മോണോ റെയില്‍ ഉപേക്ഷിച്ചു: പകരം ലൈറ്റ് മെട്രോ

Posted on: August 28, 2014 1:44 pm | Last updated: August 29, 2014 at 6:51 am

mumbai monorail

തിരുവനന്തപുരം: കോഴിക്കോട്ടും തിരുവനന്തപുരത്തും സ്ഥാപിക്കാന്‍ തീരുമാനിച്ച നിര്‍ദിഷ്ട മോണോ റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണോ റെയില്‍ കോര്‍പറേഷന്‍ ബോര്‍ഡിന്റെ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
അതേസമയം, മോണോ റെയിലിന് പകരം കുറച്ചുകൂടി ചെലവ് കുറഞ്ഞ ലൈറ്റ് മെട്രോ തിരുവനന്തപുരത്തും കോഴിക്കോട്ടും നടപ്പാക്കാനാണ് നീക്കം. ഇതിനായി ഒരു മാസത്തിനകം പദ്ധതിരേഖ സമര്‍പ്പിക്കാനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ലൈറ്റ് മെട്രോ പദ്ധതിക്കായി ജപ്പാന്‍ കമ്പനിയായ ഹിറ്റാച്ചി താത്പര്യം പ്രകടിപ്പിച്ചിരുന്നു. പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോ ഓപറേഷന്‍ ഏജന്‍സിയുടെ (ജൈക്ക) വായ്പയും ലഭ്യമാക്കാമെന്ന് വാഗ്ദാനമുണ്ട്.
കൊച്ചി മെട്രോക്ക് സമാനമായി ഇരു നഗരങ്ങളിലെയും ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട പദ്ധതിയാണ് സാമ്പത്തിക ബാധ്യതയുടെ പേരില്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്. സര്‍ക്കാര്‍ 5,551 കോടി രൂപ വിഭാവനം ചെയ്തിരുന്ന പദ്ധതിക്കായി രണ്ട് തവണ ടെന്‍ഡര്‍ വിളിച്ചിരുന്നുവെങ്കിലും പദ്ധതിക്കായി കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൊംബാര്‍ഡിയര്‍ എന്ന കമ്പനി മാത്രമാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത്. അവര്‍ 10,392 കോടി രൂപയുടെ ടെന്‍ഡറാണ് വെച്ചത്. ഇത്ര വലിയ ബാധ്യത ഏറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്. മോണോ റെയില്‍ നിര്‍മാണത്തിന് ടെന്‍ഡര്‍ സമര്‍പ്പിച്ച കമ്പനി കിലോമീറ്ററിന് 288 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടതിന്റെ ഇരട്ടിയോളം വരുന്ന തുകയുടെ ഈ ബാധ്യത ഏറ്റെടുത്ത് പദ്ധതിയുമായി മുന്നോട്ടു പോകേണ്ടെന്നാണ് തീരുമാനം.
ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്ത് ഇരുപത്തിരണ്ടും കോഴിക്കോട്ട് പതിനാലും കിലോമീറ്റര്‍ മോണോ റെയില്‍ നിര്‍മിക്കാനായിരുന്നു സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നത്. ആദ്യ ഘട്ടം മോണോ റെയില്‍ ടെന്‍ഡറില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ മാസം കൂടിയ മോണോ റെയില്‍ കോര്‍പറേഷന്‍ ബോര്‍ഡ് യോഗത്തിലാണ് പദ്ധതിയിലെ മാറ്റം ചര്‍ച്ചയായത്. വിശദമായ പഠനത്തിനു ശേഷമേ ടെന്‍ഡറില്‍ തീരുമാനം പാടുള്ളൂവെന്ന് ധനകാര്യ വകുപ്പ് കൂടി മുന്നറിയിപ്പ് നല്‍കിയതോടെ മന്ത്രിമാരുടെ ഇടയിലും പദ്ധതിയുടെ കാര്യത്തില്‍ ഭിന്നത ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനം വന്നത്.
മോണോ റെയില്‍ കണ്‍സള്‍ട്ടന്‍സിയായ ഡി എം ആര്‍ സി നേരത്തെ ലൈറ്റ് മെട്രോ സാങ്കേതികവിദ്യ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലൈറ്റ് മെട്രോ പദ്ധതിയെന്ന ആശയത്തിലേക്ക് മാറാന്‍ തീരുമാനിച്ചത്.