ഇസില്‍ തീവ്രവാദികള്‍ സിറിയന്‍ സൈനികരെ വധിച്ചു

Posted on: August 29, 2014 12:53 am | Last updated: August 29, 2014 at 12:53 am

ദമസ്‌കസ്: ഇസില്‍ തീവ്രവാദികള്‍ ഡസന്‍ കണക്കിന് സിറിയന്‍ സൈനികരെ വധിച്ചതായി റിപ്പോര്‍ട്ട്. തഖ്ബ വ്യോമത്താവളം പിടിച്ച ഇസില്‍ സംഘം ഹമയിലേക്ക് പ്രവേശിച്ചതോടെ പലായനം ചെയ്യാന്‍ ശ്രമിച്ച സൈനികരെ പിടികൂടി വധിക്കുകയായിരുന്നുവെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. 200 പേരെ വധിച്ചുവെന്നാണ് ഇസില്‍ സംഘത്തിന്റെ ട്വിറ്ററില്‍ അവകാശപ്പെടുന്നത്. തോക്കിന് മുമ്പില്‍, വിവസ്ത്രരാക്കപ്പെട്ട നൂറോളം പേര്‍ നടന്നുപോകുന്ന ചിത്രം കഴിഞ്ഞ ദിവസം ചില വെബ്‌സൈറ്റുകള്‍ പുറത്ത് വിട്ടിരുന്നു.
ആഴ്ചകള്‍ നീണ്ട രൂക്ഷ പോരാട്ടത്തിനൊടുവിലാണ് വടക്കന്‍ നഗരമായ റഖ്ഖക്കടുത്തുള്ള തന്ത്രപ്രധാനമായ തബ്ഖ വ്യോമത്താവളം ഇസില്‍ തീവ്രവാദികള്‍ പിടിച്ചത്. ഈ താവളത്തിന്റെ നിയന്ത്രണത്തിനായി നടന്ന ഏറ്റുമുട്ടലില്‍ 346 തീവ്രവാദികളും 170 സൈനികരും മരിച്ചിരുന്നു. അതേസമയം, വ്യോമത്താവളം തിരിച്ചു പിടിക്കാനുള്ള ശ്രമം സൈന്യം പുനരാംഭിച്ചിരുന്നു. എന്നാല്‍ ഇതിനിടെയാണ് ഡസന്‍കണക്കിന് സൈനികര്‍ കൊല്ലപ്പെട്ടത്. ഇത് സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ത്തിരിക്കുകയാണ്.