Connect with us

Kerala

ഓണത്തിനും ഓണറേറിയമില്ല; ഒന്നര വര്‍ഷമായി വേതനമില്ലാതെ ആശാ വര്‍ക്കര്‍മാര്‍

Published

|

Last Updated

കണ്ണൂര്‍: ആരോഗ്യ മേഖലയില്‍ കഠിനാധ്വാനം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ഒന്നര വര്‍ഷമായി വേതനമില്ല. കഴിഞ്ഞ വര്‍ഷം ഒമ്പത് മാസവും ഈ വര്‍ഷം എട്ട് മാസവുമായി വേതനത്തിനായി അധികൃതരുടെ വാതിലില്‍ മുട്ടുന്ന ഇവരെ പൂര്‍ണമായും സര്‍ക്കാര്‍ തഴയുകയാണ്. തുച്ഛമായ വരുമാനം പോലും കൃത്യമായി നല്‍കാത്തതിനെ തുടര്‍ന്ന് നൂറിലേറെ ആശാ വര്‍ക്കര്‍മാര്‍ ഇതിനകം തൊഴില്‍ ഉപേക്ഷിച്ചു.

2007ലാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലെയും വാര്‍ഡുകളില്‍ ആശമാര്‍ എന്ന പേരില്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചത്. 33,500 പേരാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് നിയമനം. അക്രഡിക്റ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് എന്നതിന്റെ ചുരുക്കമാണ് ആശ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരെ സഹായിക്കലാണ് ചുമതല. ഗര്‍ഭിണികളുടെ ചികിത്സാ മേല്‍നോട്ടം, പ്രായമായവരുടെ പരിചരണം, കുഞ്ഞുങ്ങളുടെ ആരോഗ്യരക്ഷാ പ്രവര്‍ത്തനം തുടങ്ങിയവയാണ് ഇവരുടെ മേല്‍നോട്ടത്തില്‍ നടത്തുന്നത്. ഇതിനൊപ്പം അങ്കണ്‍വാടികള്‍ കേന്ദ്രീകരിച്ചുള്ള ആരോഗ്യ പ്രവര്‍ത്തനത്തിനും മുന്‍കൈയെടുക്കണം. പഞ്ചായത്തുകളിലെ ശുചിത്വ സംരക്ഷണ പ്രവര്‍ത്തനവും ഇവരുടെ ചുമതലയാണ്.
തുടക്കത്തില്‍ വേതനമില്ലാതെയായിരുന്നു പ്രവര്‍ത്തനം. 2009ല്‍ മുന്നൂറ് രൂപ ഓണറേറിയം അനുവദിച്ചു. 2011ല്‍ ഇത് അഞ്ഞൂറ് രൂപയാക്കി ഉയര്‍ത്തി. പ്രത്യേക നിബന്ധനയില്ലാതെ ഓണറേറിയം നല്‍കാമെന്നായിരുന്നു തീരുമാനം. 2012ല്‍ അറുനൂറ് രൂപയായി വര്‍ധിപ്പിച്ചു. ഇതില്‍ വര്‍ധിപ്പിച്ച നൂറ് രൂപ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. 2013ല്‍ ഇത് എഴുനൂറ് രൂപയായി വര്‍ധിപ്പിച്ചെങ്കിലും ഒരു വര്‍ഷമായി തുക നല്‍കിയിട്ടില്ല. നവംബര്‍ വരെയുള്ള ഇന്‍സെന്റീവ് മാത്രമാണ് ഇതുവരെ അനുവദിച്ചത്. ഇത്തവണ ഓണത്തിനും ഓണറേറിയം ലഭിക്കാത്ത സാഹചര്യമാണുള്ളത്. പുതിയ നിബന്ധനകള്‍ വന്നതോടെ ആശമാരുടെ ജോലിഭാരം ഇരട്ടിയായിട്ടുണ്ട്.
എന്നാല്‍, അതിനനുസരിച്ച് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നിെല്ലന്ന് ആശ വര്‍ക്കേഴ്‌സ് യൂനിയന്‍ സി ഐ ടി യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി രജനീ മോഹന്‍ പറഞ്ഞു.
റിവ്യൂ മീറ്റിംഗില്‍ പങ്കെടുത്തില്ലെങ്കില്‍ വേതനം വെട്ടിക്കുറക്കുന്ന സ്ഥിതിയുണ്ട്. മൂന്ന് ദിവസം കൃത്യമായി ഫീല്‍ഡില്‍ പോകണമെന്നാണ് പുതിയ നിബന്ധന. ഈ ദിവസങ്ങളില്‍ ഹെല്‍ത്ത് സെന്ററില്‍ ഒപ്പിടണം. പ്രതിരോധ കുത്തിവെപ്പുള്ള ദിവസങ്ങളിലും ഹെല്‍ത്ത് സെന്ററിലുണ്ടാകണം.
പകര്‍ച്ചവ്യാധി വ്യാപിക്കുന്ന കാലങ്ങളില്‍ ആശമാര്‍ക്ക് വിശ്രമമുണ്ടാകില്ല. കൊതുക് നിവാരണം, കിണറുകളിലെയും വീട്ടുപരിസരങ്ങളിലെയും ക്ലോറിനേഷന്‍ എന്നിവയും ഇവരുടെ മേല്‍നോട്ടത്തില്‍ വേണം നടപ്പാക്കാന്‍. ദിവസം അമ്പതോളം വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബോധവത്കരണം നടത്തിയാല്‍ ഇരുനൂറ് രൂപയും കുട്ടികളെ രോഗപ്രതിരോധ കുത്തിവെപ്പിനെത്തിച്ചാല്‍ ഇരുപത് രൂപയും ലഭിക്കും. ക്ലോറിനേഷന് ഒരു വീടിന് അഞ്ച് രൂപയും വന്ധ്യംകരണത്തിന് പുരുഷന്മാരെ എത്തിച്ചാല്‍ 150 രൂപയും ലഭിക്കും. ഇരുപത് അമ്മമാരെ സംഘടിപ്പിച്ച് ആരോഗ്യബോധവത്കരണം നടത്തിയാല്‍ നൂറ് രൂപയാണ് പ്രതിഫലം. ആശമാരുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ശിശു മരണനിരക്കും പ്രസവ മരണനിരക്കും കുത്തനെ കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

---- facebook comment plugin here -----