Connect with us

Malappuram

ഹോട്ടലുകളില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന

Published

|

Last Updated

പെരിന്തല്‍മണ്ണ: നഗരസഭാ ഹെല്‍ത്ത് സ്‌ക്വാഡ് 18 ഓളം വരുന്ന സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.
ബൈപ്പാസ് റോഡ്, മാനത്ത്മംഗലം, ഊട്ടി റോഡ്, മണ്ണാര്‍ക്കാട് റോഡ്, മനഴി ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലെ ഹോട്ടല്‍, കാന്റീന്‍, ടീസ്റ്റാള്‍, ബേക്കറി എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ മനുഷ്യോപയോഗ യോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് 6000 രൂപ പിഴ ചുമത്തുകയും ചെയ്തു. ന്യൂനതകള്‍ പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കി.
കൂടാതെ നിരോധിക്കപ്പെട്ട 40 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് പിടിച്ചെടുത്ത് പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധനങ്ങള്‍ കര്‍ശനമായി തുടരും. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി കെ ബുധരാജ്, ജെ എച്ച് ഐ കെ പി സലീം, സി റഫീഖ്, ജി രാജേഷ്‌കുമാര്‍, ടി രാജീവന്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
കാളികാവ്: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ കാളികാവ് പഞ്ചായത്തിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തി. സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ചില സ്ഥാപനങ്ങളില്‍ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു.
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഹോട്ടല്‍ സംഘം അടച്ചുപൂട്ടി. സ്ഥാപന ശുചിത്വം, ഭക്ഷണം- കുടിവെള്ള ശുചിത്വം എന്നിവ കര്‍ശനമായി പരിശോധിക്കുവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍, പുകയില നിയന്ത്രണത്തിന്റെ ഭാഗമായി നിയമാനുസൃത മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും പിഴ ഈടാക്കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മുഹമ്മദലി, എ പി പ്രമോദ് കുമാര്‍, വി ഇന്ദുലാല്‍ നേതൃത്വം നല്‍കി
വണ്ടൂര്‍: സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വണ്ടൂരില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് വര്‍ഷങ്ങളായി അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന പൈല്‍സ് ചികിത്സ നടത്തുന്ന ക്ലിനിക്ക്, ശുചീകരണ സൗകര്യമില്ലാതെ നടത്തിയ രണ്ട് പെട്ടിക്കടകള്‍ എന്നിവ അടച്ചുപൂട്ടി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ ജെ ജോസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൂടാതെ ചില കടകളില്‍ നിന്ന് പാന്‍ ഉത്പ്പന്നങ്ങളും പിടികൂടി.
ഇവര്‍ക്ക് നോട്ടീസ് നല്‍കി. വണ്ടൂര്‍-കാളികാവ് റോഡിലെ രാഹുല്‍ പൈല്‍സ് ക്ലിനിക്കാണ് അടച്ചുപൂട്ടിയത്. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. പത്താംക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത ബംഗാള്‍ സ്വദേശികളടക്കമുള്ളവരായിരുന്നു രോഗികളെ ചികിത്സിച്ചിരുന്നത്. സ്ഥാപനം ഉടന്‍ തന്നെ അടച്ചുപൂട്ടാന്‍ ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി.
മണലിമ്മല്‍ സ്റ്റാന്റ് പരിസരത്ത് ഷെഡ് കെട്ടി ശുചീകരണ സൗകര്യങ്ങളൊന്നുമില്ലാതെ നടത്തിയിരുന്ന രണ്ട് പെട്ടികടകളും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും മാലിന്യ ശുചീകരണത്തിന് സൗകര്യമൊരുക്കാത്ത നിലമ്പൂര്‍ റോഡിലെ ഹോട്ടലിന് 24 മണിക്കൂറിനകം പരിഹാരം കാണാന്‍ നോട്ടീസ് നല്‍കി.
പഴകിയ ഭക്ഷണം, വൃത്തിഹീനമായ അന്തരീക്ഷം എന്നിവ കണ്ടെത്തിയ ആറ് കടകള്‍ക്കും നോട്ടീസ് നല്‍കി. നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടുത്ത തവണ അടച്ചു പൂട്ടാന്‍ നിര്‍ദേശിക്കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഐ എം വിജയന്‍, ജെ എച്ച് ഐമാരായ കെ രാമന്‍കുട്ടി, വി കെ മുഹമ്മദ് അന്‍വര്‍, ഇദ്രീസ് ശാഫി എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്.