Connect with us

Wayanad

നിയമങ്ങള്‍ കാറ്റില്‍ പറത്തി റിസോര്‍ട്ട് പ്രവര്‍ത്തനം നിര്‍ബാധം തുടരുന്നു

Published

|

Last Updated

മാനന്തവാടി: വന്യജീവി സംരക്ഷണം കാറ്റില്‍ പറത്തി റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ഇപ്പോഴും നിര്‍ബാധം തുടരുന്നു. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട തോല്‍പ്പെട്ടിയിലാണ് വൈല്‍ഡ് ലൈഫ് റിസോര്‍ട്ട് എന്ന പേരില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
2011ലാണ് നിയമങ്ങള്‍ ലംഘിച്ച് അനുമതി സമ്പാദിച്ച് റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. 2012ലെ സുപ്രീംകോടതി പ്രകാരം വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് പത്ത് കിലോമീറ്റര്‍ ചുറ്റളവ് അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന കണക്കാക്കിയിരുന്നു. ഈ നിയമമനുസരിച്ച് വന്യജീവികളുടെ സൈ്വര വിഹാരത്തിന് തടസ്സമാകുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നും പ്രത്യേകം നിര്‍ദേശിച്ചിരുന്നു. ഈ കാര്യത്തില്‍ കേരള സര്‍ക്കാറിന്റെ അഭിപ്രായം സുപ്രീം കോടതി തേടിയിരുന്നു. കേസ് നാല് തവണ പരിഗണിച്ചപ്പോഴും സര്‍ക്കാര്‍ നിലപാട് അറിയിച്ചില്ല.
ഈ സ്ഥിതിക്ക് സുപ്രീംകോടതി വിധി ഇപ്പോഴും നിയമ പ്രാബല്യത്തിവുമുണ്ട്. വന്യജീവി സങ്കേതത്തില്‍ എയര്‍ഹോണ്‍ പോലും നിരോധിച്ചിട്ടുണ്ടെങ്കിലും റിസോര്‍ട്ടിന് മാത്രം ഇതൊന്നും ബാധകമല്ല. വന്യജീവി സങ്കേതത്തിന് എതിര്‍ വശത്തായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ മാനുകളുള്‍പ്പെടെയുള്ള വന്യമൃഗങ്ങളും നിത്യേന എത്താറുണ്ട്.
ഇത്തരം ഓഫറുകള്‍ നിരത്തിയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിപ്പിക്കുന്നത്. ഓരോ വര്‍ഷവും ഗ്രാമപഞ്ചായത്താണ് ലൈസന്‍സ് പുതുക്കി നല്‍കുന്നത്. വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥരുടെ എന്‍ ഒ സി ഉണ്ടെങ്കില്‍ മാത്രമെ ലൈസന്‍സ് നല്‍കാവു. എന്നാല്‍ നാളിതുവരെ എന്‍ ഒ സി ആവശ്യപ്പെട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിസോര്‍ട്ടിലെത്തുന്ന സഞ്ചാരികള് നിയമ വിരുദ്ധമായി രാത്രികാലങ്ങളിലുള്‍പ്പെടെ വനത്തില്‍ വ്യാപകമായി പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി പഞ്ചായത്തിലെ റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ലൈസന്‍ പുതുക്കി നല്‍കരുതെന്നും ആവശ്യപ്പെട്ട് നോര്‍ത്ത് വയനാട് ഡി എഫ് ഒ പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍ പരത്തിയാണ് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നടക്കുന്നത്.

Latest