Connect with us

Ongoing News

മാരക്കാനയിലെ തോല്‍വിക്ക് മധുരപ്രതികാരം;ജര്‍മനിക്കെതിരെ അര്‍ജന്റീനക്ക് വിജയം

Published

|

Last Updated

ഡസല്‍ഡോര്‍ഫ്(ജര്‍മനി): അമ്പത്തിരണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്ക് മുന്നില്‍ തലകുനിച്ച അര്‍ജന്റീനയുടെ ഉയിര്‍പ്പായിരുന്നു ഡസല്‍ഡോര്‍ഫില്‍ കണ്ടത്. ഫിഫ രാജ്യാന്തര സൗഹൃദ മത്സരത്തില്‍, മെസിയുടെ അഭാവത്തിലും ആവേശവും വീറും വാശിയുമൊഴിയാതെ അര്‍ജന്റീന കത്തിക്കയറിയപ്പോള്‍ ജര്‍മനി 4-2ന് തരിപ്പണം. പരിക്ക് കാരണം ലോകകപ്പ് ഫൈനല്‍ നഷ്ടമായ ഏഞ്ചല്‍ ഡി മാരിയയുടെ മാസ്മരികപ്രകടനമായിരുന്നു നാട്ടുകാര്‍ക്ക് മുന്നില്‍ ജര്‍മനിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത്. മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കിയും ഒരു ഗോള്‍ നേടിയും ഡി മാരിയ തന്റെ താരമൂല്യം എന്തെന്ന് വ്യക്തമാക്കി.
അഗ്യുറോ (20മിനുട്ട്), എറിക് ലമേല (40), ഫെര്‍നാണ്ടസ് (47), ഡി മാരിയ (50) എന്നിവരാണ് അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടത്. ആന്ദ്രെ ഷുറെല്‍ (52), മരിയോ ഗോസെ (78) എന്നിവര്‍ ജര്‍മനിയുടെ ആശ്വാസ ഗോളുകള്‍ നേടി. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, റഷ്യ, യു എസ് എ, ഉക്രൈന്‍, ലാറ്റ്‌വിയ, തുര്‍ക്കി എന്നിവരും സൗഹൃദ മത്സരത്തില്‍ ജയം കണ്ടു.

അവസരങ്ങള്‍ തുലച്ച് ജര്‍മനി
മാറക്കാനയിലെ ഫൈനല്‍ തോല്‍വിക്ക് മധുരപ്രതികാരം മനസ്സിലുറപ്പിച്ചായിരുന്നു അര്‍ജന്റീനക്കാര്‍ കളിക്കാനിറങ്ങിയത്. തുടക്കം തൊട്ട് അവസാനം വരെ ഒരേ ആവേശം നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. ജര്‍മനിയാകട്ടെ, സൗഹൃദ മത്സരമെന്ന ലാഘവത്തിലാണ് പന്ത് തട്ടിയത്. ഫിലിപ് ലാമിനെ പോലുള്ള കളിക്കാരുടെ അഭാവം ശരിക്കും ജര്‍മന്‍ നിരയില്‍ നിഴലിച്ചു. സ്‌കോറിംഗ് മെഷീനായ തോമസ് മുള്ളര്‍, ഫൈനലിലെ വിജയശില്പിയായ മരിയോ ഗോസെ എന്നിവരെ രണ്ടാം പകുതിയിലാണ് ജര്‍മന്‍ കോച്ച് കളത്തിലിറക്കിയത്.
മുന്‍നിരയില്‍ മരിയോ ഗോമസിന് കൂടുതല്‍ നേരം അവസരം നല്‍കാനുള്ള കോച്ചിന്റെ തീരുമാനം പുന:പരിശോധിക്കാന്‍ ഗോമസ് തന്നെ തുടരെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. അവസരങ്ങള്‍ പാഴാക്കുന്നതിലായിരുന്നു ഗോമസ് മുന്നിട്ട് നിന്നത്. അര്‍ജന്റൈന്‍ പ്രതിരോധത്തിലെ പിഴവില്‍ നിന്ന് അരമണിക്കൂറിനുള്ളില്‍ മൂന്ന് തവണയാണ് ജര്‍മനിക്ക് തുറന്ന ഗോളവസരങ്ങള്‍ ലഭിച്ചത്.
മരിയോ ഗോമസിന്റെ മൂന്ന് ഷോട്ടുകളും പലവഴിക്ക് പുറത്തേക്ക് പോയി. ഒന്ന് അര്‍ജന്റൈന്‍ ഗോളി റോമേറോയുടെ മിടുക്ക് കൊണ്ടും നിഷേധിക്കപ്പെട്ടു. മധ്യനിര താരം ടോണിക്രൂസും സുവര്‍ണാവസരം പാഴാക്കി.

ഡി മാരിയ മാജിക്
ടോണിക്രൂസിനെ വാങ്ങിയപ്പോള്‍ റയല്‍മാഡ്രിഡ് തഴഞ്ഞ ഏഞ്ചല്‍ ഡി മാരിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറിയത് ബ്രിട്ടീഷ് റെക്കോര്‍ഡായ 59.7 ദശലക്ഷം പൗണ്ടിനായിരുന്നു. ഇത്രമാത്രം കേമനാണോ ഡി മാരിയ എന്ന മട്ടിലായിരുന്നു ഫുട്‌ബോള്‍ വിദഗ്ധരുടെ നെറ്റിചുളിക്കല്‍. ടോണി ക്രൂസ് കളിച്ച ജര്‍മനിയെ തകര്‍ത്തുവിടാന്‍ ആവനാഴിയിലെ വജ്രായുധങ്ങള്‍ ഓരോന്നോരോന്നായി പുറത്തെടുക്കുന്ന ഡി മാരിയ എണ്‍പത്താറാം മിനുട്ടില്‍ അല്‍വാരെസിന് വഴിമാറിക്കൊടുക്കും വരെ വിശ്രമമില്ലാതെ കളി നിയന്ത്രിച്ചു.
മെസിയുടെ അഭാവം അറിയിക്കാതെയാണ് ഡി മാരിയ എതിര്‍പാളയത്തിലേക്ക് ഇരച്ചുകയറിയത്. ഇരുപതാം മിനുട്ടില്‍ സെര്‍ജിയോ അഗ്യെറോക്ക് ഡി മാരിയ ഒരുക്കിയ പാസ് പ്രതിഭകള്‍ക്ക് മാത്രം സാധിക്കുന്നത്. ഓഫ് സൈഡ് കെണിയൊരുക്കി നിന്ന ജര്‍മന്‍ പ്രതിരോധനിരക്കാരെ കബളിപ്പിച്ച് കൊണ്ട് ഡി മാരിയ ഇടത് കാല്‍ കൊണ്ട് ചിപ് ചെയ്തപ്പോള്‍ പന്ത് അഗ്യുറോ നെറ്റിന്റെ റൂഫില്‍ പന്ത് കൊണ്ട് തിരയിളക്കംസൃഷ്ടിച്ചു.
ആദ്യപകുതിക്ക് അഞ്ച് മിനുട്ട് ശേഷിക്കെ ഡി മാരിയ വീണ്ടും ജര്‍മനിയെ ഞെട്ടിച്ചു. വലത് വിംഗിലൂടെ കുതിച്ച യുനൈറ്റഡ് താരം ബൈ ലൈനില്‍ വെച്ച് പന്ത് ബോക്‌സിനുള്ളില്‍ റെഡിയായി നിന്ന എറിക് ലമേലക്ക് പാസ് ചെയ്തു. പന്ത് നിലം തൊട്ടില്ല, ലമേല ക്ലിനിക്കല്‍ ഫിനിഷിംഗില്‍ ലീഡുയര്‍ത്തി. ഗോളി മാനുവല്‍ ന്യൂവര്‍ ബ്രസീല്‍ ലോകകപ്പില്‍ ആദ്യ പകുതിയില്‍ ഒരു ഗോളും വഴങ്ങിയിരുന്നില്ല. ആ പതിവ് അര്‍ജന്റീനക്കാര്‍ മാറ്റി. രണ്ടാം പകുതിയില്‍ ന്യൂവര്‍ക്ക് പകരം റോമന്‍ വീഡെന്‍ഫെലര്‍ വല കാത്തു. രക്ഷയില്ല, നാല്‍പ്പത്തേഴാം മിനുട്ടില്‍ ഡി മാരിയയുടെ മറ്റൊരു ക്രോസില്‍ ഫെര്‍നാണ്ടസിന്റെ ഹെഡറില്‍ അര്‍ജന്റീന 3-0ന് മുന്നില്‍. മൂന്ന് മിനുട്ടിനുള്ളില്‍ ഡി മാരിയയുടെ ഗോളില്‍ ജര്‍മനി പകച്ചു നിന്നു. ഈ നിമിഷത്തില്‍, ബെലൊ ഹോറിസോണ്ടെയില്‍ ബ്രസീലിനെതിരെ ജര്‍മനി ഗോള്‍വര്‍ഷം നടത്തിയതിന്റെ ദുരന്തസ്മരണയാണ് ഡസല്‍ഫോര്‍ഡിലെ ഭൂരിഭാഗം വരുന്ന ജര്‍മന്‍ കാണികളിലേക്കും പ്രവേശിച്ചത്. രണ്ട് മിനുട്ടിനുള്ളില്‍ ഷുറെയുടെ ഗോളില്‍ ജര്‍മനി ഉണര്‍ന്നു. ഗോമസിന് പകരമെത്തിയ മരിയോ ഗോസെ രണ്ടാം ഗോള്‍ നേടി ജര്‍മന്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി. പക്ഷേ, മാര്‍ട്ടിനോയുടെ ശിക്ഷണത്തില്‍ ആദ്യമായിറങ്ങിയ അര്‍ജന്റീന തോല്‍ക്കാന്‍ മാത്രം കൂട്ടാക്കിയില്ല. ഇരുപകുതികളിലുമായി റൊമേറോയും ആന്‍ഡുജാറും അര്‍ജന്റീനയുടെ വലകാത്തു. സബലെറ്റ, റോജോ, ഡെമിഷെലിസ്, ഫെര്‍നാണ്ടസ്, ബിഗ്ലിയ, മഷെറാനോ, പെരെസ്, അഗ്യുറോ, ലമേല, ഡി മാരിയ ആദ്യ ലൈനപ്പില്‍ .സബലെറ്റക്ക് പകരം കംപാഗ്നാരോയും പെരെസിന് പകരം ഫെര്‍നാണ്ടസും അഗ്യുറോക്ക് പകരം ഗെയ്റ്റാനും ലമേലക്ക് പകരം ഗാഗോയും കളത്തിലിറങ്ങി. ജര്‍മനിക്കായി ന്യുവറും വീഡല്‍ഫെലറും വലകാത്തു. ഡം, ഗ്രോറ്യൂറ്റ്‌സ്, ജിന്റര്‍, ഹൗഡസ്, റ്യൂസ്, ക്രൂസ്, ക്രാമര്‍, ഷുറെ, ഡ്രാക്‌സല്‍, ഗോമസ് ആദ്യ ലൈനപ്പില്‍. ഡ്രാക്‌സലറിന് ആദ്യപകുതിയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ലുകാസ് പൊഡോള്‍സ്‌കി കളത്തിലെത്തി. ക്രൂസിന് പകരം റൂഡിയും ഹൗഡസിന് പകരം റൂഡിഗറും രണ്ടാംപകുതിയിലെത്തി.
ഓവനെ മറികടന്ന് റൂണി
തങ്ങളുടെ അഭിമാനതട്ടകമായ വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ നോര്‍വെക്കെതിരെ ഇംഗ്ലണ്ടിന് വിജയമൊരുക്കിയത് ക്യാപ്റ്റന്‍ വെയിന്‍ റൂണിയുടെ പെനാല്‍റ്റി ഗോളായിരുന്നു.
41 ഗോളുകളോടെ റൂണി മുന്‍ സ്‌ട്രൈക്കര്‍ മൈക്കല്‍ ഓവന്റെ ഗോള്‍ റെക്കോര്‍ഡ് മറികടന്നു. ഇതിഹാസ താരം ബോബി ചാള്‍ട്ടണ്‍, ഗാരി ലിനേക്കര്‍, ജിമ്മി ഗ്രീവ്‌സ് എന്നിവര്‍ മാത്രമാണ് റൂണിക്ക് മുന്നിലുള്ളത്.വിജയിച്ചെങ്കിലും ഇംഗ്ലണ്ടിന് നിരാശയാകുന്നത് മത്സരം കാണാനെത്തിയവരുടെ എണ്ണത്തില്‍ വന്ന റെക്കോര്‍ഡ് കുറവാണ്. 2007ന് ശേഷം വെംബ്ലിയില്‍ ഏറ്റവും കുറച്ച് പേര്‍ വീക്ഷിച്ച മത്സരം ഇതായിരുന്നു. 40.186 പേരാണ് വെംബ്ലിയിലെത്തിയത്. റൂണി ക്യാപ്റ്റന്റെ റോളില്‍ ആദ്യമായിറങ്ങുന്ന മത്സരമായിട്ടും ഇംഗ്ലീഷ് ഫുട്‌ബോള്‍ പ്രേമികള്‍ ഗൗരവത്തിലെടുത്തില്ല. ലോകകപ്പില്‍ നോക്കൗട്ട് റൗണ്ട് കാണാതെ ടീം പുറത്തായതാണ് കാണികളുടെ മടുപ്പിന് കാരണം.ഈ തോതില്‍ പോകുകയാണെങ്കില്‍ 2016 യൂറോ യോഗ്യതാ റൗണ്ടിലും ഇംഗ്ലണ്ടിന്റെ മത്സരത്തിന് ആളുണ്ടാകില്ലെന്ന് കോച്ച് റോയ് ഹൊഗ്‌സന്‍ പറഞ്ഞു.
തിങ്കളാഴ്ച ബാസലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ യോഗ്യതാ മത്സരം.ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷമായിരുന്നു റൂണിയുടെ പെനാല്‍റ്റി ഗോള്‍. 4-4-2 ശൈലിയിലേക്കുള്ള മാറ്റമായിരുന്നു ഇംഗ്ലണ്ടിന്റെ പ്രത്യേകത. യോഗ്യതാ റൗണ്ടിലും ടീം ഈ ശൈലി തുടരുന്നത് ഗുണം ചെയ്യുമെന്ന് മുന്‍ ഡിഫന്‍ഡര്‍ ഫില്‍ നെവില്‍ ബിബിസി റേഡിയോ ലൈവില്‍ അഭിപ്രായപ്പെട്ടു.
ജോ ഹാര്‍ട് (ഗോളി), ബെയിന്‍സ്, ജോണ്‍സ്, സ്റ്റോണ്‍സ്, കാഹില്‍, വില്‍ഷെര്‍, സ്റ്റെര്‍ലിംഗ്, ഹെന്‍ഡേഴ്‌സന്‍, ചാംബെര്‍ലെയ്ന്‍, റൂണി, സ്റ്ററിജ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ആദ്യ ലൈനപ്പില്‍ കളിച്ചത്.ചാംബേഴ്‌സ്, ജാഗിയല്‍ക, മില്‍നര്‍, ഡെല്‍ഫ്, വെല്‍ബെക്ക്, ലാംബെര്‍ട് പകരക്കാരായെത്തി.

Latest