Connect with us

Ongoing News

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

Published

|

Last Updated

india

നോട്ടിംഗ്ഹാം: “ട്രെന്റ്ബ്രിഡ്ജില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ വിജയം. 228 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ ഏഴ് ഓവര്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. ടെസ്റ്റ് പരമ്പരയില്‍ കനത്ത പരാജയം നേരിട്ടതിനാല്‍ ഏകദിന പരമ്പര വിജയത്തോടെയല്ലാതെ നാട്ടില്‍ തിരിച്ചെത്തിയാല്‍ വിമര്‍ശന ശരങ്ങള്‍ ധാരാളം നേരിടേണ്ടി വരുമെന്ന ചിന്തയാല്‍ ജയത്തില്‍ കുറഞ്ഞ ഒന്നും ഇന്ത്യ പ്രതീക്ഷിച്ചില്ല. വിജയലക്ഷ്യം കുറഞ്ഞ സ്‌കോറായതു കൊണ്ട് തന്നെ കരുതിയാണ് ഇന്ത്യ കളിച്ചത്. നല്ല തുടക്കം നല്‍കി അജിങ്ക്യ രഹാനെയും ശിഖര്‍ ധവാനും ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാല്‍ സ്‌കോര്‍ 37ല്‍ നില്‍ക്കെ 16 റണ്‍സോടെ ധവാന്‍ പുറത്തായപ്പോള്‍ തുടരെ വിക്കറ്റുകള്‍ പൊഴിയുമോ എന്ന് ഇന്ത്യ ഭയന്നു: എന്നാല്‍ അതുണ്ടായില്ല. പിന്നീട് വന്ന കോഹ്‌ലി ശ്രദ്ധിച്ചു കളിച്ചു തുടങ്ങിയതോടെ സ്‌കോര്‍ മെല്ലെ മുന്നോട്ടു നീങ്ങി. ടെസ്റ്റിലെ ദയനീയ പ്രകടനത്തിന്റെ പേരില്‍ വിമര്‍ശന വിധേയനായ കോഹ്‌ലിക്ക് ഈ പ്രകടനം ജീവ വായുവായി.
സ്‌കോര്‍ 85ല്‍ നില്‍ക്കെ രഹാനെ പുറത്തായെങ്കിലും മൂന്നാമനായി ഇറങ്ങിയ അമ്പാട്ടി റായ്ഡു “ടീം സാന്നിധ്യം ന്യായികരിക്കുന്ന രീതിയില്‍ ബാറ്റ് വീശി. 40 റണ്‍സെടുത്ത കോഹ്‌ലിയെ സ്റ്റോക്‌സ് വിക്കറ്റിനുമുന്നില്‍ കുടുക്കിയെങ്കിലും പിന്നീട് വന്ന റെയ്‌നയെ കൂട്ടുപിടിച്ച് റായ്ഡു സ്‌കോര്‍ ഉയര്‍ത്തി. സകോര്‍ 207ല്‍ നില്‍കെ റെയ്‌ന ട്രെഡ്‌വെല്ലിന് കീഴടങ്ങി. എന്നാല്‍ ജഡേജയെ കൂട്ട് പിടിച്ച് കൂടുതല്‍ നഷ്ടം കൂടാതെ റായ്ഡു ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന രീതിയില്‍ ബൗളര്‍മാര്‍ പന്തെറിയുക കൂടി ചെയ്തപ്പോള്‍ ഇംഗ്ലണ്ടിനെ 227 എന്ന താരതമ്യേന കുറഞ്ഞ സ്‌കോറില്‍ പുറത്താക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ധോണി മികച്ച ക്യാപ്റ്റന്‍ മാത്രമല്ല ലോകനിലവാരത്തിലുള്ള വിക്കറ്റ് കീപ്പര്‍ കൂടിയാണെന്ന് നിരവധി തവണ തെളിയിച്ചിട്ടുണ്ട് അത്തരത്തില്‍ വീണ്ടുമൊരിക്കല്‍കൂടി വിക്കറ്റിന് പിന്നില്‍ ധോണി കഴിവ് തെളിയിച്ചപ്പോള്‍ ബൗളര്‍മാര്‍ക്കും അത് സഹായകമായി. നന്നായി തന്നെ കളിച്ചു തുടങ്ങിയ ഇംഗ്ലണ്ടിന് പിന്നീടങ്ങോട്ട് താളം പിഴക്കുകയായിരുന്നു. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 82 റണ്‍സ് പിറന്നുവെങ്കിലും ആദ്യ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് ഭയചകിതരായി. കഴിഞ്ഞ കളിയുടെ ആവര്‍ത്തനമാവുമോ എന്ന ഭയം ഇംഗ്ലണ്ടിനെ പിടികൂടിയെന്ന് തോന്നിച്ചു. ആദ്യ വിക്കറ്റ് വീണ ശേഷം പിന്നീട് ഇടവേളകളില്‍ തുടര്‍ച്ചയായി വിക്കറ്റ് വീണതോടെ വലിയ കൂട്ടുകെട്ടുകളുണ്ടാക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമവും പാളി. കഴിഞ്ഞ കളിയില്‍ ജഡേജ നിര്‍വഹിച്ച റോള്‍ ഈ മാച്ചില്‍ അശ്വിന്‍ ഏറ്റെടുത്തു. 39 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടക്കാരില്‍ അശ്വിന്‍ മുമ്പനായി. ഷാമിയും ജഡേജയും റെയ്‌നയും ഭുവനേശ്വര്‍ കുമാറും റായ്ഡുവും ഒ#ാരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇംഗ്ലണ്ട് നിരയില്‍ ബെല്ലും ബട്ട്‌ലറും ട്രെഡ്‌വെല്ലും പൊരുതി നോക്കുവാന്‍ തുനിഞ്ഞുവെങ്കിലും കൂട്ടിനായി ആരുമില്ലാത്തത് തിരിച്ചടിയായി. വന്നവര്‍ വന്നവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കാതെ വന്നതും ഇന്ത്യന്‍ ബൗളര്‍മാരുടെ പന്തുകള്‍ക്ക് കൃത്യതവര്‍ദ്ധിച്ചതും എല്ലാം ഇംഗ്ലണ്ടിനെ 227ല്‍ ഒതുക്കി.