മലയാളിയുടെ ഓണപ്പൂക്കളം മുതല്‍ സദ്യ വരെ റെഡിമെയ്ഡിലേക്ക്

Posted on: September 7, 2014 11:23 am | Last updated: September 7, 2014 at 11:23 am
SHARE

onam 2മലപ്പുറം: മലയാളിയുടെ ഓണപ്പൂക്കളം മുതല്‍ സദ്യകള്‍ വരെ റെഡിമെയ്ഡിലേക്ക് മാറിക്കഴിഞ്ഞു. ഓണത്തിന് നിരവധി വിഭവങ്ങളുമായൊരു സദ്യ ആദ്യകാലം മുതല്‍ക്കെ കേരളീയരുടെ ശീലമാണ്. എന്നാല്‍ കാലം മാറുമ്പോള്‍ സദ്യയൊരുക്കുന്നതിലും മാറ്റങ്ങള്‍ വന്നു. മുന്‍കാലങ്ങളില്‍ ഓണസദ്യ വീട്ടില്‍ തന്നെയാണ് ഒരുക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഓണ സദ്യക്കായി വീട്ടിലെ അടുപ്പ് പുകയണമെന്നില്ല. ഫോണില്‍ ഒന്ന് വിരലമര്‍ത്തിയാല്‍ രുചികരമായ ഓണസദ്യ തീന്‍മേശയില്‍ റെഡിയാകും. മിക്ക നഗരങ്ങളിലെ ഹോട്ടലുകളിലും ഇത്തരം ഓണസദ്യ ഒരുക്കുന്നുണ്ട്. ഓരോ വര്‍ഷം കഴിയും തോറും ഓണ സദ്യക്കുള്ള ആവശ്യക്കാര്‍ വര്‍ധിച്ച് വരുന്നതായാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള ബുക്കിംഗ് പരിശോധിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വര്‍ധിച്ചിരിക്കുകയാണെന്നും അവര്‍ പറയുന്നു. 160 രൂപ മുതല്‍ ഇത്തരം ഓണസദ്യകള്‍ ലഭ്യമാണ്. സദ്യയോടൊപ്പം 28 ഓളം വിഭവങ്ങളുമുണ്ടാകും. പലചരക്കും പച്ചക്കറിയുമൊന്നും വാങ്ങാന്‍ ബുദ്ധിമുട്ടാതെയും സദ്യ ഒരുക്കാനുള്ള ടെന്‍ഷനുമില്ലാതെ വീട്ടിലിരുന്ന് സുഖമായി സദ്യ കഴിക്കാമല്ലോ. തങ്ങള്‍ ഓര്‍ഡര്‍നനസരിച്ചുള്ള സദ്യ തിന്‍മേശയിലെത്തിക്കുമ്പോള്‍ പിന്നെന്തിന് ടെന്‍ഷനെന്നാണ് ഹോട്ടല്‍ ഉടമകളുടെ ചോദ്യം.