പശ്ചിമഘട്ട സംരക്ഷണം: ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന്

Posted on: August 28, 2014 10:07 am | Last updated: August 28, 2014 at 10:07 am

WESTERN_GHATS__1126781fകോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിനായി ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന് പശ്ചിമഘട്ട ജന സംരക്ഷണ സമിതി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കില്ലെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഹരിത ട്രൈബ്യൂണലില്‍ നിലപാട് വ്യക്തമാക്കിയത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതും തുല്യമായി മലയോര ജനതയെ ദ്രോഹിക്കുന്നതാണ്. 123 വില്ലേജുകളില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടെന്ന് പഠിക്കുന്ന ആര്‍ക്കും മനസ്സിലാകും.
ഉമ്മന്‍ സമിതിയുടെ ശിപാര്‍ശ പ്രകാരം ജനവാസകേന്ദ്രങ്ങളും കൃഷിത്തോട്ടങ്ങളും കൃഷിസ്ഥലങ്ങളും പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ഉള്‍പ്പെടുത്താന്‍ പാടില്ല. 123 വില്ലേജുകള്‍ക്ക് പുറത്തുള്ള പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളും സംരക്ഷിക്കപ്പെടണമെന്നും അനധികൃതമായ പാറക്വാറികളെ നിരോധിക്കണമെന്നും പറയുന്നു.
ഇത് നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. കേരള ജൈവ വൈവിധ്യ ബോര്‍ഡ് അംഗീകരിച്ചിരിക്കുന്ന കഡസ്ട്രല്‍ മാപ്പ് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ പുനര്‍നിര്‍ണയിക്കണമെന്നും സമിതി ചെയര്‍മാന്‍ ഫാ. ആന്റണി കൊഴുവനാല്‍, ജനറല്‍ കണ്‍വീനര്‍ ഡോ. ചാക്കോ കാളംപറമ്പില്‍, സമിതി കോര്‍ഡിനേറ്റര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ അറിയിച്ചു.