Connect with us

International

ഹിഗ്‌സ് ബോസോണ്‍ പ്രപഞ്ചത്തെ ഉന്മൂലനം ചെയ്‌തേക്കാമെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്‌

Published

|

Last Updated

ലണ്ടന്‍: ദ്രവ്യങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന അടിസ്ഥാന കണികയെന്ന നിലയില്‍ ശാസ്ത്രലോകം അവതരിപ്പിച്ച ഹിഗ്‌സ് ബോസോണ്‍ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് വിശ്വപ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് മുന്നറിയിപ്പ് നല്‍കി. 2012ല്‍ ജനീവയിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ കണ്ടെത്തയെന്ന് അവകാശപ്പെടുന്ന കണികയെ “ദൈവകണ”മെന്നാണ് ശാസ്ത്ര ലോകം വിളിക്കുന്നത്. ഈ കണത്തെ അത്യുന്നത ഊര്‍ജനിലയിലെത്തിച്ചാല്‍, പ്രപഞ്ചം പൂര്‍ണമായി ഉന്മൂലനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഹോക്കിംഗ് മുന്നറിയിപ്പ് നല്‍കുന്നു. പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ മുഖവുരയിലാണ് കണികാ പരീക്ഷണത്തിന്റെ ഭാവിയെത്തന്നെ വഴിതിരിച്ചുവിടാവുന്ന ഈ മുന്നറിയിപ്പ് ഹോക്കിംഗ് മുന്നോട്ട് വെക്കുന്നത്.
അസാധാരണമായ ഊര്‍ജനിലയിലേക്ക് ഉയര്‍ത്തിയാല്‍ “വാക്വം ഡീക്കേ” എന്ന വിനാശകാരിയായ പ്രതിഭാസത്തിന് ഹിഗ്‌സ് ബോസോണ്‍ കാരണമായേക്കാം. പ്രകാശവേഗത്തില്‍ വികസിക്കുന്ന ശൂന്യതയാണ് വാക്വം ഡീക്കേ വഴി സൃഷ്ടിക്കപ്പെടുക. പ്രപഞ്ചം ക്ഷണനേരംകൊണ്ട് ഉന്മൂലനം ചെയ്യപ്പെടാന്‍ ഇതിടയാക്കും. അത് വരുന്നത് നമ്മള്‍ അറിയുകയേ ഇല്ല” -ഹോക്കിംഗ് പറയുന്നു.
അതേസമയം, ഊര്‍ജനില 10,000 കോടി ഗിഗാ ഇലക്‌ട്രോണ്‍ വോള്‍ട്ട് സാധ്യമായ ഒരു കണികാ ആക്‌സിലറേഷനില്‍ മാത്രമേ “വാക്വം ഡീക്കേ” പോലുള്ള പ്രതിഭാസം പ്രതീക്ഷിക്കാനാകൂവെന്നും അത് ഇന്നത്തെ സാഹചര്യത്തില്‍ അസാധ്യമാണെന്നും കണികാ പരീക്ഷണത്തെ ന്യായീകരിക്കുന്ന ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.
ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ ചുറ്റളവ് വെറും 27 കിലോമീറ്റര്‍ മാത്രമാണെന്നും ഹോക്കിംഗ് ഭയപ്പെടുന്ന സ്ഥിതിവിശേഷം ഒരു കാരണവശാലും ജനീവയിലെ കണികാപരീക്ഷണത്തില്‍ ഉണ്ടാകില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു.