Connect with us

Gulf

ബൃഹദ് പദ്ധതികളുടെ വൈവിധ്യങ്ങള്‍

Published

|

Last Updated

Abu-Dhabi-Midfield-Terminalദുബൈ: നിരവധി വന്‍കിട പദ്ധതികളാണ് യു എ ഇയില്‍ വരുന്നത്. ദുബൈയില്‍ ജുമൈറ ബീച്ച് റസിഡന്‍സില്‍ 600 കോടി ദിര്‍ഹം ചെലവില്‍ ബ്ലൂ വാട്ടര്‍ ഐലന്റ് പദ്ധതിയാണ് അതിലൊന്ന്. ചില്ലറ വില്‍പന കേന്ദ്രങ്ങള്‍, താമസ കേന്ദ്രങ്ങള്‍, വിനോദ സഞ്ചാരികള്‍ക്ക് ഉല്ലാസ കേന്ദ്രങ്ങള്‍ തുടങ്ങിയ ഉണ്ടാകും. ലോകത്തിലെ പൊക്കമുള്ള “തൊട്ടിലാട്ടം” ഇവിടെ സ്ഥാപിക്കും.

30 ലക്ഷം സന്ദര്‍ശകരെയാണ് പ്രതിവര്‍ഷം പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും. ഇത്തിഹാദ് റെയില്‍ പദ്ധതിയാണ് കൂട്ടത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള പദ്ധതി. 10,000 കോടി ഡോളര്‍ ചെലവു വരുമെന്നാണ് പ്രതീക്ഷ. 1,200 കിലോമീറ്ററില്‍ സഊദി അറേബ്യന്‍ അതിര്‍ത്തിയില്‍ നിന്ന് ഫുജൈറയില്‍ ഒമാന്‍ അതിര്‍ത്തിവരെ റെയില്‍ വഴി ബന്ധിപ്പിക്കപ്പെടുകയാണ്. റെയില്‍ പാളത്തിന്റെ ഒന്നാം ഘട്ടം പണി പൂര്‍ത്തിയായി. മുസഫ്ഫയെയും ദുബൈ ജബല്‍ അലിയെയും ബന്ധിപ്പിക്കുന്ന പാതയുടെ കരാര്‍ ഈ വര്‍ഷം നല്‍കും. രണ്ടു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകും.
ദുബൈയില്‍ ട്രാം പദ്ധതി രണ്ടുമാസത്തിനകം യാഥാര്‍ഥ്യമാകും. 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. ദുബൈ മറീന, ജുമൈറ എന്നിവടങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പദ്ധതി കൂടിയാണിത്.
പത്തുവര്‍ഷം മുമ്പാണ് “ദി വേള്‍ഡ് ഐലന്റ്” നഖീല്‍ വിഭാവനം ചെയ്തത്. 2009ല്‍ ആഗോള സാമ്പത്തിക മാന്ദ്യം തിരിച്ചടിയായി. എന്നാല്‍, പാം ഐലന്റിനെക്കാള്‍ മനോഹാരിതയോടെ വേള്‍ഡ് ഐലന്റ് പണി കഴിപ്പിക്കാന്‍ നഖീല്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ ഭൂഖണ്ഡത്തിന്റെ മാതൃകയില്‍ കൃത്രിമ ദ്വീപുകള്‍ സൃഷ്ടിക്കുകയാണിവിടെ.
അബുദാബിയില്‍ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ നിര്‍മാണം ദ്രുതഗതിയിലാണ്. 2017ല്‍ പൂര്‍ത്തിയാകും. വിമാനത്താവളത്തെ ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കുന്ന പണി പുരോഗമിക്കുന്നു. 18,000 ജോലിക്കാരാണ് പദ്ധതിക്കു വേണ്ടി പ്രാവര്‍ത്തിക്കുന്നത്. 42 ടവര്‍ ക്രെയിനുകളാണ് പണി സ്ഥലത്ത്.
എട്ടു കവാടങ്ങളുള്ള ടെര്‍മിനലാണ് പൂര്‍ത്തിയാകുക. എ 380 വിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ലോഞ്ചില്‍ നിന്ന് നേരെ വിമാനത്തിലേക്ക് കയറാന്‍ സൗകര്യമുണ്ടാകും.
ദുബൈ കനാല്‍ പദ്ധതി, ദുബൈയുടെ മുഖച്ഛായ മാറ്റും. ഇതോടൊപ്പം ദുബൈ ക്രീക്ക് നവീകരണ പദ്ധതിയും നടപ്പാക്കുന്നു.

 

Latest