ഗുണ്ട് ശേഖരം പിടികൂടി; വ്യാപാരി അറസ്റ്റില്‍

Posted on: August 30, 2014 8:40 am | Last updated: August 30, 2014 at 8:40 am

നാദാപുരം: റോഡില്‍ സ്‌ഫോടനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പടക്ക വ്യാപാരിയില്‍ നിന്ന് 92 ശക്തിയേറിയ ഗുണ്ടുകള്‍ പിടിച്ചെടുത്തു. ചൊക്ലിയിലെ പടക്ക വ്യാപാരി അണിയാരം പറമ്പില്‍ പി ടി ശശിയെ (50) നാദാപുരം എസ് ഐ. എം ആര്‍ ബിജുവും സംഘവും അറസ്റ്റ് ചെയ്തു. അഞ്ച് പാക്കറ്റുകളാക്കി സൂക്ഷിച്ച ഗുണ്ട് പടക്കങ്ങള്‍ക്ക് ഉരിച്ച തേങ്ങയോളം വലിപ്പമുണ്ട്.
നാടന്‍ ബോംബിന് സമാനമാണ് ഈ ഗുണ്ടുകള്‍. കല്ലാച്ചിക്കടുത്ത മേല്‍വള്ള്യട് ക്ഷേത്രത്തിനടുത്ത റോഡില്‍ കഴിഞ്ഞ ദിവസം രാത്രി സ്‌ഫോടക വസ്തു എറിഞ്ഞു പൊട്ടിച്ച് പരിഭ്രാന്തി പരത്തിയ സംഭവത്തിലെ പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊക്ലിയിലെ കട പരിശോധിച്ചത്. ഈ കടയില്‍ നിന്നാണ് ഇവര്‍ റോഡിലെറിഞ്ഞ് പൊട്ടിച്ച സ്‌ഫോടക വസ്തു വാങ്ങിയതെന്നും ഇത്തരം സ്‌ഫോടക വസ്തു വില്‍ക്കാന്‍ പാടില്ലെന്നും പോലീസ് പറഞ്ഞു. മേഖലയുടെ പല ഭാഗത്തും റോഡിലും മറ്റും സ്‌ഫോടക വസ്തു എറിഞ്ഞ് പൊട്ടിച്ച് പരിഭ്രാന്തി പരത്താറുണ്ടെങ്കിലും തുമ്പ് കിട്ടാറില്ല.