Connect with us

Malappuram

മരുഭൂമിയും മലയാളവും ക്യാമറക്കുള്ളില്‍; 'മണ്ണും മണലും' ചിത്രപ്രദര്‍ശനം തുടങ്ങി

Published

|

Last Updated

മലപ്പുറം: പച്ചപുതച്ച കേരളവും വരണ്ട് കിടക്കുന്ന അറേബ്യന്‍ നാടുകളുടെ ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയിരിക്കുകയാണ് മൂന്ന് പ്രവാസികള്‍.
ഇവര്‍ ഒപ്പിയെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം മണ്ണും മണലും എന്ന് പേരില്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. മണ്ണിലും മണലിലുമുള്ള ജീവിത മുഹൂര്‍ത്തങ്ങളുടെ 75 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുളളത്. പ്രവാസത്തേയും മലയാളിയേയും ഒരേപോലെ അഭിസംബോധനം ചെയ്യുകയാണിവിടെ. കേരളത്തിലെ മണ്ണിലും ഗള്‍ഫ് നാടുകളിലെ മണലിലും മലയാളി ജീവിതം ഏകദേശം ഒരേപോലെയാണ്.
പ്രവാസി ജീവിത്തതിലും ജോലി സമയങ്ങളില്‍ നിന്ന് ഒഴിവ് കിട്ടുന്ന സമയം ഉപയോഗിച്ച് തങ്ങളുടെ ഉള്ളിലുള്ള സര്‍ഗ കഴിവിനെ ഉപയോഗിച്ച കുറ്റിപ്പുറം സ്വദേശിയായ നാസി അബ്ദുല്‍നാസര്‍, പെരിന്തല്‍മണ്ണ സ്വദേശിയായ നൗശാദ് പി ടി, മലപ്പുറം സ്വദേശിയായ നൗശാദ് ജി ഡി എന്നിവരെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗള്‍ഫ് മരുഭൂമിയിലെ ബദു ബാലികയും മണല്‍ക്കുന്നുകളും ഒട്ടക കൂട്ടങ്ങളും മണല്‍കാട്ടുകളില്‍ അപൂര്‍വമായി കാണുന്ന പച്ചത്തുരുത്തകളും കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതികളും പ്രദര്‍ശനത്തിനുണ്ട്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലെ ചിത്രങ്ങളും നേപ്പാളിലെ ചിത്രങ്ങളും ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഭൂപ്രകൃതിക്ക് പുറമെ ഗള്‍ഫില്‍ അപൂര്‍വമായി നടക്കുന്ന കാളപ്പോര്, ഫയല്‍വാന്‍മാരുടെ ഗുസ്തി എന്നിവയും പ്രദര്‍ശനത്തിനുണ്ട്. മനുഷ്യന്റെ അതിജീവനത്തെ ഉത്കണ്ഠയോടെ നോക്കികാണാന്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ പ്രകൃതി വിനാശത്തെയും രേഖപ്പെടുത്തുന്നുണ്ട്.
പ്രവാസികളുടേയും മലയാളികളുടേയും അതിജീവനവും പ്രകൃതിയുടെ പച്ചപ്പിനെ സംരക്ഷിക്കലും ഒരേപോലെ പ്രാധാന്യമുള്ളതാണെന്ന് ഓര്‍മിപ്പിക്കാനാണ് ഈ പ്രദര്‍ശത്തിലൂടെ ശ്രമിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
മലപ്പുറം ആര്‍ട്ട് ഗ്യാലറില്‍ നടക്കുന്ന പ്രദര്‍ശനം വൈല്‍ഡ് ഫോട്ടോഗ്രാഫര്‍ എന്‍ എ നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം ഈമാസം 14 അവസാനിക്കും.

Latest