റഷ്യക്കെതിരെ വീണ്ടും ഇ യു ഉപരോധം

Posted on: September 13, 2014 3:56 am | Last updated: September 12, 2014 at 11:57 pm
SHARE

europian unionബ്രസല്‍സ്: ഉക്രൈന്‍ സംഘര്‍ഷത്തിന് കാരണക്കാരെന്ന് ആരോപിക്കപ്പെടുന്ന റഷ്യക്കെതിരെ യൂറോപ്യന്‍ യൂനിയന്‍ പുതിയ ഉപരോധമെര്‍പ്പെടുത്തി. യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഉപരോധത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. മുന്‍ സോവിയറ്റ് രാഷ്ട്രമായ ഉക്രൈനില്‍ സംഘര്‍ഷം വിതക്കാനാണ് പാശ്ചാത്യ ശക്തികള്‍ ശ്രമിക്കുന്നതെന്ന് മോസ്‌കോ കുറ്റപ്പെടുത്തുകയും ചെയ്തു. റഷ്യയും ഉക്രൈനും കിഴക്കന്‍ ഉക്രൈന്‍ വിമതരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഉണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷക്കപ്പെട്ടിരുന്നത്. എന്നാല്‍ റഷ്യയെ കൂടുതല്‍ ശിക്ഷിക്കേണ്ടതുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയതിന് പിറകേയാണ് പുതിയ ഉപരോധം.
റഷ്യയുടെ എണ്ണ കമ്പനികളെയാണ് ഇ യു ഉപരോധം പ്രധാനമായും ലക്ഷ്യമിടുന്നത്. ധനകാര്യ സ്ഥാപനങ്ങളും പ്രതിരോധ സ്ഥാപനങ്ങളും ഉപരോധത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. റഷ്യയുമായി കൂട്ടിച്ചേര്‍ത്ത ക്രിമിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ സ്വത്ത് മരവിപ്പിക്കും. ഈ മാസം അവസാനത്തോടെ, ഇപ്പോള്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവലോകനം ചെയ്യുമെന്നും റഷ്യന്‍ ഇടപെടല്‍ കുറഞ്ഞുവെന്ന് ബോധ്യപ്പെട്ടാല്‍ ഉപരോധം പിന്‍വലിക്കുമെന്നും 28 അംഗ യൂറോപ്യന്‍ യൂനിയന്‍ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തലിന്റെ ഭാവി പരിഗണിച്ച് ‘ഉപരോധം ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ അവസാനിപ്പിക്കാനോ’ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഹെര്‍മന്‍ വാന്‍ റോംപൂസി പറഞ്ഞു.
അതിനിടെ, ഡോളറിനെതിരെ റഷ്യന്‍ നാണയമായ റൂബിളിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 37.72 ആണ്. റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂനിയന്‍. ഉപരോധം ഈ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ഭീതിയാണ് കമ്പോളത്തില്‍ പ്രതിഫലിക്കുന്നത്.
ഉക്രൈന്‍ പ്രതിസന്ധിയുടെ സമാധാനപരമായ പരിഹാരത്തിന് വിഘാതമാകുന്ന തീരുമാനമാണ് യൂറോപ്യന്‍ യൂനിയന്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഉക്രൈന് സമാധാനത്തിനുള്ള അവസരം കൊടുക്കണമെന്നാണ് റഷ്യയുടെ നിലപാടെന്നും പ്രസ്താവനയില്‍ പറയുന്നു. ഉപരോധ വിഷയത്തില്‍ ഇ യു അംഗങ്ങള്‍ക്കിടയില്‍ വന്‍ അഭിപ്രായവ്യത്യാസമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. റഷ്യക്കുമേല്‍ ചുമത്തുന്ന ഉപരോധത്തിന് അവര്‍ നടത്തുന്ന തിരിച്ചുള്ള പ്രതികരണം യൂനിയനിലെ ദുര്‍ബല രാഷ്ട്രങ്ങളെ ബാധിക്കുമെന്നായിരുന്നു ഒരു പറ്റം അംഗരാജ്യങ്ങളുടെ ആശങ്ക. എന്നാല്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് ഇ യു നേതൃത്വം വഴങ്ങുകയായിരുന്നു.
റഷ്യയിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉത്പാദകരായ ഗ്യാസ്‌പ്രോമിനെയാണ് കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങള്‍ ഊര്‍ജാവശ്യത്തിന് പ്രധാനമായും ആശ്രയിക്കുന്നത്. ഉപരോധം വരും മുമ്പ് തന്നെ ഈ രാജ്യങ്ങളിലേക്ക് റഷ്യ വാതക കയറ്റുമതി വെട്ടിക്കുറച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ റഷ്യ ഇത് നിഷേധിക്കുന്നു.
ഗ്യാസ് പ്രോമിനെ ഉപരോധത്തിനെതിരായ പരിചയായി റഷ്യ ഉപയോഗിക്കുമെന്ന് തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. തങ്ങളുടെ വ്യോമ മേഖലയില്‍ ഇ യു രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് വിലക്കേര്ഡപ്പെടുത്തുക, ഈ രാജ്യങ്ങളില്‍ നിന്ന് ഉപഭോക്തൃ വസ്തുക്കളുടെ ഇറക്കുമതി വെട്ടിക്കുറക്കുക, പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള യൂസ്ഡ് കാറുകളുടെ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തി വെക്കുക തുടങ്ങിയ എതിരമ്പുകളാണ് റഷ്യയുടെ ആവനാഴിയില്‍ ഉള്ളത്.