ഓണം വാരാഘോഷം നാളെ സമാപിക്കും

Posted on: September 10, 2014 12:15 am | Last updated: September 11, 2014 at 12:30 am
SHARE

തിരുവനന്തപുരം: ഓണം വാരാഘോഷം നാളെ സമാപിക്കും. സമാപന ദിനത്തില്‍ സംഘടിപ്പിക്കുന്ന സാസ്‌കാരിക ഘോഷയാത്ര വൈകുന്നേരം അഞ്ചിന് വെള്ളയമ്പലത്ത് ഗവര്‍ണര്‍ പി സദാശിവം ഫഌഗ് ഓഫ് ചെയ്യുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഘോഷയാത്രകളുടെ പട്ടികയിലേക്ക് ഇടം നേടുന്നതരത്തില്‍ ഓരോ വര്‍ഷവും ഓണം സാംസ്‌കാരിക ഘോഷയാത്ര ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. 12 സംസ്ഥാനങ്ങളുടെ കലാസാന്നിധ്യത്തോടു കൂടി രാജ്യശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തിലാണ് ഇത്തവണത്തെ ഘോഷയാത്ര ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളയമ്പലം കെല്‍ട്രോണ്‍ ജംഗ്ഷനില്‍ മാനവീയം റോഡിനു സമീപം പ്രത്യേകം തയാറാക്കിയ പവലിയനില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ രമേശ് ചെന്നിത്തല, എ പി അനില്‍കുമാര്‍, വി എസ് ശിവകുമാര്‍, ശശിതരൂര്‍ എം പി, എം എല്‍ എമാരായ കെ മുരളീധരന്‍, വര്‍ക്കല കഹാര്‍ എന്നിവര്‍ പങ്കെടുക്കും.നിശാഗന്ധി ഓഡിറ്റോറിയത്തില്‍ രാത്രി എട്ട് മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. വര്‍ണാഭമായ ഘോഷയാത്രയില്‍ 3000 ത്തോളം കലാകാരന്‍മാരും 100ല്‍ പരം ഫ്‌ളോട്ടുകളും 150 ഓളം കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.