മുല്ലപ്പെരിയാര്‍: ആസൂത്രിത നീക്കവുമായി തമിഴ്‌നാട്‌

Posted on: September 9, 2014 12:47 am | Last updated: September 9, 2014 at 12:47 am
SHARE

mullapperiyarമേല്‍നോട്ട സമിതി യോഗം 15ന്‌

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഏത് വിധേനയും ഉയര്‍ത്തുകയെന്ന ലക്ഷ്യവുമായി തമിഴ്‌നാടിന്റെ ആസൂത്രിത നീക്കം. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതിന് ശേഷമുള്ള ആദ്യ മണ്‍സൂണില്‍ തന്നെ ജലനിരപ്പ് 142 അടിയിലെത്തിച്ച് ഡാമിനൊന്നും സംഭവിക്കില്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി ഒരാഴ്ച മുമ്പ് തന്നെ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നത് കുറച്ച തമിഴ്‌നാട,് മുല്ലപ്പെരിയാറിനായി തയ്യാറാക്കിയ കര്‍മപദ്ധതി നടപ്പാക്കുന്നതില്‍ ജാഗ്രത പാലിക്കാന്‍ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കേരള നിയമസഭ പാസാക്കിയ ഡാം സുരക്ഷാ നിയമം റദ്ദാക്കി ജലനിരപ്പ് 142 അടിയാക്കാമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേരളം പുനഃപരിശോധന ഹരജി നല്‍കിയ സാഹചര്യത്തില്‍ കൂടിയാണ് തമിഴ്‌നാടിന്റെ നീക്കം.

അതിനിടെ, ജലനിരപ്പ് 130 അടിക്ക് മുകളിലെത്തിയ സാഹചര്യത്തില്‍ മേല്‍നോട്ട സമിതി 15ന് അണക്കെട്ട് സന്ദര്‍ശിക്കും.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് സാമാന്യം നല്ല മഴ ലഭിക്കുന്നതിനാല്‍ ജലനിരപ്പ് 132 അടിക്ക് മീതെയെത്തിയിട്ടുണ്ട്. ഇതിനൊപ്പമാണ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് പകുതിയായി കുറച്ചത്. കനത്ത മഴയാണ് മുല്ലപ്പെരിയാര്‍ മേഖലയില്‍ അനുഭവപ്പെടുന്നത്. സെക്കന്‍ഡില്‍ 3500 ക്യുസെക്‌സ് വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുമുണ്ട്. എന്നാല്‍, അണക്കെട്ടില്‍ തീരെ വെള്ളമില്ലാത്ത സമയത്തുപോലും ദിവസവും 100 മുതല്‍ 120 ദശലക്ഷം ഘനയടി വരെ വെള്ളം കൊണ്ടുപോയിരുന്ന തമിഴ്‌നാട് ഇപ്പോള്‍ 43 ദശലക്ഷം ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം കൊണ്ടുപോയി ശേഖരിക്കുന്നത് തമിഴ്‌നാട്ടിലെ വൈഗ സംഭരണിയിലാണ്. സാധാരണ ഗതിയില്‍, വൈഗ നിറഞ്ഞുകിടക്കുമ്പോഴാണ് മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നത് കുറക്കാറുള്ളത്. എന്നാല്‍ വൈഗയില്‍ ഇപ്പോഴുള്ളത് 37 ശതമാനം വെള്ളമാണ്. മാത്രമല്ല, തമിഴ്‌നാട്ടിലെ മധുര, തേനി പ്രദേശങ്ങളില്‍ മഴ കുറവാണ്. എന്നിട്ടും വെള്ളം കൊണ്ടുപോകാതെ ശേഖരിച്ചു നിര്‍ത്തുകയാണ്.
കഴിഞ്ഞ 19ന് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ചേര്‍ന്നപ്പോള്‍ ജലനിരപ്പ് 130 അടിയിലെത്തിയാല്‍ ഉടന്‍ യോഗം ചേരണമെന്ന് തീരുമാനിച്ചിരുന്നു. അന്നുവരെ ദിവസേന 104 ദശലക്ഷം ഘന അടി വെള്ളമെടുത്തിരുന്ന തമിഴ്‌നാട് പിറ്റേന്നു മുതലാണ് വെള്ളമെടുക്കുന്നത് മൂന്നിലൊന്നായി കുറച്ചത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയാക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കിക്കിട്ടാനും അതുവഴി കേരളത്തെ സമ്മര്‍ദത്തിലാക്കാനും ലക്ഷ്യമിട്ടാണ് തമിഴ്‌നാടിന്റെ നീക്കങ്ങള്‍.
കഴിഞ്ഞ 35 വര്‍ഷമായി മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയില്‍ കൂട്ടാന്‍ കേരളം സമ്മതിച്ചിരുന്നില്ല. എന്നാല്‍ ജലനിരപ്പ് 142 വരെ ഉയര്‍ത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയതോടെ തമിഴ്‌നാട് അതിനുള്ള ഒരുക്കങ്ങളും തുടങ്ങി. ജലനിരപ്പ് ഉയര്‍ത്താന്‍, സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയും അനുമതി നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സമിതി യോഗം ചേര്‍ന്ന് ജലനിരപ്പ് ഉയര്‍ത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
ജലനിരപ്പ് 130 അടിക്ക് മീതെ വന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി 15ന് അണക്കെട്ട് സന്ദര്‍ശിക്കും. അണക്കെട്ടിലെ ജലനിരപ്പും സ്വീപ്പേജ് വെള്ളത്തിന്റെ അളവും പരിശോധിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ടും മേല്‍നോട്ട സമിതി പരിഗണിക്കും. കേന്ദ്ര ജല കമ്മീഷന്‍ അംഗം എല്‍ എ വി നാഥന്‍ അധ്യക്ഷനായ മേല്‍നോട്ട സമിതി മൂന്നാം തവണയാണ് അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്നത്. സെപ്തംബര്‍ 26നോ അണക്കെട്ടിലെ ജലനിരപ്പ് 130 അടി പിന്നിടുന്ന ഘട്ടത്തിലോ അടുത്ത സന്ദര്‍ശനമാകാമെന്ന് കഴിഞ്ഞ മാസം തേക്കടിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. 15ന് രാവിലെ ഡാം സന്ദര്‍ശിക്കുന്ന സമിതി ഉച്ചക്ക് മൂന്നിന് തേക്കടി പെരിയാര്‍ ഹൗസില്‍ യോഗം ചേരും. അണക്കെട്ടില്‍ സംയുക്ത പരിശോധന നടത്തുന്ന ഉപസമിതി അണക്കെട്ടിന്റെ കെട്ടിലൂടെ ഊറിവരുന്ന സ്വീപ്പേജ് വെള്ളത്തിന്റെ അളവടങ്ങുന്ന റിപ്പോര്‍ട്ട് മേല്‍നോട്ട സമിതി മുമ്പാകെ സമര്‍പ്പിക്കും.
കേരളത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മിനുട്ടില്‍ 78 ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്നും ഊറിവരുന്നത്. മുന്‍ വര്‍ഷങ്ങളിലെ സ്വീപ്പേജ് വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വ്യക്തമാക്കിയാല്‍ അണക്കെട്ടിന് ബലക്ഷയം എത്രയുണ്ടെന്ന് വ്യക്തമാകും. എന്നാല്‍ ഇത് നല്‍കാന്‍ തമിഴ്‌നാട് ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം, മേല്‍നോട്ട സമിതി നിയോഗിച്ച ഉപസമിതി അംഗങ്ങള്‍ കേരള പ്രതിനിധികളെ ഒഴിവാക്കി കഴിഞ്ഞ ദിവസം അണക്കെട്ടില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര ജല കമ്മീഷന്‍ അംഗം ഹരീഷ് ഗിരീഷ് ഉംബര്‍ജിയും തമിഴ്‌നാടിന്റെ പ്രതിനിധികളുമാണ് സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഫോണിലൂടെ മാത്രമാണ് കേരളത്തിന്റെ പ്രതിനിധികളെ വിവരമറിയിച്ചത്.