Connect with us

Wayanad

സി പി എം-സി പി ഐ ജനസമ്പര്‍ക്ക പരിപാടി: ഗൂഡല്ലൂരില്‍ ധര്‍ണ നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയത്തിനെതിരെ സി പി എം-സി പി ഐ പാര്‍ട്ടികള്‍ സംയുക്തമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഗൂഡല്ലൂര്‍ ബസ്റ്റാന്‍ഡിന് മുമ്പില്‍ ധര്‍ണ നടത്തി.
ധര്‍ണ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍ വാസു ഉദ്ഘാടനം ചെയ്തു. സി പി ഐ താലൂക്ക് സെക്രട്ടറി മുഹമ്മദ്ഗനി അധ്യക്ഷതവഹിച്ചു. സി പി എം ഗൂഡല്ലൂര്‍ ഏരിയാ സെക്രട്ടറി എം എ കുഞ്ഞിമുഹമ്മദ്, വി ടി രവീന്ദ്രന്‍, ടി പി അരവിന്ദാക്ഷന്‍, യോഗശശി, ഗുണശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. പച്ചതേയിലക്ക് മുപ്പത് രൂപ തറവില നിശ്ചയിക്കുക, 10 രൂപ സബ് സിഡി നല്‍കുക, എച്ച് പി എഫ് അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, കാട്ടാനാക്രമണത്തില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ക്ഷയരോഗ നിര്‍മാര്‍ജ്ജന വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ഉടന്‍ ശമ്പളം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. രാജ്യരക്ഷ, റെയില്‍വേ, എല്‍ ഐ സി എന്നിവിടങ്ങളില്‍ വിദേശ നിക്ഷേപം തുടങ്ങി. കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുത്തിരിക്കുകയാണ്. റെയില്‍വേ ചാര്‍ജ് വര്‍ധിപ്പിച്ചു. കര്‍ഷകരുടെ ആനുകൂല്യം ഇല്ലാതാക്കി. വളം, കീടനാശിനി ഉള്‍പ്പെടെയുള്ളവക്ക് വില വര്‍ധിപ്പിച്ചു.
ആവശ്യ വസ്തുക്കളുടെ വില വര്‍ധിപ്പിച്ചു. നൂറുദിന തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. വര്‍ഗീയ കലാപങ്ങള്‍ വര്‍ധിച്ചു. ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു. മതനിരപേക്ഷതയും ഫെഡറലിസവും ഐക്യവും അപകടപ്പെടുത്തുന്ന ഇടപെടലുകള്‍ സര്‍ക്കാരില്‍ നിന്നും സംഘ പരിവാറില്‍ നിന്നും ഉണ്ടാകുന്നു. ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിടാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സ്ഥലമാറ്റത്തിനും, ജോലിക്കും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നു.
ലഹരിയും മയക്ക് മരുന്ന് ഉപയോഗവും സമൂഹത്തില്‍ വര്‍ധിച്ചിരിക്കുന്നു. ലൈംഗിക പീഡനങ്ങള്‍ വര്‍ധിച്ചു. സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു. തുടങ്ങിയ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ ജനങ്ങളിലെത്തിക്കുന്നതിനാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്.

Latest