Connect with us

Gulf

160 കിടക്കകളോടെ ട്രോമ സെന്റര്‍ വികസിപ്പിക്കുന്നു

Published

|

Last Updated

ദുബൈ: റാശിദ് ഹോസ്പിറ്റലിന്റെ ഭാഗമായ ട്രോമ സെന്റര്‍ വികസിപ്പിക്കുന്നു. അടുത്ത വര്‍ഷം ജൂലൈയോടെയാണ് 160 കിടക്കകള്‍ കൂടി ഉള്‍പ്പെടുത്തി ട്രോമ സെന്റര്‍ വികസിപ്പിക്കുകയെന്നു ഡി എച്ച് എ (ദുബൈ ഹെല്‍ത്ത് അതോറിറ്റി) ഡയറക്ടര്‍ ജനറല്‍ ഈസ അല്‍ മൈദൂര്‍ വെളിപ്പെടുത്തി. കൂടുതല്‍ ആളുകള്‍ ട്രോമ കെയറില്‍ എത്തുന്ന സാഹചര്യം പരിഗണിച്ചാണ് ഇവിടെ വികസന പ്രവര്‍ത്തനം നടത്താന്‍ പദ്ധതി തയ്യാറാക്കിയത്.
കെട്ടിടത്തിന്റെ നിര്‍മാണ ജോലികള്‍ കഴിഞ്ഞ ജൂണില്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജൂലൈ ആവുമ്പോഴേക്കും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. ഇവര്‍ക്ക് മതിയായ സൗകര്യം ഒരുക്കുകയെന്നത് ഡി എച്ച് എയുടെ കടമയാണ്. എമിറേറ്റില്‍ നിന്നുള്ള അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ട്രോമ കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ട്രോമ സെന്ററിന്റെ ദൈന്യദിന പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലാണ് രൂപകകല്‍പ്പന ചെയ്തിരിക്കുന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട തൂണുകള്‍ ഉള്‍പ്പെടെയുള്ളവ മറ്റൊരിടത്തു നിന്നു നിര്‍മിച്ച് ഇവിടെ കൊണ്ടുവന്നു സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം 1.66 ലക്ഷം രോഗികള്‍ക്കാണ് ട്രോമ സെന്ററില്‍ ചികിത്സ നല്‍കിയത്. 2006ലാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്നുള്ളതിന്റെ ഇരട്ടിയിലധികം രോഗികളാണ് ഇപ്പോള്‍ എത്തുന്നത്. 2006ല്‍ രോഗികളുടെ എണ്ണം 86,000 മാത്രമായിരുന്നു.
ദിനേന 480നും 550നും ഇടയില്‍ രോഗികളെയാണ് ഇവിടെ ചികിത്സിക്കുന്നത്. ഈ സംഖ്യ ഇനിയും ഉയരും. റാശിദ് ഹോസ്പിറ്റലിന്റെ ഒന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് സെന്റര്‍ വികസനം സാധ്യമാക്കുന്നത്. ആശുപത്രിയുടെ ഒന്നാം ഘട്ട വികസന മാസ്റ്റര്‍ പഌനിന് 300 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആറു പുതിയ സ്‌പെഷലൈസ്ഡ് ഹെല്‍ത്ത് സെന്ററുകളും പഞ്ചനക്ഷത്ര ഹോട്ടലും നാലു നക്ഷത്ര പദവിയുള്ള ഹോട്ടലും ജീവനക്കാരുടെ താമസത്തിനായുള്ള വില്ലകളും ഫഌറ്റുകളും മസ്ജിദും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ആശുപത്രിയുടെ മുഖ്യ കെട്ടിടം മൂന്നു ഗോപുരങ്ങളോടെ പുതുക്കി പണിയും. ഓരോ ഗോപുരത്തിനും ഏഴു നിലകളാവും ഉണ്ടാവുക. ഇവയില്‍ ഒരോന്നിലും 300 കിടക്കകള്‍ സജ്ജീകരിക്കുമെന്നും അല്‍ മൈദൂര്‍ വെളിപ്പെടുത്തി.