ഗള്‍ഫിലേക്ക് വിമാന ടിക്കറ്റില്ല; കമ്പനികള്‍ ഈടാക്കുന്നത് ഇരട്ടിത്തുക

Posted on: August 30, 2014 12:16 am | Last updated: August 29, 2014 at 11:17 pm

flight ticketമലപ്പുറം: സീസണ്‍ മുതലെടുത്ത് വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയുന്നത് തുടരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് ഇത്തവണയും വിമാനക്കമ്പനികള്‍ നിരക്കുകള്‍ കൂട്ടിയിരിക്കുന്നത്. നിലവിലെ നിരക്കുകളില്‍ നിന്ന് രണ്ടിരട്ടിയോളമാണ് വര്‍ധനവ്. സെപ്തംബര്‍ ആദ്യവാരത്തിലാണ് ഗള്‍ഫിലെ സ്‌കൂളുകളെല്ലാം തുറക്കുക.

എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ബജറ്റ് എയര്‍ലൈന്‍സുകളും സ്വകാര്യ വിമാന കമ്പനികളും നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. ദുബൈയിലേക്ക് 13,000 രൂപ മുതല്‍ 22,000 രൂപ വരെയായിരുന്നു വിമാനക്കമ്പനികളുടെ നിലവിലെ നിരക്ക്. ഇത് 36,000 മുതല്‍ 45,000 രൂപ വരെയായി ഉയര്‍ത്തിയിട്ടുണ്ട്. ആഗസ്റ്റ് 15ന് ശേഷമാണ് പ്രവാസികളുടെ വയറ്റത്തടിക്കുന്ന രീതിയില്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 15,000 രൂപയുടെ ടിക്കറ്റിന് ദുബൈയിലേക്ക് ഇപ്പോള്‍ 42,455 രൂപയാണ് ഈടാക്കുന്നത്. എമിറേറ്റ്‌സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ്, ഇത്തിഹാദ് എന്നി കമ്പനികളെല്ലാം 35,000 മുതല്‍ 50,000 രൂപ വരെ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. സഊദി അറേബ്യയിലേക്ക് എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 32,000 രൂപയാണ്. ജിദ്ദയിലേക്ക് ഒമാന്‍ എയര്‍ 43,458, ഖത്തര്‍ എയര്‍വേയ്‌സ് 42,974, എമിറേറ്റ്‌സ് 45,221 രൂപയും ഈടാക്കുന്നുണ്ട്. അബൂദബിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 35,691, ഇത്തിഹാദ് 35,461 ,ഒമാന്‍ എയര്‍ 36,661, ഖത്തര്‍ എയര്‍വേയ്‌സ് 42,353 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഒരേ ക്ലാസില്‍ തന്നെ വ്യത്യസ്ത നിരക്കുകളാണ് വിമാന കമ്പനികള്‍ ചുമത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ ബുക്കിംഗായതിനാല്‍ ഓരോ സീറ്റിനും നിശ്ചയിച്ച നിരക്കുകള്‍ നല്‍കേണ്ടി വരികയാണ് യാത്രക്കാര്‍. നിരക്ക് കുത്തനെ കൂടിയെങ്കിലും യാത്രക്കാരുടെ എണ്ണത്തില്‍ തെല്ലും കുറവില്ല. ദുബൈയിലേക്കാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദിവസവും പത്ത് വിമാനങ്ങളാണ് ദുബൈയിലേക്ക് സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഇവയെല്ലാം നിറയെ യാത്രക്കാരുമായി പോകുന്നുണ്ടെങ്കിലും ഒട്ടും തിരക്കൊഴിയുന്നില്ല. ഈ അവസരമാണ് വിമാനക്കമ്പനികള്‍ മുതലെടുക്കുന്നത്. അവധികഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്ന കുടുംബങ്ങള്‍ക്കാണ് നിരക്ക് ഏറെ തിരിച്ചടിയാവുക.
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ തന്നെ മടക്ക ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് നിരക്കില്‍ ചെറിയ ആശ്വാസമുള്ളത്. വിമാനങ്ങളില്‍ പകുതി പേരും ഇത്തരത്തില്‍ റിട്ടേണ്‍ ടിക്കറ്റ് കൂടി എടുത്തവരുള്ളതിനാല്‍ പുതുതായി കൂടുതല്‍ പേര്‍ക്ക് സീറ്റ് ലഭിക്കുന്നില്ല.
സ്‌കൂളുകള്‍ തുറക്കുന്നതിനും വിസ കാലാവധി തീരുന്നതിനും മുമ്പ് ഗള്‍ഫിലെത്തേണ്ടതിനാല്‍ കൂടിയ നിരക്കില്‍ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പ്രവാസികള്‍. സെപ്റ്റംബര്‍ 15 വരെ ഈ നിരക്ക് തന്നെയായിരിക്കും കമ്പനികള്‍ ഈടാക്കുക. നേരിട്ടുള്ള വിമാനങ്ങളില്‍ വന്‍ തുക നല്‍കേണ്ടതിനാല്‍ മിക്ക യാത്രക്കാരും ഇപ്പോള്‍ കണക്ഷന്‍ ഫ്‌ളൈറ്റുകളെയാണ് ആശ്രയിക്കുന്നത്.
ബംഗളൂരു, ഗോവ, ചെന്നൈ, മംഗലാപുരം വിമാനത്താവളങ്ങളെയാണ് യാത്രക്കായി തിരഞ്ഞെടുക്കുന്നത്. ബുദ്ധിമുട്ടിയാലും ടിക്കറ്റ് നിരക്കില്‍ അല്‍പ്പം കുറവുള്ളതിനാലാണ് പ്രവാസി മലയാളികള്‍ ഈ വിമാനത്താവളങ്ങള്‍ യാത്രക്കായി തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകുന്നത്.