കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം: സി പി എം

Posted on: August 29, 2014 10:45 am | Last updated: August 29, 2014 at 10:45 am

cpmകല്‍പ്പറ്റ:പശ്ചിമ ഘട്ട പ്രദേശത്തെ പരിസ്ഥിതി സംരക്ഷണത്തിന് പര്യാപ്തമല്ലാത്തതും തദ്ദേശവാസികളുടെ ജീവിതോപാധികളെ നിഷേധിക്കുന്നതുമായ കസ്തൂരിരംഗന്‍ സമിതി റിപോര്‍ട് നടപ്പിലാക്കാമെന്ന കേന്ദ്ര സര്‍കാര്‍ തീരുമാനത്തിലും അതിന് പിന്തുണ നല്‍കുന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ നടപടിയിലും സി പി എം വയനാട് ജില്ല കമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു.
കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകളിലെ ജനജീവിതം ദുസഹമാക്കുന്ന വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തിട്ടില്ല.
ഗാഡ്ഗില്‍ റിപോര്‍ടിനെതിരെ ഉയര്‍ന്ന് വന്ന ബഹുജനപ്രതിഷേധത്തിന്റെ പേരില്‍ പശ്ചിമഘട്ടത്തിലെ ബഹു ഭൂരിപക്ഷം പ്രദേശങ്ങളെയും പരിസ്ഥിതി ചൂഷണത്തിനായി വിട്ട് നല്‍കുകയാണ് കസ്തൂരിരംഗന്‍ സമിതി ചെയ്തത്.ഈ രണ്ട് റിപോര്‍ടുകള്‍ക്കും പകരം ജനങ്ങളുടെ ജീവിതോപാധികളേയും പരിസ്ഥിതിയേയും സംരക്ഷിക്കാനുതകുന്ന ഒരു റിപോര്‍ട് വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളും വിദഗ്ധരും അടങ്ങുന്ന പുതിയ പാനലിനെ നിയോഗിച്ച് തയ്യാറാക്കണം എന്നതാണ് സിപിഐഎം നിലപാട്.കേരളത്തിലെ 123 വില്ലേജുകളില്‍ ജനജീവിതം ദുസഹമാക്കുന്ന വ്യവസ്ഥകളാണ് കസ്തുരിരംഗന്‍ റിപോര്‍ടിലുള്ളത്.വയനാട് ജില്ലയിലെ 13 വില്ലേജുകളും ഇതില്‍ ഉള്‍പ്പെടുന്നു.ഈ റിപോര്‍ട് നടപ്പാക്കാനുള്ള നരേന്ദ്ര മോഡി സര്‍കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് സി പി എം നേതൃത്വം നല്‍കും.