എക്‌സ്‌റേ ബാഗേജ് സിസ്റ്റം മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന്

Posted on: September 10, 2014 9:08 am | Last updated: September 10, 2014 at 9:08 am
SHARE

കോഴിക്കോട്: വിമാനത്താവളത്തിലെ ഇന്‍ലൈന്‍ എക്‌സറേ ബാഗേജ് സിസ്റ്റം മാറ്റാനുള്ള നീക്കത്തില്‍ നിന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 11ന് എയര്‍പോര്‍ട്ടിനു മുമ്പില്‍ ധര്‍ണ നടത്തുന്നു.
മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് ധര്‍ണ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് പെട്ടെന്ന് തങ്ങളുടെ ബാഗേജ് കിട്ടാനും കള്ളക്കടത്ത് തടയാനും മയക്കുമരുന്ന് കടത്ത് ഇല്ലാതാക്കാനുമായി സ്ഥാപിച്ച സിസ്റ്റമാണ് ഇവിടെ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ സെര്‍വറും മറ്റും കൊണ്ടുപോയിക്കഴിഞ്ഞു.
ഇത്തരത്തിലുള്ള മൂന്ന് ഇന്‍ലൈന്‍ എക്‌സ്‌റേ ബാഗേജ് ഉള്ള ചെന്നൈ എയര്‍പോര്‍ട്ടിലേക്കാണ് കോഴിക്കോട്ടെ സിസ്റ്റം മാറ്റാന്‍ ശ്രമിക്കുന്നത്. മൂന്ന് കോടി ചെലവിട്ടു വാങ്ങിയ സിസ്റ്റം പ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പ് തന്നെ മാറ്റാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ കോഴിക്കോട്ടെ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയുണ്ടെന്നും അവര്‍ പറഞ്ഞു.
ഇപ്പോള്‍ യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജ് കിട്ടാന്‍ ആവശ്യത്തിലധികം സമയം എടുക്കുന്നുണ്ട്. കോഴിക്കോട്ട് പുതുതായി നിര്‍മിക്കാനുദ്ദേശിച്ചിട്ടുള്ള അന്താരാഷ്ട്ര ടെര്‍മിനലിന്റെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അലോക് കുമാര്‍ സാബു, പി വി ഗംഗാധരന്‍, കെ വി കുഞ്ഞഹമ്മദ്, സി മോഹന്‍, എം പി എം ബഷീര്‍ പങ്കെടുത്തു.