എസ് എസ് എഫ് മലപ്പുറം ജില്ലാ സാഹിത്യോത്സവ്: തിരൂരങ്ങാടിക്ക് കിരീടം

Posted on: August 31, 2014 8:45 pm | Last updated: August 31, 2014 at 8:45 pm
sahithyotsav thirurangadi
എസ് എസ് എഫ് മലപ്പുറം ജില്ലാ സാഹിത്യോത്സവില്‍ ജേതാക്കളായ തിരൂരങ്ങാടി ഡിവിഷന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ട്രോഫി നല്‍കുന്നു

ഐക്കരപ്പടി: കഴിഞ്ഞ മൂന്ന് ദിവസമായി ഐക്കരപ്പടിയില്‍ നടന്നുവന്ന എസ് എസ് എഫ് 21ാമത് മലപ്പുറം ജില്ലാ സാഹിത്യോത്സവില്‍ തിരൂരങ്ങാടി ഡിവിഷന് കിരീടം. 394 പോയിന്റുമായി ഇത് പത്താം തവണയാണ് തിരൂരങ്ങാടി സാഹിത്യോത്സവ് ജേതാക്കളാകുന്നത്. 359 പോയിന്റുകള്‍ നേടി കൊണ്ടോട്ടി ഡിവിഷന്‍ രണ്ടാം സ്ഥാനവും 319 പോയിന്റുകള്‍ നേടി മഞ്ചേരി ഡിവിഷന്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. മലപ്പുറം ഡിവിഷനിലെ എന്‍ മുഹമ്മദ് മുബഷിര്‍ ആണ് കലാപ്രതിഭ. ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ട്, അറബി ഗാനം, മദ്ഹ് ഗാനം എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് മലപ്പുറം മഅദിന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥി മുബഷിര്‍ കലാപ്രതിഭയായത്. യൂനിവേഴ്‌സിറ്റി ഡിവിഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത യൂനിവേഴ്‌സിറ്റി കോ-ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ഥി ഫള്‌ലുല്‍ ഹഖ് ആണ് ക്യാമ്പസ് വിഭാഗം കലാപ്രതിഭ. 22ാമത് ജില്ലാ സാഹിത്യോത്സവിന് വളാഞ്ചേരി ഡിവിഷന്‍ ആതിഥ്യമരുളും.

മറ്റു ഡിവിഷനുകളുടെ പോയിന്റ് നില ഇങ്ങനെ: വണ്ടൂര്‍ (236), മലപ്പുറം (232), കോട്ടക്കല്‍ (223), യൂനിവേഴ്‌സിറ്റി (214), നിലമ്പൂര്‍ (202), താനൂര്‍ (170), അരീക്കോട് (149), തിരൂര്‍ (140), പെരിന്തല്‍മണ്ണ (102), പൊന്നാനി (71), വളാഞ്ചേരി (71).

സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യന് ജന്മനാ ലഭിച്ച കലാസാഹിത്യ കഴിവുകള്‍ സമൂഹനന്മക്ക് വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരില്‍ സാധാരണക്കാരായ എത്രയോ പേര്‍ക്ക് വിവിധങ്ങളായ ജന്മവാസനകള്‍ ഉണ്ടായിരുന്നു. ഈ കഴിവിലൂടെ ഉയരങ്ങളില്‍ എത്താനും അവര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ ഇതിനുള്ള വേദികള്‍ അന്നുണ്ടായിരുന്നില്ല. സാഹിത്യോത്സവ് പോലെയുള്ള വേദികള്‍ ഇത്തരം കഴിവുകള്‍ പരിപോഷിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതായി പൊന്മള ചൂണ്ടിക്കാട്ടി.

അബൂഹനീഫല്‍ ഫൈസി തെന്നല അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ട്രോഫി സമ്മാനിച്ചു. 22ാമത് മലപ്പുറം ജില്ലാ സാഹിത്യോത്സവിന് ആതിഥ്യമരുളുന്ന വളാഞ്ചേരി ഡിവിഷന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ മുഹമ്മദ് പറവൂര്‍ പതാക കൈമാറി. അബൂഹനീഫല്‍ ഫൈസി തെന്നല അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എ കെ അബ്ദുര്‍റഹ്മാന്‍ പ്രസംഗിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, ഇ കെ മുഹമ്മദ് കോയ സഖാഫി, സി കെ യു മൗലവി മോങ്ങം സംബന്ധിച്ചു. എം അബ്ദുര്‍റഹ്മാന്‍ സ്വാഗതവും സി കെ എം ഫാറൂഖ് നന്ദിയും പറഞ്ഞു.

സംസ്ഥാന സാഹിത്യോത്സവ് ഈ മാസം അഞ്ച്, ആറ് തീയതികളില്‍ കാസര്‍കോട് മഞ്ചേശ്വരം മള്ഹര്‍ ക്യാമ്പസില്‍ നടക്കും.