മാര്‍ വരെയുണ്ടാവാറുണ്ട്. രണ്ടു വരിയായി മുഖത്തോട് മുഖം ചേര്‍ന്നാണ് സംഘം നിലയുറപ്പിക്കുക. കാവ്യ മധുരിമയുള്ള കവിതകള്‍ ഒന്നോ രണ്ടോ പേര്‍ ഉച്ചത്തില്‍ ആലപിക്കും. മറ്റുള്ളവര്‍ ഇതിന്റെ താളത്തിനനുസരിച്ച് കയ്യിലെ പരമ്പരാഗത വടി ചുഴറ്റി ശരീരം ചലിപ്പിക്കും. ദഫിന്റെയും മദ്ദളത്തിന്റെയും അകമ്പടിയുണ്ടാവും. മുതിര്‍ന്ന സ്ത്രീകള്‍ നുഗ്ബ കെട്ടി (അറബ് സ്ത്രീകള്‍ മുഖം മറക്കുന്ന ലോഹ തകിട്) കല്യാണ സദസുകളിലും മറ്റും അയാല ആടാറുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ നജ്ദില്‍ നിന്നാണ് യു എ ഇക്കാര്‍ക്ക് അയാല നൃത്തം ലഭിച്ചതെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. ഒമാനികളുടെ പരമ്പരാഗത ആര്‍ദ നൃത്തത്തിന്റെ ചില സ്വാധീനവും ഉള്‍ക്കൊണ്ടാണ് ബദുക്കള്‍ക്കിടയില്‍ ഈ കലാരൂപം പ്രചാരത്തിലായത്.
ഹര്‍ബിയ എന്ന പേരിലറിയപ്പെടുന്ന നൃത്തത്തില്‍ ചെറു തോക്കുകള്‍ കൊണ്ടുള്ള പ്രകടനങ്ങള്‍ കാണാം. വിവാഹ ചടങ്ങുകളില്‍ മഖ്യമായും ഹര്‍ബിയയാണ് ആടാറ്. സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയും കാവ്യങ്ങളാണ് ഇവയില്‍ അവര്‍ ആലപിക്കുക. അന്യം നിന്നു പോകുന്ന സ്‌നേഹ കഥകള്‍ പാടിപ്പറഞ്ഞ് സംഘം സദസിനെ കയ്യിലെടുക്കും. ഹബാന്‍ അല്ലെങ്കില്‍ ഖമീരി എന്ന നൃത്ത രൂപവും ഇവിടെ പ്രചാരമുണ്ട്. ആറ് മുതല്‍ എട്ട് പേര്‍ ഉള്‍ക്കൊള്ളുന്ന മൂന്നു ലൈനുകളാണ് ഇതിലുണ്ടാവുക.
ബദൂവിയന്‍ സംസ്‌കാരത്തിലെ തനത് കലാരൂപങ്ങളുടെ പഠനം ആവേശം നല്‍കുന്നതാണ്. അവക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തതയുണ്ട്. മൗലിദുന്നബവി (സ)യോടനുബന്ധിച്ച് നടക്കുന്ന ‘അല്‍ സീറ’ അതിലൊന്നാണ്.