നിലമ്പൂര്‍ ബ്ലോക്കില്‍ പ്രസിഡന്റ് മാറ്റത്തിന് ചരടുവലി

Posted on: September 11, 2014 9:31 am | Last updated: September 11, 2014 at 9:31 am
SHARE

നിലമ്പൂര്‍: യു ഡി എഫ് ഭരിക്കുന്ന നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വീണ്ടും പ്രസിഡന്റ് മാറ്റത്തിന് ചരടുവലി തുടങ്ങി. 13 അംഗ ബോര്‍ഡില്‍ കോണ്‍ഗ്രസിന് ഏഴും മുസ്‌ലിം ലീഗിന് നാലും സി പി എമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്. പ്രസിഡന്റ് പദം കോണ്‍ഗ്രസിനാണെങ്കിലും പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ്പദം പങ്കിട്ട് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
വനിതാ സംവരണമായ ബ്ലോക്കില്‍ പി പുഷ്പവല്ലി, ഷേര്‍ളി വര്‍ഗീസ് എന്നിവര്‍ക്ക് പ്രസിഡന്റ്പദം പങ്കിട്ട് നല്‍കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ പി സി സി സെക്രട്ടറിമാരായ വി എ കരീം, വി വി പ്രകാശ് തുടങ്ങിയ നേതാക്കളുടെ മധ്യസ്ഥതയില്‍ അന്ന് നടന്ന ചര്‍ച്ചയില്‍ ധാരണയാകുകയായിരുന്നു.
ആദ്യം പ്രസിഡന്റ് ആകുന്ന ആള്‍ക്ക് രണ്ട് വര്‍ഷവും തുടര്‍ന്ന് പ്രസിഡന്റാകുന്ന അംഗത്തിന് മൂന്ന് വര്‍ഷവും എന്നായിരുന്നു ധാരണ. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആദ്യം പ്രസിഡന്റായ ഷേര്‍ളി വര്‍ഗീസ് സ്ഥാനം ഒഴിയാന്‍ തയ്യാറായിരുന്നില്ല. അതോടെ പുഷ്പവല്ലിയെ പിന്തുണക്കുന്ന വിഭാഗം രംഗത്ത് വരികയായിരുന്നു.
തുടര്‍ന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നിലമ്പൂരിലെ വസതിയില്‍ നടന്ന യോഗത്തില്‍ രണ്ട് വര്‍ഷം പുഷ്പവല്ലിക്ക് പ്രസിഡന്റ് സ്ഥാനം നല്‍കിയ ശേഷം അവസാന ഒരു വര്‍ഷം വീണ്ടും ഷേര്‍ളി വര്‍ഗീസിന് നല്‍കാന്‍ ധാരണയായിരുന്നു. ഈ ധാരണ പ്രകാരം അടുത്ത മാസം ഷേര്‍ളി വര്‍ഗീസിന് വേണ്ടി പി പുഷ്പവല്ലി പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവരും.
എന്നാല്‍ പാര്‍ട്ടി ധാരണ ആദ്യം തെറ്റിച്ച ഷേര്‍ളി വര്‍ഗീസിനെ വീണ്ടും പ്രസിഡന്റാക്കുന്നതിനെ എതിര്‍ക്കുകയാണ് പുഷ്പല്ലിയെ പിന്തുണക്കുന്ന വിഭാഗം. പാര്‍ട്ടിയിലെ സീനിയര്‍ അംഗവും ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ രണ്ട് തവണ അംഗവുമായിരുന്ന ചുങ്കത്തറ ബ്ലോക്ക് ഡിവിഷനെ പ്രതിനിധീകരിക്കുന്ന വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്റാക്കണമെന്ന ആവശ്യമാണ് പുഷ്പല്ലി ഉന്നയിക്കുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അകലെ നില്‍ക്കെ ഇരു വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി എന്ന നിലയില്‍ വത്സമ്മ സെബാസ്റ്റ്യന് നറുക്ക് വീഴാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
എന്നാല്‍ അവസാന ഒരു വര്‍ഷം പ്രസിഡന്റ് സ്ഥാനം തനിക്ക് നല്‍കാമെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മധ്യസ്ഥതയിലുണ്ടായ ധാരണ തെറ്റിക്കേണ്ട ഒരവസ്ഥയും നിലവിലില്ലെന്ന നിലപാടിലാണ് ഷേര്‍ളി വര്‍ഗീസ്. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമായതിനാല്‍ ഇതില്‍ പക്ഷം ചേരാന്‍ താത്പര്യമില്ലെന്ന നിലപാടിലാണ് ലീഗ്.