ഷോക്കേറ്റ യുവാവിനെ ഹെല്‍മെറ്റെറിഞ്ഞ് രക്ഷപ്പെടുത്തി

Posted on: August 31, 2014 10:56 am | Last updated: August 31, 2014 at 10:56 am
SHARE

helmetവടകര: ഓര്‍ക്കാട്ടേരി ടൗണില്‍ പരസ്യബാനര്‍ കെട്ടുന്നതിനിടെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഷോക്കേറ്റ യുവാവിന് അതുവഴി വന്ന ചെറുപ്പക്കാരന്റെ സമയോചിതമായ നീക്കം രക്ഷയായി. വടകര മേപ്പയില്‍ പച്ചക്കറി മുക്കിലെ വിനൂപ് (21) ആണ് ഷോക്കേറ്റ് ട്രാന്‍സ്‌ഫോര്‍മറില്‍ കുരുങ്ങിക്കിടന്നത്. മരണത്തെ മുഖാമുഖം കണ്ട് പിടഞ്ഞുകൊണ്ടിരുന്ന വിനൂപിനെ രക്ഷിക്കാന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഒന്നും ചെയ്യാനാകാതെ സ്തംഭിച്ചുനില്‍ക്കുകയായിരുന്നു. അതിനിടെ അവിടെയെത്തിയ ബൈക്ക് യാത്രക്കാരനായ എടച്ചേരി സ്വദേശി വിനോദ് സവിധം തന്റെ തലയിലുള്ള ഹെല്‍മറ്റ് ഊരിയെടുത്ത് വിനൂപിനെ എറിയുകയായിരുന്നു. ഏറിന്റെ ശക്തിയില്‍ വിനൂപിന്റെ കൈ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് വിട്ടുപോകുകയും രക്ഷപ്പെടുകയുമായിരുന്നു. ഇന്നലെ കാലത്ത് 10.30ഓടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ വിനൂപിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.