ഇറാഖില്‍ വിമതര്‍ പിടിച്ചെടുത്ത നഗരത്തില്‍ സൈനിക മുന്നേറ്റം

Posted on: September 1, 2014 12:23 am | Last updated: September 1, 2014 at 12:23 am

iraqueബഗ്ദാദ്: ഇസില്‍ വിമതര്‍ നിയന്ത്രണത്തിലാക്കിയ ആമിര്‍ലി നഗരം തിരിച്ചുപിടിക്കാനുള്ള ഇറാഖീ സൈന്യത്തിന്റെ നീക്കം പുരോഗമിക്കുന്നു. ബഗ്ദാദിനും വടക്കന്‍ നഗരമായ കിര്‍കൂക്കിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ആമിര്‍ലിയില്‍ സൈന്യത്തിന് പുറമെ കുര്‍ദിഷ് പെഷ്മര്‍ഗ പോരാളികളും സന്നദ്ധ പ്രവര്‍ത്തകരും അടക്കമുള്ള സംഘമാണ് നഗരത്തില്‍ പ്രവേശിച്ച് ആക്രമണം തുടങ്ങിയത്. ഇസില്‍ വിമതരെ തുരത്താന്‍ സാധിച്ചിട്ടുണ്ട്. ഇവിടെ രണ്ട് മാസമായി 12,000 പേരെ ഇസില്‍ ബന്ദികളാക്കിയിരിക്കുകയാണ്. ഭൂരിപക്ഷവും ശിയതുര്‍ക്ക്‌മെന്‍ വംശജരായ പ്രദേശവാസികള്‍ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ക്ഷാമം നേരിടുന്നുണ്ട്.
നഗരത്തില്‍ കടന്ന് വിമതരുടെ നിയന്ത്രണം തകര്‍ത്തതായി സൈനിക വക്താവ് ലെഫ്. ജനറല്‍ ഖാസിം അത്ത പറഞ്ഞു. ആമിര്‍ലി മേയര്‍ ആദില്‍ അല്‍ ബയാതിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിന്റെ തെക്കും വടക്കും ഭാഗങ്ങളില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വിമതര്‍ക്കെതിരെ ഇറാനിന്റെ ജെറ്റ് വിമാനങ്ങളും ആക്രമണം നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച ആമിര്‍ലിയിലെ വിമത കേന്ദ്രങ്ങളില്‍ യു എസ് സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. മൂസ്വില്‍ അണക്കെട്ടിന് സമീപത്തെ വിമത കേന്ദ്രങ്ങള്‍ക്ക് നേരെയും യു എസ് വ്യോമാക്രമണം നടത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അവശ്യ വസ്തുക്കള്‍ ആകാശമാര്‍ഗം വിതരണം നടത്തുകയും ചെയ്തു. ഇന്നലെ ബ്രിട്ടീഷ്, ഫ്രഞ്ച്, ആസ്‌ത്രേലിയന്‍ സന്നദ്ധ സംഘടനകളുടെ വിമാനങ്ങളും അവശ്യവസ്തുക്കള്‍ വിതരണം ചെയ്തിട്ടുണ്ട്. സൈന്യത്തിന്റെ ടാങ്കുകള്‍ നഗരത്തിലൂടെ റോന്ത് ചുറ്റുന്നുണ്ട്. നഗരത്തിലെ സായുധ സംഘം വിമതരുടെ ആക്രമണങ്ങള്‍ തുടക്കത്തില്‍ ചെറുത്തിരുന്നു. ഇവിടുത്തെ ഭൂരിപക്ഷത്തെയും അവിശ്വാസികളായാണ് വിമതര്‍ കണക്കാക്കുന്നത്.