ആംബുലന്‍സ് ഹെലിക്കോപ്റ്ററുകള്‍ രക്ഷകരാകുന്നു

Posted on: August 31, 2014 7:03 pm | Last updated: August 31, 2014 at 7:03 pm

polceഅബുദാബി: രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 16 ആംബുലന്‍സ് ഹെലിക്കോപ്റ്ററുകള്‍ സജ്ജമാക്കിയതായി അധികൃതര്‍. പരുക്കേല്‍ക്കുന്നവരെ അതിവേഗത്തില്‍ ആശുപത്രിയിലെത്തിക്കുകയാണ് ആകാശവാഹനങ്ങളുടെ ദൗത്യമെന്ന് എയര്‍വിങ് ഡയറക്ടറും വൈമാനികനുമായ കേണല്‍ അലി മുഹമ്മദ് അല്‍മസറൂഇ അറിയിച്ചു.
ഇക്കൊല്ലം ആദ്യപകുതി പിന്നിട്ടപ്പോള്‍ അബുദാബിയില്‍ 72 അപകടങ്ങളില്‍ എയര്‍വിങ്ങിനു കീഴിലുള്ള ഹെലിക്കോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. പരുക്കേറ്റവരെ റോഡുവഴി ആശുപത്രിയിലാക്കുക ശ്രമകരവും പ്രയാസകരവുമാകുന്ന സന്ദര്‍ഭങ്ങളിലാണ് ആകാശവാഹനങ്ങളുടെ സഹായം തേടുന്നത്.
മധ്യപൗരസ്ത്യദേശങ്ങളിലെ മികച്ചതും ആദ്യത്തേതുമായ ആകാശരക്ഷാ ആംബുലന്‍സുകളാണിത്. സമയനഷ്ടം കൂടാതെ ജീവന്‍ രക്ഷിക്കുക എന്ന ദൗത്യത്തിനാണ് എയര്‍വിങ് പ്രാമുഖ്യം നല്‍കുന്നത്. എമിറേറ്റിലെ ഉള്‍വഴികളിലും പുറംപാതകളിലുമുണ്ടാകുന്ന അപകടങ്ങളില്‍ പരുക്കേറ്റവരുമായി പറക്കാന്‍ ആംബുലന്‍സുകളെത്താറുണ്ട്.
ഗുരുതരമായ അപകടങ്ങള്‍ക്കു കാരണമാകുന്നവരെ കുടുക്കാനും വഴിവെട്ടിച്ച് അപകടങ്ങളുണ്ടാക്കുന്ന നിയമലംഘകരെ സ്ഥലം വിടുന്നതിനു മുന്‍പ് നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പോലീസിനു സാധിച്ചിട്ടുണ്ട്. ഗതാഗത നിയമം തെറ്റിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒരുപരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ട്.
വിദൂരദിക്കുകളിലുണ്ടാകുന്ന അപകടങ്ങളില്‍ മാനുഷിക സഹായം എത്തിക്കാനുള്ള അതിവേഗ രക്ഷാവാഹനങ്ങളാണു ഹെലിക്കോപ്റ്ററുകള്‍. കടലിലും കരയിലും ഒരുപോലെ ഈ വാഹനങ്ങള്‍ പൊലീസിന്റെ ജീവന്‍ രക്ഷാ പേടകങ്ങളാണ്. കരമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുന്ന സന്ദര്‍ഭങ്ങളിലാണു വ്യോമവാഹനങ്ങള്‍ ഏറെ ഫലപ്രദമാകുന്നത്.
അതിനൂതന ക്യാമറകളിലൂടെയുള്ള ആകാശ നിരീക്ഷണത്തിലാണു രക്ഷാസഹായം സാധ്യമാകുന്നത്. നിലവില്‍ എട്ടു ഹെലിക്കോപ്റ്ററുകള്‍ ഇത്തരം ദൗത്യങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.
എട്ടു ഹെലിക്കോപ്റ്ററുകള്‍ കൂടി ആകാശ സേവനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ പദ്ധതിയിട്ടതായി കേണല്‍ അല്‍ മസ്‌റൂഇ വെളിപ്പെടുത്തി. ആംബുലന്‍സ്, റസ്‌ക്യു, ട്രാഫിക് സുരക്ഷ, കേസന്വേഷണം, സിഐഡി സേവനം, പോലീസിന്റെ സുരക്ഷാ സേവനവിഭാഗം, നിരീക്ഷണം എന്നീ വകുപ്പുകളിലേക്ക് എയര്‍വിങ് ആംബുലന്‍സ് സേവനം നല്‍കുന്നു.
ആവശ്യമായ ആകാശ ചിത്രങ്ങള്‍ പകര്‍ത്തി സെന്‍ട്രല്‍ പോലീസിനു കൈമാറുന്നതോടെ കേസന്വേഷണങ്ങള്‍ക്കു ദ്രുതവേഗം വരും. ഏതുസമയത്തും ജാഗ്രതയോടെ ദൗത്യനിര്‍വഹണത്തിനു സേവനനിരതമാണ് അബുദാബിയിലെ ആകാശ വാഹനങ്ങള്‍. അത്യാധുനിക മെഡിക്കല്‍ സംവിധാനങ്ങളും വഹിച്ചാണ് ഹെലിക്കോപ്റ്ററുകള്‍ ജീവന്‍ രക്ഷിക്കാനായി അപകടസ്ഥലങ്ങളില്‍നിന്നും ആശുപത്രികളിലേക്കു കുതിക്കുന്നത്.