ഉക്രൈനില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു

Posted on: September 5, 2014 8:42 pm | Last updated: September 6, 2014 at 3:25 pm
SHARE

Soldiers of Ukrainian self-defence battalion Azov

കീവ്: ഉക്രൈന്‍ സര്‍ക്കാരും റഷ്യന്‍ അനുകൂല വിമതരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടു. ഇരു വിഭാഗവും ബെലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് കരാറില്‍ ഒപ്പിട്ടത്. ലോക രാജ്യങ്ങള്‍ സമാധാനത്തിനായി ആഗ്രഹിച്ചിരുന്നുവെന്നും അത് ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊരോഷെങ്കോ പറഞ്ഞു. ജനങ്ങളനുഭവിച്ച ദുരിതങ്ങള്‍ക്ക് അറുതിയായിരിക്കുന്നു. മനുഷ്യ ജീവനാണ് ഏറെ വില കല്‍പ്പിക്കേണ്ടത്-അദ്ദേഹം പറഞ്ഞു. ഉക്രൈനിന്റെ കിഴക്ക് ആക്രമണം രൂക്ഷമാകാനിടയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിലെത്തിയത്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിന്‍ മുന്നോട്ട് വെച്ച സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ഉക്രൈന്‍ സൈന്യവും റഷ്യന്‍ അനുകൂല വിമതരും നടത്തിക്കൊണ്ടിരിക്കുന്ന പരസ്പര ആക്രമണ പ്രത്യാക്രമണം നിര്‍ത്തുക, വെടിനിര്‍ത്തല്‍ അന്താരാഷ്ട്രതലത്തില്‍ വ്യാപിപ്പിക്കുക, നിരപരാധികളായ തടവുകാരെ പരസ്പരം കൈമാറുക, മനുഷ്യത്വത്തെ മാനിക്കുക എന്നീ നിബന്ധനകളാണ് പുട്ടിന്‍ മുന്നോട്ട് വെച്ചത്. കഴിഞ്ഞ ദിവസം മുതല്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. റഷ്യക്കെതിരെ പാശ്ചാത്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനിരിക്കുകയാണ് പുതിയ നീക്കമുണ്ടായത്. വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് റഷ്യ ഉക്രൈനിലേക്ക് സൈന്യത്തെ അയച്ചതിനെ പാശ്ചാത്യന്‍ രാജ്യങ്ങള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.