Connect with us

Business

തുടര്‍ച്ചയായ ഏഴാം മാസത്തിലും തളര്‍ച്ചയറിയാതെ വിപണി

Published

|

Last Updated

ഓഹരി വിപണിയിലെ മുന്നേറ്റം തുടരുന്നു. 52 ആഴ്ചകളില്‍ 48 ശതമാനമാണ് ബോംബെ സെന്‍സെക്‌സ് കുതിച്ചത്. തുടര്‍ച്ചയായ ഏഴാം മാസത്തിലും തളര്‍ച്ച അറിയാതെ മികവ് നിലനിര്‍ത്തുകയാണ് മാര്‍ക്കറ്റ്. സാമ്പത്തിക മേഖലയില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളും കോര്‍പറേറ്റ് ഭീമന്‍മാര്‍ പുറത്തുവിട്ട മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും ധനകാര്യസ്ഥാപനങ്ങളെയും പ്രാദേശിക നിക്ഷേപകരെയും വിപണിയിലേക്ക് അടുപ്പിച്ചു.
ഓഹരി വിപണിയിലെ മുേന്നറ്റത്തിനിടയില്‍ മുന്‍ നിരയിലെ പത്ത് കമ്പനികളില്‍ അഞ്ച് എണ്ണത്തിന്റെ വിപണി മൂല്യത്തില്‍ 31,164 കോടി രൂപയുടെ വര്‍ധനവുണ്ടായി. ടി സി എസ്, ഒ എന്‍ ജി സി, ആര്‍ ഐ എല്‍, ഐ ടി സി, ഐ സി ഐ സി ഐ എന്നിവക്കാണ് നേട്ടം. ടി സി എസിന്റെ മൂല്യത്തില്‍ 12,330 കോടി രൂപ വര്‍ധിച്ചു. ഐ ടി സി 9122 കോടിയും ഒ എന്‍ ജി സി 7101 കോടിയും ഐ സി ഐ സി ഐ 2206 കോടി രൂപയും മുല്യത്തില്‍ ഉയര്‍ന്നു.
ബി എച്ച് ഇ എല്‍, ഗെയില്‍, ഒ എന്‍ ജി സി, ഐ സി ഐ സി ഐ, എല്‍ ആന്‍ഡ് ടി, ഡോ. റെഡ്ഢീസ്, സിപ്ല, ഐ ടി സി എന്നീ ഓഹരികള്‍ മികവിലാണ്. ടാറ്റാ പവര്‍ ഓഹരി വില ഏഴ് ശതമാനം ഇടിഞ്ഞു. എന്‍ ടി പി സി, സെസ സെറ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവ വില്‍പ്പന സമ്മര്‍ദത്തിലായിരുന്നു.
ബോംബെ സൂചിക പോയ വാരം 219 പോയിന്റ് ഉയര്‍ന്നു. ഒരവസരത്തില്‍ 26,319 ലേക്ക് താഴ്ന്ന ബി എസ് ഇ പിന്നീ ട് മികവ് നേടി, റെക്കോര്‍ഡായ 26,674 വരെ ഉയര്‍ന്നു. മാര്‍ക്കറ്റ് ക്ലോസിംഗ് നടക്കുമ്പോള്‍ സൂചിക 26,638 ലാണ്. സെന്‍സെക്‌സിനു ഈ വാരം 26,769-26,900 ല്‍ പ്രതിരോധവും 26,412-26,186 ല്‍ താങ്ങും പ്രതീക്ഷിക്കാം.
നിഫ്റ്റി സൂചിക താഴ്ന്ന റേഞ്ചായ 7864 ല്‍ നിന്ന് ഉയര്‍ന്ന നിലവാരമായ 7967 വരെ കയറി. വ്യാപാരാന്ത്യം നിഫ്റ്റി 7954 ലാണ്. നിഫ്റ്റിയുടെ പ്രതിവാര നേട്ടം 41 പോയിന്റ്. ഈ വാരം വിപണിയുടെ ആദ്യ ലക്ഷ്യം 8000 പോയിന്റ് മറികടക്കുകയാണ്. എന്നാല്‍ 7993 ല്‍ തടസ്സം നിലവിലുണ്ട്. ഇത് തകര്‍ക്കാനായാല്‍ തന്നെ 8032-8097 ലും പ്രതിരോധം നേരിടാം.
കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ രാജ്യത്തെ മുന്‍ നിര കാര്‍ നിര്‍മാക്കള്‍ക്ക് മേല്‍ 2545 കോടിയുടെ ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയത് ഓഹരി വിപണിയെ ഞെട്ടിച്ചു. 1346 കോടി രൂപയുടെ പിഴയാണ് ടാറ്റാ മോട്ടേഴ്‌സിനു മേല്‍ പതിഞ്ഞിട്ടുള്ളത്.
പോയ വാരം ഇടപാടുകള്‍ നാല് ദിവസങ്ങളിലായി ഒരുങ്ങി. വിനായക ചുതുര്‍ത്ഥി പ്രമാണിച്ച് വെള്ളിയാഴ്ച മാര്‍ക്കറ്റ് അവധിയായിരുന്നു. ആദ്യ മൂന്ന് ദിവസങ്ങളില്‍ വിദേശ ഓപറേറ്റര്‍മാര്‍ 782 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി. എന്നാല്‍ വാരാന്ത്യത്തില്‍ അവര്‍ ഏതാണ്ട് 711 കോടി രൂപയുടെ വില്‍പ്പന നടത്തി രംഗം വിട്ടു.

Latest