Connect with us

Education

സംസ്ഥാനത്ത് അക്കാദമിക് സിറ്റി വരുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമിക് സിറ്റി സ്ഥാപിക്കാനുള്ള ശിപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. അന്താരാഷ്ട്ര നിലവാരത്തില്‍ ലോകത്ത് പലയിടത്തും പ്രവര്‍ത്തിക്കുന്ന അക്കാദമിക് സിറ്റികളുടെ മാതൃകയിലാകും സംസ്ഥാനത്തെയും അക്കാദമിക് സിറ്റി. വിജയകരമായി നടത്തപ്പെടുന്ന ദുബൈ അക്കാദമിക് സിറ്റിയാണ് കേരളം മാതൃകയായി സ്വീകരിക്കുന്നത്.
ദുബൈ മാതൃകയില്‍ അക്കാദമിക് സിറ്റി സ്ഥാപിക്കുന്നതിന് കരട് നിര്‍ദേശം സമര്‍പ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ എം ഏബ്രഹാം, കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം, ആസൂത്രണ ബോര്‍ഡ് അംഗം ജി വിജയരാഘവന്‍ എന്നിവരെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ ദുബൈ സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. അന്തര്‍ദേശീയ നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ ദുബൈ അക്കാദമിക് സിറ്റിയില്‍ 137 രാജ്യങ്ങളില്‍ നിന്നുള്ള 43,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 400 ഉന്നത വിദ്യാഭ്യാസ പ്രോഗ്രാമുകളാണ് 180 ലക്ഷം ചതുരശ്രയടി കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടെ കൈകാര്യം ചെയ്യുന്നത്.
തേഞ്ഞിപ്പലത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയില്‍ ലഭ്യമായ സ്ഥലം, കേരള യൂനിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിന് സമീപം, തിരുവനന്തപുരം നോളജ് സിറ്റിയുടെ സമീപവുമാണ് അക്കാദമിക് സിറ്റി സ്ഥാപിക്കാനായി പരിഗണിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അക്കാദമിക് സിറ്റിക്ക് റഗുലേറ്ററി അതോറിറ്റി (എ സി ആര്‍ എ)യും സിയാല്‍ മോഡലില്‍ ഇന്റര്‍നാഷണല്‍ സിറ്റി ഓഫ് കേരള ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയും ഉണ്ടാകും. കമ്പനിയില്‍ കേരള സര്‍ക്കാറിന് 26 ശതമാനം ഓഹരി വിഹിതം ഉണ്ടാകും.